ഷിംല: എം.എൽ.എമാരുടെ കൂറുമാറ്റം തടയാൻ നിയമനിർമ്മാണവുമായി ഹിമാചൽ പ്രദേശ്. കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് അയോഗ്യരാക്കപ്പെടുന്നവർക്കുള്ള പെൻഷൻ റദ്ദാക്കാനുള്ള ബിൽ സഭയിൽ പാസാക്കി. 'ഹിമാചൽ പ്രദേശ് നിയമസഭ (അംഗങ്ങളുടെ അലവൻസുകളും പെൻഷനും) ഭേദഗതി ബിൽ 2024" എന്ന ബിൽ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു ആണ് സഭയിൽ അവതരിപ്പിച്ചത്.
ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം ഏതെങ്കിലും ഘട്ടത്തിൽ അയോഗ്യനാക്കപ്പെട്ടാൽ, നിയമപ്രകാരം ആ വ്യക്തിക്ക് പെൻഷന് അർഹതയില്ലെന്ന് കൂറുമാറ്റ നിരോധന നിയമം പരാമർശിച്ച് ബില്ലിൽ പറയുന്നു. ഫെബ്രുവരി 29ന് ക്രോസ് വോട്ട് ചെയ്ത ആറ് കോൺഗ്രസ് എം.എൽ.എമാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കിയിരുന്നു. ആറുപേരും ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും രണ്ടുപേർ മാത്രമാണ് ജയിച്ചത്.
ഇത്തരം അഴിമതിയിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാനാണ് കൂറുമാറുന്നവർ ആഗ്രഹിക്കുന്നത്. ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ ഈ ബിൽ അത്യാവശ്യമാണ്.
- സുഖ്‌വിന്ദർ സിംഗ് സുഖു
ഹിമാചൽ മുഖ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |