സംസ്ഥാന പൊലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളെക്കുറിച്ചും അന്വേഷണം പ്രഹസനമാക്കുന്ന നീക്കങ്ങളെക്കുറിച്ചും മുൻ അഡിഷണൽ ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയുമായ സാജൻ പീറ്റർ വിലയിരുത്തുന്നു
പൊലീസ് സേനയുടെ വിശ്വാസ്യത പോലെ പരമപ്രധാനമാണ് സംസ്ഥാനത്തെ ഭരണസംവിധാനത്തിന്റെയും വിശ്വാസ്യത. പൊലീസിനോടുള്ള വിശ്വാസം നഷ്ടമായിക്കഴിഞ്ഞാൽ ഭരണസംവിധാനത്തോടുള്ള മൊത്തത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി വേണം കരുതാൻ. ഇപ്പോൾ പൊലീസ് സേനയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെതിരെ ഒരു എം.എൽ.എ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത് സംസ്ഥാനത്തിന്റെ ഭരണസംവിധാനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്കെതിരേ ഉയർന്നിരിക്കുന്നത് ഗുരുതരമായ കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ആരോപണങ്ങളാണ്. ഇതിൽ ഡി.ജി.പി റാങ്കിൽ കുറഞ്ഞ പദവിയിലുള്ളവർ അന്വേഷണം നടത്തുന്നത് ഭരണസംവിധാനത്തിന്റെ വിശ്വാസ്യതയെ കൂടുതൽ ചോദ്യം ചെയ്യുന്നതാകും. എ.ഡി.ജി.പിക്കെതിരെ വകുപ്പുതലത്തിൽ അന്വേഷണം നടത്തണമെങ്കിൽ അത് ഡി.ജി.പി തന്നെയാണ് നടത്തേണ്ടത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഏത് ഉദ്യോഗസ്ഥനെയും വിളിച്ചുവരുത്തുന്നതിനും തെളിവ് ശേഖരിക്കുന്നതിനും ഡി.ജി.പിക്ക് പൂർണ അധികാരമുണ്ട്. അതിന് ഒരു ടീമിന്റെ ആവശ്യമില്ല.
ഡി.ജി.പിയുടെ മേൽനോട്ടത്തിലാണെങ്കിലും ജൂനിയർ ഓഫീസർമാർ അന്വേഷണം നടത്തിയാൽ അതിൽ ഇടപെടലുകളുണ്ടാകാനിടയുണ്ട്. അന്വേഷണം വസ്തുനിഷ്ഠമല്ലെന്ന ആരോപണങ്ങൾക്ക് ഇടവരും. അല്ലെങ്കിൽ തനിക്കെതിരെയുള്ള അന്വേഷണങ്ങളെ മറികടക്കാൻ കഴിവുള്ള സൂപ്പർ പവറുള്ളയാളാണ് എ.ഡി.ജി.പി എന്ന ആരോപണത്തിന് സർക്കാർ ഉത്തരം പറയേണ്ടിവരും. ഇപ്പോഴുണ്ടായ സംഭവവികാസങ്ങളിൽ ജനങ്ങൾക്ക് അങ്ങനെയൊരു സംശയമുണ്ടാകരുതെന്ന് പറയാനാവില്ലല്ലോ.
ഫോൺ ചോർത്തിയത്
ഗുരുതര കുറ്റം
ഗൗരവമേറിയ കുറ്റങ്ങൾ വെളിപ്പെടുത്താനാണെങ്കിലും ഫോൺ ചോർത്തിയെന്ന് എം.എൽ.എ പറഞ്ഞത് ശരിയെങ്കിൽ ഗുരുതരമായ കുറ്റമാണ്. ഇക്കാര്യത്തിൽ അന്വേഷണം നടക്കേണ്ടതുണ്ട്. എം.എൽ.എ പറഞ്ഞത് ഞാൻ വിശ്വസിക്കുന്നില്ല. ഏതു തരത്തിലാണ് അദ്ദേഹം ചെയ്തതെന്ന് അറിയുകയുമില്ല. ഏതു സാഹചര്യത്തിലാണെങ്കിലും മതിയായ അനുമതിയില്ലാതെ ഫോൺ ചോർത്തുന്നത് മൂന്ന് വർഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
പൊതു സുരക്ഷയെ ബാധിക്കുന്നതോ പൊതു അടിയന്തര പ്രശ്നങ്ങൾക്ക് ഇടയാക്കുന്നതോ ആയ കാര്യങ്ങളിൽ കേന്ദ്രത്തിലാണെങ്കിലും സംസ്ഥാനത്താണെങ്കിലും ആഭ്യന്തര സെക്രട്ടറിമാരാണ് ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് സെക്ഷൻ 5 പ്രകാരം ഫോൺ ചോർത്താൻ അനുമതി നൽകേണ്ടത്. പൊലീസ് ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര സെക്രട്ടറിമാർ സർക്കാർ ഉത്തരവായി അനുമതി ലഭ്യമാക്കണം. ഫോൺ ചോർത്തുന്നതിനുള്ള കാലാവധിയും ഉത്തരവിൽ വ്യക്തമാക്കണം. അത്തരം നടപടികളുണ്ടായിട്ടില്ലെങ്കിൽ എം.എൽ.എ പറഞ്ഞ ഫോൺ ചോർത്തൽ അനധികൃതമായി കണക്കാക്കേണ്ടിവരും.
മിടുക്കന്മാരെ
മാറ്റിനിറുത്തരുത്
കേന്ദ്ര സർക്കാരിന്റെ നിർണായക പദവികളിലേക്കും ചുമതലയിലേക്കും പരിഗണിക്കപ്പെട്ട നിരവധി ഉദ്യോഗസ്ഥർ നമ്മുടെ സേനയിലുണ്ട്. അങ്ങനെയുള്ളവരെ സൈഡ് ലൈൻ ചെയ്ത് ആജ്ഞാനുവർത്തികളെ മാത്രം മുൻനിര ചുമതലകൾ ഏൽപ്പിച്ചതാണ് പൊലീസിന്റെ മൂല്യച്യുതിക്ക് കാരണമായത്. മിടുക്കരായവരെ ബോധപൂർവം സൈഡ് ലൈൻ ചെയ്യുന്ന നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അത് ഒഴിവാക്കാൻ ഇച്ഛാശക്തിയുള്ള ഭരണനേതൃത്വവും രാഷ്ട്രീയമായ തിരുത്തലുകളും ഉണ്ടാകണം. രാഷ്ട്രീയ ദു:സ്വാധീനം എപ്പോഴും പൊലീസ് സേനയിൽ ഉണ്ടായിട്ടുണ്ടെങ്കിലും അത് പരിധിവിട്ട രീതിയിൽ മുന്നോട്ടുപോകുമ്പോഴാണ് കാര്യങ്ങൾ പൊതുജനങ്ങൾക്കിടയിൽ ചർച്ചയാവുകയും വിലയിരുത്തപ്പെടുകയും ചെയ്യുന്നത്.
ട്രാക്ക് റെക്കോഡ്
പരിശോധിക്കണം
ഉന്നത ഉദ്യോഗസ്ഥരുടേത് അടക്കം ട്രാക്ക് റെക്കാഡ് സൂക്ഷിക്കുകയും കാലാകാലങ്ങളിൽ പരിശോധിക്കുകയും വേണം.
ക്ലീൻ ട്രാക്ക് റെക്കാഡുള്ളവരെ മാത്രമേ മുൻനിര ചുമതലയിലേക്ക് നിയോഗിക്കാവൂ.
ആരോപണവിധേയരെ സെൻസിറ്റീവായ പദവികളിൽ നിന്ന് മാറ്റിനിറുത്തണം.
ആജ്ഞാനുവർത്തികളെയും ഇംഗിതങ്ങൾ നടത്തിക്കൊടുക്കുന്നവരെയും ഒഴിവാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |