ഇന്ത്യയിൽ സെൻസസ് കണക്കെടുപ്പ് ഏറ്റവും അവസാനമായി നടന്നത് 2011-ലാണ്. പത്തുവർഷം കഴിഞ്ഞ് 2021-ൽ നടക്കേണ്ട സെൻസസ് കൊവിഡ് ബാധ കാരണം മാറ്റിവച്ചു. ഇനി 2024 സെപ്തംബറിൽ നടക്കുമെന്നാണ് നിശ്ചയിച്ചിരുന്നതെങ്കിലും അത് നടക്കുമോയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മിഷണറാണ് സെൻസസ് നടത്തുന്നത്. പൊതുവെ പറയുമ്പോൾ രാജ്യത്തെ വിവിധ വിഭാഗങ്ങളുടെ കണക്കെടുപ്പാണ് സെൻസസ്. എന്നാൽ ഇതിന് രാഷ്ട്രീയമായും സാമൂഹ്യമായും മറ്റും വളരെയധികം പ്രാധാന്യമുണ്ട്. സംവരണത്തിന്റെ നിലനിൽപ്പു തന്നെ ഇനി വരുന്ന സെൻസസിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. കാരണം, സംവരണത്തിന്റെ അർഹത തെളിയിക്കാൻ പിന്നാക്ക സമുദായങ്ങളോട് സുപ്രീംകോടതി അവരുടെ എണ്ണം സംബന്ധിച്ച കൃത്യമായ കണക്ക് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു.
അങ്ങനെയൊരു കണക്ക് സമർപ്പിക്കാൻ ആധികാരികമായ ഒരു ഔദ്യോഗിക രേഖയും ആരുടെയും പക്കൽ ഇല്ല. സെൻസസിനൊപ്പം ഓരോരുത്തരുടെയും മതത്തിന്റെ മാത്രമല്ല ജാതിയുടെ കൂടി കണക്കെടുത്താൽ മാത്രമേ ഒ.ബി.സി വിഭാഗങ്ങൾക്ക് അങ്ങനെയൊരു കണക്ക് ലഭിക്കൂ. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി മുൻപ് പ്രതിപക്ഷത്തായിരുന്നപ്പോൾ ജാതി സെൻസസ് നടത്തുന്നതിന് അനുകൂലമായിരുന്നെങ്കിലും ഭരണത്തിലെത്തിയപ്പോൾ അതിനെ എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചുപോരുന്നത്. എന്നാൽ ലോക‌്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച സീറ്റ് ലഭിക്കാതിരുന്നത് ഈ വിഷയത്തിൽ ഒരു മാറിച്ചിന്തിക്കലിന് ബി.ജെ.പിയെ പ്രേരിപ്പിച്ചിരിക്കുകയാണെന്ന് കരുതാം. ഇന്ത്യാ സഖ്യം അവരുടെ വാഗ്ദാനങ്ങളിൽ പ്രഥമ പരിഗണന നൽകി പറഞ്ഞിരുന്നത്, അധികാരത്തിൽ വന്നാൽ ജാതി സെൻസസ് നടത്തുമെന്നാണ്.
ബി.ജെ.പിയുടെ കേന്ദ്രത്തിലെ പ്രധാന സഖ്യകക്ഷികളിലൊന്നായ നിതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു ജാതി സെൻസസിനു വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചിട്ടുള്ള പാർട്ടിയാണ്. അതിനാൽ മാറിയ സാഹചര്യത്തിൽ ബി.ജെ.പിയും ജാതി സെൻസസിനെ അനുകൂലിക്കാനാണ് സാദ്ധ്യത. സെൻസസിൽ മുസ്ളിങ്ങളുടെയും ക്രിസ്‌ത്യൻ വിഭാഗങ്ങളുടെയും പ്രത്യേക കണക്ക് എടുക്കും. എസ്.സി, എസ്.ടി വിഭാഗക്കാരെയും പ്രത്യേകം കണക്കാക്കും. ഒ.ബി.സി വിഭാഗങ്ങളുടെ പ്രത്യേക കണക്ക് എടുക്കില്ല. അവരെയെല്ലാം ഹിന്ദുക്കളായാണ് കണക്കാക്കുന്നത്. സംവരണ ആനുകൂല്യങ്ങൾക്ക് ഹിന്ദുക്കളിലെ സാമൂഹികമായും സാമുദായികമായും മറ്റും പിന്നാക്കം നിൽക്കുന്നവർക്കു മാത്രമാണ് അർഹത. അവരെ കൃത്യമായും പ്രത്യേകമായും മനസിലാക്കാനും സ്റ്റാറ്റിസ്റ്റിക്സ് തയാറാക്കാനും ജാതി സെൻസസ് അനിവാര്യമാണ്.
ജാതി സെൻസസിന് എതിരായി നിന്നിരുന്ന ആർ.എസ്.എസ് ആ നിലപാട് മാറ്റുന്നു എന്ന സൂചന നൽകുന്നതാണ് പാലക്കാട്ട് നടന്ന സമന്വയ ബൈഠക്കിനു ശേഷം വക്താവ് സുനിൽ അംബേദ്‌കർ ജാതി സെൻസസിനെ അനുകൂലിച്ച് സംസാരിച്ച വാക്കുകൾ. ഉപാധിയോടെ ജാതി സെൻസസിനെ അനുകൂലിക്കുന്ന നിലപാടിലേക്ക് ആർ.എസ്.എസ് എത്തിയിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് അത്. ക്ഷേമപ്രവർത്തനങ്ങൾക്ക്; പ്രത്യേകിച്ച്, പിന്നാക്ക വിഭാഗങ്ങളെ ഉദ്ദേശിച്ചുള്ളവയ്ക്ക് സർക്കാരിന് കണക്കുകൾ വേണ്ടിവരാമെന്നും പക്ഷേ അത് രാഷ്ട്രീയത്തിനോ തിരഞ്ഞെടുപ്പിനോ ഉള്ള ഉപകരണമാക്കി മാറ്റരുതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇനി ഇതിനനുകൂലമായ രാഷ്ട്രീയ തീരുമാനം ബി.ജെ.പിയിൽ നിന്ന് വൈകാതെ ഉണ്ടാകണം. ദശാബ്ദങ്ങളായുള്ള പിന്നാക്ക സമുദായങ്ങളുടെ ന്യായമായ ആവശ്യമാണത്. ഈ ആവശ്യം പരിഗണിക്കുന്ന തരത്തിൽ ഇപ്പോൾ ഉണ്ടാകുന്ന മാറിയ സമീപനം സ്വാഗതാർഹമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |