തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെതിരെ പി.വി.അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങളന്വേഷിക്കുന്ന ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് തലവനായ പ്രത്യേക സംഘം അന്വേഷണത്തിന് ആക്ഷൻ പ്ലാനുണ്ടാക്കി. ഇന്നലെ ഉച്ചയ്ക്കും വൈകിട്ടുമായി രണ്ടുതവണ യോഗം ചേർന്നു. അൻവറിന്റെ മൊഴിയെടുക്കാൻ സമയം തേടും. മൊഴിയെടുത്തശേഷം വീണ്ടും യോഗം ചേരും. തുടർന്ന് ചോദ്യാവലി നൽകി എ.ഡി.ജി.പിയുടെ മറുപടി എഴുതി വാങ്ങും.
അന്വേഷണത്തിന് ഒരുമാസത്തെ സമയമുണ്ട്. ഇതിനിടയിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകും.
15 ലക്ഷത്തിന്റെ റോപ്പ് മോഷണം, എസ്.പിയുടെ മരംമുറി തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് ആഗസ്റ്റ് 23ന് അൻവർ മലപ്പുറം എസ്.പിക്ക് നൽകിയ പരാതി, എ.ഡി.ജി.പിക്കെതിരെ അടക്കം ഉന്നയിച്ച ആരോപണങ്ങൾ, എ.ഡി.ജി.പി അജിത്കുമാർ നൽകിയ പരാതി എന്നിവയാണ് അന്വേഷിക്കുന്നത്. എസ്.പി സുജിത് ദാസിനെതിരായ മരംമുറി പരാതി തൃശൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസാവും അന്വേഷിക്കുക.
സുജിത് ദാസ് ഇന്നും റിപ്പോർട്ട് ചെയ്യണം
പത്തനംതിട്ട എസ്.പി സ്ഥാനത്ത് നിന്നു മാറ്റിയ സുജിത് ദാസ് ഇന്നലെ രാവിലെ പൊലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ചുമതല നൽകാതെ, എസ്.പിയോട് ഇന്ന് വീണ്ടും റിപ്പോർട്ട് ചെയ്യാൻ ഡി.ജി.പി നിർദ്ദേശിച്ചു. മരംമുറിക്കെതിരെ നൽകിയ പരാതി പിൻവലിക്കാൻ പി.വി.അൻവറിനോട് ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം പുറത്തു വന്നതിനെത്തുടർന്നാണ് സുജിത്തിനെ മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |