തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി എ.ഡി.ജി.പി അജിത് കുമാർ ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായി ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കിയാൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ജയിപ്പിക്കാമെന്ന ഉറപ്പാണ് മുഖ്യമന്ത്രി നൽകിയത്. 2023ൽ തൃശൂരിൽ നടന്ന ആർ.എസ്.എസ് ക്യാമ്പിലെത്തിയപ്പോഴായിരുന്നു ചർച്ച. തൃശൂരിലെ സ്വകാര്യ ഹോട്ടലിൽ ഔദ്യോഗിക വാഹനമിട്ട ശേഷം മറ്റൊരു കാറിലാണ് എ.ഡി.ജി.പിയെത്തിയത്. ഒരു മണിക്കൂറോളം അവർ തമ്മിൽ സംസാരിച്ചു. തിരുവനന്തപുരത്തുള്ള ആർ.എസ്.എസ് നേതാവായിരുന്നു ഇടനിലക്കാരൻ.
മുഖ്യമന്ത്രിക്കായാണ് എ.ഡി.ജി.പി എം.ആർ. അജിത് കുമാർ തൃശൂർ പൂരം കലക്കിയത്. പൂരം കലക്കി ഹൈന്ദവ വികാരമുണ്ടാക്കിയാണ് ബി.ജെ.പി തൃശൂരിൽ ജയിച്ചത്. മുഖ്യമന്ത്രിയുടെ അറിവോടെ പൊലീസിനെ ഉപയോഗിച്ച് പൂരം കലക്കിയതു കൊണ്ടാണ് എ.ഡി.ജി.പി അജിത്കുമാറിനെയും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെയും സംരക്ഷിക്കുന്നത്.
എ.ഡി.ജി.പിയുടെ കുടുംബത്തിനും മൂന്ന് എസ്.പിമാർക്കുമെതിരെ അസംബന്ധം പറഞ്ഞ എസ്.പി ഇപ്പോഴും സർവീസിലുണ്ട്. രണ്ടു കൊലപാതകം ഉൾപ്പെടെയുള്ള ഭരണപക്ഷ എം.എൽ.എയുടെ വെളിപ്പെടുത്തലുകളിൽ പ്രതിപക്ഷം നിയമപരമായ പരിശോധന നടത്തുകയാണ്. ഇതേക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നാണ് യു.ഡി.എഫിന്റെ ആവശ്യമെന്നും സതീശൻ പറഞ്ഞു.
സതീശന്റേത് ഉണ്ടയില്ലാ വെടി: കെ. സുരേന്ദ്രൻ
എ.ഡി.ജി.പി എം.ആർ. അജിത് കുമാർ മുഖ്യമന്ത്രിക്കായി ആർ.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന വി.ഡി. സതീശന്റെ ആരോപണം ഉണ്ടയില്ലാ വെടിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. അജിത് കുമാർ ആർ.എസ്.എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല. തൃശൂരിൽ ബി.ജെ.പി ജയിച്ചതിന്റെ കാരണം കണ്ടുപിടിക്കാനാകാതെ പുതിയ ആരോപണം ഉന്നയിക്കുകയാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കും അജിത് കുമാറിനുമെതിരായ പി.വി. അൻവറിന്റെ ആരോപണം ഗൗരവമുള്ളതാണ്. മുഖ്യമന്ത്രിയും അൻവറും പറഞ്ഞു തീർക്കാൻ അത് സി.പി.എമ്മിന്റെ അഭ്യന്തര വിഷയമല്ല. ഇക്കാര്യത്തിൽ സി.പി.എം കേന്ദ്രകമ്മിറ്റിയിലും പി.ബിയിലുമുള്ള കേരള നേതാക്കൾ പ്രതികരിക്കാത്തതെന്തെന്നും സുരേന്ദ്രൻ ചോദിച്ചു.
സ്വേച്ഛാധിപത്യ മനോഭാവവും ഭയവുമില്ല: പി.ശശി
തനിക്ക് സ്വേച്ഛാധിപത്യ മനോഭാവവും ഭയവുമില്ലെന്ന് പി.ശശി. നിലമ്പൂർ എം.എൽ.എ പി.വി അൻവറിന്റെ ആരോപണത്തിനെതിരെ ഒരു ഇംഗ്ലീഷ് മാസികയ്ക്ക് നൽകിയ പ്രതികരണത്തിൽ അദ്ദേഹം പറഞ്ഞു. ആളുകൾക്ക് എന്തും പറയാൻ സ്വാതന്ത്ര്യവും അവകാശമുണ്ട്. ഇത് പുതിയ കാര്യമല്ല. 1980ൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായത് മുതൽ ആക്രമണങ്ങൾ നേരിട്ടിട്ടുണ്ട്. എന്നിട്ടും ഇത്രയും ദൂരമെത്തി. തനിക്കതു മതിയെന്നും വ്യക്തമാക്കി.
ജനങ്ങളുടെയും പാർട്ടിയുടെയും വികാരം: അൻവർ
ലക്ഷക്കണക്കിന് സഖാക്കൾ പറയാൻ ആഗ്രഹിച്ച കാര്യമാണ് താൻ പറഞ്ഞതെന്നും, ജനങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും വികാരം തള്ളിക്കളയാൻ കഴിയില്ലെന്നും പി.വി.
അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
താൻ നൽകിയത് തെളിവുകളിലേക്കുള്ള സൂചനയാണ്. എ.ഡി.ജി.പിയെ മാറ്റിനിറുത്തുന്നത് തീരുമാനിക്കേണ്ടത് സർക്കാരും പാർട്ടിയുമാണ്. ഹെഡ്മാസ്റ്ററെ കുറിച്ച് പരാതി വന്നാൽ പ്യൂൺ അല്ലല്ലോ അന്വേഷിക്കുക..പാർട്ടി സഖാക്കൾക്കെതിരെ പൊലീസ് വെറുതെ കേസെടുക്കുന്നു. തൃശൂർ പൂരം കലക്കുന്നു. താൻ ആരോപണമുന്നയിച്ചതിന് പിന്നാലെ പാർട്ടി ഓഫീസിൽ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചെങ്കിലും ഫോണെടുക്കാൻ തയ്യാറായില്ലെന്നും അൻവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |