SignIn
Kerala Kaumudi Online
Wednesday, 18 September 2024 7.36 AM IST

തടാകമാകാതെ,​ അരുവികളാവുക

Increase Font Size Decrease Font Size Print Page
teacher

ഡോ. എസ്. രാധാകൃഷ്ണൻ പറഞ്ഞത്, അദ്ധ്യാപകർ ഓരോരുത്തരും ഓരോ നിർമ്മാണശാലകളാകുന്നു എന്നാണ്. അദ്ധ്യാപകർ കഠിനാദ്ധ്വാനികളും വിശാലമനസ്‌കരും ആയിരിക്കണമെന്നു പറഞ്ഞതും അദ്ദേഹമാണ്. കെട്ടിനിൽക്കുന്ന ജലാശയത്തിനു പകരം ഒഴുകുന്ന അരുവിയായിരിക്കണം അവരെന്ന് ഓർമ്മിപ്പിച്ചതും മറ്റാരുമല്ല. വർഷങ്ങൾക്കു മുമ്പ് അദ്ധ്യാപകരെ സംബന്ധിച്ച് മുന്നോട്ടുവച്ച ഇത്തരം സങ്കല്പനങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൈവരുന്ന ഒരു ഘട്ടത്തിലാണ് ഈ വർഷത്തെ അദ്ധ്യാപകദിനം കടന്നുവരുന്നത്.

നിർമ്മാണശാലകളിലാണ് ജീവരാശിക്ക് ആവശ്യമായ ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്. നമ്മൾ പുറത്തുകാണുന്നത് മനോഹരമായ ഉത്പന്നങ്ങളാണെങ്കിലും, അവ രൂപപ്പെടുന്നത് ശാസ്ത്രീയ പ്രക്രിയകളിലൂടെയാണ്. പ്രക്രിയകളിൽ പിഴച്ചാൽ അത് ഉത്പന്നത്തിന്റെ ഗുണനിലവാരത്തിൽ സ്വാഭാവികമായും പ്രതിഫലിക്കും. ഉത്പന്നത്തിന്റെ പുറംമോടി നന്നാക്കാൻ പല വഴികളുണ്ടാകാം. എന്നാൽ ആന്തരിക ദൗർബല്യം പരിഹരിക്കാൻ മിനുക്കുപണികൾകൊണ്ട് ഒരിക്കലും കഴിയില്ല. അതുപോലെ പ്രധാനപ്പെട്ട ആശയമാണ്, അദ്ധ്യാപക‌‌ർ കെട്ടിനിൽക്കുന്ന ജലാശയങ്ങൾക്കു പകരം ഒഴുകുന്ന അരുവികളാകണം എന്നതും. സ്വയം നിരന്തരം നവീകരിക്കുന്ന അദ്ധ്യാപകർക്കു മാത്രമേ ഒഴുകുന്ന അരുവികളാകാൻ കഴിയൂ എന്നാണ് ഡോ. എസ്. രാധാകൃഷ്ണൻ പറഞ്ഞുവയ്ക്കുന്നത്. അതിനാകട്ടെ, കഠിനാദ്ധ്വാനവും വിശാലമനസ്‌കതയും അനിവാര്യമാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തുന്നു.

ഇന്ത്യകണ്ട ഏറ്റവും പ്രതിഭാശാലിയായ അദ്ധ്യാപകനും മികച്ച രാജ്യതന്ത്രജ്ഞനും നമ്മുടെ പ്രഥമ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനം നമുക്ക് അദ്ധ്യാപക ദിനമാണ്. അദ്ദേഹത്തിന്റെ ജന്മദിനം ആചരിക്കാൻ ശിഷ്യർ താല്പര്യപ്പെട്ടപ്പോൾ അത് വ്യക്തിപരമാകരുതെന്നും, എല്ലാ അദ്ധ്യാപകരുടേതും ആകണമെന്നുമുള്ള നിലപാടാണ് അദ്ധ്യാപക ദിനാചരണത്തിലേക്ക് നയിച്ചത്. അദ്ദേഹത്തിന്റെ കൂട്ടായ്മാ ബോധമാണ് ഇത്തരമൊരു ദിനാചരണത്തിന് നിദാനം.

കേരളത്തിന്റെ എല്ലാ നേട്ടങ്ങൾക്കുമായുള്ള പോരാട്ടങ്ങളുടെ മുൻപന്തിയിൽ ഉണ്ടായിരുന്നത് അദ്ധ്യാപകരാണ്. അദ്ധ്യാപനത്തെ കേവലം ശമ്പളം വാങ്ങുന്ന തൊഴിലിനപ്പുറം, സാമൂഹിക പ്രവർത്തനമായാണ് അദ്ധ്യാപകർ കണ്ടിരുന്നത്. ഈ മനോഭാവം കുറഞ്ഞു വരുന്നുണ്ടോ എന്ന് അദ്ധ്യാപകർ ആത്മപരിശോധന നടത്തേണ്ട ദിനം കൂടിയാണ് അദ്ധ്യാപകദിനം. മതനിരപേക്ഷത, ജനാധിപത്യം, അനുതാപം തുടങ്ങിയ മൂല്യങ്ങൾ സമൂഹത്തിന്റേതാക്കി വികസിപ്പിക്കുന്നതിൽ നമ്മുടെ അധ്യാപക ശ്രേഷ്ഠർ വഹിച്ച പങ്ക് അനന്യമാണ്.

ശാസ്ത്രവും സാങ്കേതികവിദ്യയും അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുന്ന ലോകമാണ് നമ്മുടേത്. പാഠപുസ്തകങ്ങളിലെ അറിവിനപ്പുറത്തേക്ക് കുട്ടിയുടെ അറിവിനെ വികസിപ്പിക്കുക എന്ന അതിസങ്കീർണമായ വെല്ലുവിളി ഏറ്റെടുക്കേണ്ട കാലമാണിത്. ലോകത്ത് അറിവിന്റെ തലത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ അതത് അവസരങ്ങളിൽ ഉൾക്കൊള്ളുന്ന അദ്ധ്യാപകർക്കു മാത്രമേ കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ കഴിയൂ. സാങ്കേതിക വിദ്യാരംഗത്ത് കുട്ടികൾ മുതിർന്നവരെക്കാൾ അതിവേഗം മുന്നേറുന്നു എന്ന യാഥാർഥ്യവുമുണ്ട്. ഈ യാഥാർഥ്യങ്ങളെ ഉൾക്കൊണ്ടു മാത്രമേ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായുള്ള പ്രവർത്തനങ്ങളുടെ നേതൃസ്ഥാനത്ത് അദ്ധ്യാപകർക്ക് നിലകൊള്ളാൻ കഴിയൂ.


കുട്ടികളെ അരിച്ച് പുറത്തു കളയുക എന്നത് നമ്മുടെ നയമല്ല. എല്ലാവരെയും ഉൾച്ചേർക്കുക എന്നതാണ് നമ്മുടെ നയം. എന്നാൽ ഈ പ്രവർത്തനങ്ങൾ ചില ഇടങ്ങളിലെങ്കിലും യാന്ത്രികമായാണോ നടക്കുന്നത് എന്ന ചോദ്യം ഉയർന്നുവരുന്നുണ്ട്. ദേശീയാടിസ്ഥാനത്തിൽ നടക്കുന്ന സർവേകളും പഠനങ്ങളും ഇത്തരം ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്. പാഠ്യപദ്ധതി വിഭാവനം ചെയ്ത ലക്ഷ്യങ്ങൾ അതത് ക്ലാസുകളിൽ വച്ച് എല്ലാ കുട്ടികളും നേടിയെന്ന് ഉറപ്പാക്കാൻ കഴിയണം. ഇപ്പോൾ അതിനു കഴിയുന്നില്ലെന്ന വിമർശനവുമുണ്ട്. അത് പരിഗണിക്കണം. കുട്ടികളുടെ പഠനനില അതത് ഘട്ടങ്ങളിൽ തിരിച്ചറിയാനും ആവശ്യമുള്ളവർക്ക് പഠനപിന്തുണ ഉറപ്പാക്കാനുമുള്ള ഉപാധികളായി പരീക്ഷകൾ മാറണം.

ഒരു വൈജ്ഞാനിക സമൂഹമായി പരിവർത്തിക്കാനുള്ള യജ്ഞത്തിലാണ് കേരളം. വിജ്ഞാനസമൂഹം എന്നത് നിരന്തരം അറിവ് സൃഷ്ടിക്കുന്ന സമൂഹമാണ്. അതിനു കഴിയണമെങ്കിൽ ഏറ്റവും അവസാനം കണ്ടെത്തിയ അറിവും ഉൾക്കൊള്ളാനും,​ സ്വന്തം ജീവിത സാഹചര്യത്തിൽ പ്രയോജനപ്പെടുത്താനും കുട്ടികൾക്കു കഴിയണം. പാഠപുസ്തകത്തിലെ കാര്യങ്ങൾ കാണാപ്പാഠം പഠിച്ചതുകൊണ്ട് കുട്ടികൾക്ക് അതിജീവന നൈപുണ്യം ഉണ്ടാവില്ല. ഇവിടെയാണ്, 'പഠിക്കാൻ പഠിക്കുക" എന്ന ലോകമെമ്പാടും അംഗീകരിച്ച നിലപാടിന്റെ പ്രസക്തി.

അതിന് നമ്മുടെ പഠന സമീപനം പ്രക്രിയാബന്ധിതമാകണം. സമയം ആവശ്യമുള്ള കാര്യമാണിത്. ഇതിനായി ടീച്ചറും കുട്ടിയും മുഖാമുഖ പഠനത്തിനായി പാഠ്യപദ്ധതി നിഷ്‌കർഷിച്ച സമയം ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാൻ കഴിയേണ്ടതുണ്ട്. അദ്ധ്യാപകരുടെ അവകാശ സംരക്ഷണത്തിനൊപ്പം പ്രധാനമാണ് പഠിക്കാനുള്ള കുട്ടിയുടെ അവകാശം സംരക്ഷിക്കപ്പെടുക എന്നതും. ഇതെല്ലാം തുറന്നു സംവേദിക്കുന്ന അവസരമാകണം അദ്ധ്യാപകദിനം. അദ്ധ്യാപകരെക്കുറിച്ച് രവീന്ദ്രനാഥ ടാഗോർ വിഭാവനം ചെയ്തതുകൂടി മറക്കാതിരിക്കുക: 'സർഗാത്മക സന്തോഷത്തിന്റെ വാഹകരായി പഠിതാക്കളെ മാറ്റിയെടുക്കുന്നവരാണ് അദ്ധ്യാപകർ!"

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OPINION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.