ന്യൂഡല്‍ഹി: പെട്രോള്‍ വില കുറയുമോയെന്ന ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതോടെയാണ് എണ്ണവില കുറയുമോയെന്ന പ്രതീക്ഷയും ഉയരുന്നത്. കഴിഞ്ഞ ഒമ്പത് മാസത്തെ വില പരിശോധിച്ചാല്‍ ഏറ്റവും താഴ്ന്ന നിലയിലാണ് വില. അതുകൊണ്ട് തന്നെ ഇപ്പോള്‍ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയ്യാറായില്ലെങ്കില്‍ അടുത്തകാലത്തൊന്നും വില കുറയ്ക്കുമെന്ന പ്രതീക്ഷയും വേണ്ട എന്നതാണ് യാഥാര്‍ത്ഥ്യം.
ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 73 ഡോളറിലേക്ക് ആണ് താഴ്ന്നിരിക്കുന്നത്. ലോക വാഹന വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കൂടുകയാണ്. ചൈനയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമായതോടെ എണ്ണ ഇറക്കുമതി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ ചൈനയിലെ സ്ഥിതി എണ്ണ വില കുറയുന്നതില്‍ പ്രധാന ഘടകമാണ്.
ലിബിയന്‍ ക്രൂഡ് ഉല്‍പാദനവും കയറ്റുമതിയും സ്തംഭിക്കാന്‍ ഇടയാക്കിയ തര്‍ക്കം പരിഹരിക്കാനുള്ള സാധ്യത വര്‍ധിച്ചതും ബ്രെന്റ് ക്രൂഡിന്റെ വില കുറയാന്‍ കാരണമായതായി വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ലിബിയയില്‍ നിന്ന് കൂടി എണ്ണ എത്തുന്നതോടെ ലഭ്യത വര്‍ധിക്കുമെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. ഒക്ടോബറോടെ ഒപ്പെക് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളും എണ്ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.
എണ്ണവില കുറഞ്ഞത് ഇന്ത്യന്‍ ഓഹരി വിപണിയില്‍ എണ്ണ വിതരണ കമ്പനികളുടെയും പെയിന്റ് കമ്പനികളുടെയും കുതിപ്പിന് ഇടയാക്കി. അതേസമയം, രാജ്യത്ത് ഇന്ധന വില കുറയ്ക്കുന്നതിന് സംസ്ഥാനങ്ങള്‍ കൂടി സഹകരിക്കണമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്. ഇന്ധന വില ജിഎസ്ടി പരിധിയില്‍ കൊണ്ടുവന്നാല്‍ വില കുറയുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇന്ധന വില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നതിനെ അനുകൂലിക്കുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |