കൊച്ചി: പത്തനംതിട്ട മുൻ എസ്.പി എസ്. സുജിത്ദാസിനെതിരെ ലഹരിമരുന്ന് കേസ് പ്രതിയുടെ ഭാര്യ നൽകിയ ഹർജി ഹൈക്കോടതി 25ന് പരിഗണിക്കാൻ മാറ്റി. സുജിത് എറണാകുളത്ത് നാർക്കോട്ടിക് സെൽ എ.എസ്.പിയായിരുന്നപ്പോൾ തന്റെ ഭർത്താവിനെയടക്കം കള്ളക്കേസിൽ കുടുക്കിയെന്നും ഇതിൽ സി.ബി.ഐ അന്വേഷണം വേണമെന്നുമാണ് ഒന്നാംപ്രതി സുനിൽകുമാറിന്റെ ഭാര്യ രേഷ്മയുടെ ആവശ്യം.
എന്നാൽ മാദ്ധ്യമങ്ങൾ പറയുന്നതനുസരിച്ച് കോടതിക്ക് നടപടിയെടുക്കാനാവില്ലെന്ന് ജസ്റ്റിസ് കെ. ബാബു പറഞ്ഞു. ഹർജിക്കാർ ഉദ്യോഗസ്ഥന്റെ പേരെടുത്ത് പറയുന്നതെന്തിനെന്നും കോടതി ചോദിച്ചു. സുജിത്ദാസിനെതിരെ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടുണ്ടെന്ന് ഹർജിക്കാരിയുടെ അഭിഭാഷകൻ വാദിച്ചു.
മദ്യപിച്ച് വാഹനമോടിച്ചതിനാണ് 2018 ഫെബ്രുവരിയിൽ ആലുവ എടത്തല പൊലീസ് സുനിൽകുമാറടക്കം ആറുപേരെ കസ്റ്റഡിയിലെടുത്തത്. സുജിത്ദാസിന്റെ തിരക്കഥ പ്രകാരം പ്രതികളെ ക്രൂരമായി മർദ്ദിച്ചെന്നും ഇത് മയക്കുമരുന്ന് കേസാക്കിയെന്നുമാണ് ഹർജിക്കാരിയുടെ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |