SignIn
Kerala Kaumudi Online
Sunday, 13 October 2024 11.11 AM IST

മകളുടെ ആഗ്രഹം തീർക്കാൻ ഏതറ്റംവരെയും പോകാൻ തയ്യാറായ ഒരു ഡിജിപി, പ്രശ്നം ഗുരുതരമായപ്പോൾ മുഖ്യമന്ത്രിയുടെ കാലുപിടിച്ചു

Increase Font Size Decrease Font Size Print Page
kerala-police

മുംബയ് അടക്കം മഹാനഗരങ്ങളിൽ പൊലീസും മാഫിയകളും കൈകോർക്കുന്ന അധോലോകമുണ്ട്. ഇതേ വഴിയിലേക്കാണ് കേരളത്തിന്റെയും പോക്ക്. ഐ.പി.എസ് നക്ഷത്രത്തിളക്കത്തിൽ മാഫിയകളെ വെല്ലുന്ന കൊള്ളയാണ് ചില ഏമാന്മാർ നടത്തുന്നത്. സുപ്രധാന ചുമതലകളുള്ള ഉദ്യോഗസ്ഥരിൽ മിക്കവരും ഒന്നാന്തരം പിരിവുകാരോ, കൊള്ളരുതായ്മകൾക്ക് കൂട്ടുനിൽക്കുന്നവരോ ആണെന്നാണ് ഏറെക്കാലമായുള്ള ആക്ഷേപം. മണ്ണ്- മണൽ മാഫിയ മുതൽ ഗുണ്ടകളടക്കം കൊടുംക്രിമിനലുകൾ വരെയുള്ളവരുമായി പൊലീസിന് അവിശുദ്ധ ബന്ധമുണ്ടെന്ന് ഇന്റലിജൻസ് മേധാവിയായിരുന്ന ടി.കെ. വിനോദ്കുമാറിന്റെ തുറന്നുപറച്ചിലിനും ഫലമുണ്ടായില്ല. സ്വർണ്ണക്കടത്ത്, ക്വാറി, മണ്ണ്, റിയൽഎസ്റ്റേറ്റ് മാഫിയകളുടെയും ഗുണ്ടാസംഘങ്ങളുടെയും തോളിൽ കൈയിട്ടാണ് ക്രിമിനൽ പൊലീസുകാരുടെ നടപ്പ്.

ഐ.പി.എസ് ഏമാന്മാരുടെ കൊള്ളയുടെ ചില സാമ്പിളുകൾ കേട്ടാൽ ആരും മൂക്കത്ത് വിരൽവച്ചുപോവും. കൊച്ചിയിലെ ഉന്നത പൊലീസുദ്യോഗസ്ഥനെ കാണാൻ ആലപ്പുഴയിലെ കോൺഗ്രസ് നേതാവിന്റെ ബിനാമിയായ ബിൽഡർ എത്തി. ഫ്ലാറ്റ് സമുച്ചയത്തിന്റെ പാർട്ണർഷിപ്പ് തർക്കം പരിഹരിക്കണമെന്നാണ് ആവശ്യം. ഇടപെടാമെന്ന് ഉറപ്പുനൽകിയ ഏമാൻ, ഒരു ഫ്ലാറ്റിന്റെ വിലയും തനിക്കുള്ള ഡിസ്കൗണ്ടുമൊക്കെ തിരക്കി. 80 ലക്ഷത്തിന്റെ ഫ്ലാറ്റ് ഏമാന് പത്തുലക്ഷം ഡിസ്കൗണ്ടിൽ നൽകാമെന്ന് ബിൽഡറുടെ മറുപടി. ഒന്നുകൂടി ചിന്തിച്ച് നാളെ വിളിക്കാൻ ഏമാന്റെ നിർദ്ദേശം. പിറ്റേന്ന് ഫ്ലാറ്റുടമ വിളിച്ചപ്പോൾ ഏമാൻ പറഞ്ഞു, ''നിങ്ങൾ ഡിസ്കൗണ്ട് നൽകാമെന്നു പറഞ്ഞ 10 ലക്ഷം ഞാൻ തരും, 70 ലക്ഷം ഡിസ്കൗണ്ടിൽ ഫ്ലാറ്റ് തരണം!"" നടപ്പില്ലെന്ന് അറിയിച്ച ബിൽഡർ പിന്നീട് കോടതിയിൽ കേസുകൊടുത്താണ് തർക്കം തീർത്തത്.

കൊച്ചിയിലെ വൻകിട ബിൽഡർ സർക്കാരിന്റെ ധനകാര്യ സ്ഥാപനത്തിലെത്തിയത് വായ്പയെടുത്ത് ഫ്ലാറ്റുണ്ടാക്കാനാണ്. പല ഗഡുക്കളായി നൽകുന്ന വായ്പാത്തുക ഒറ്റയടിക്കു നൽകാമെന്ന് ഐ.പി.എസ് ഏമാന്റെ വാഗ്ദാനം. പ്രത്യുപകാരമായി ഭാര്യയുടെ പേരിലൊരു ഫ്ലാറ്റ് നൽകണം. പരിചയക്കാരായ ഐ.പി.എസുകാരെ ബിൽഡർ ഇക്കാര്യമറിയിച്ചു. ഐ.പി.എസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ചൂടുള്ള ചർച്ചയായതോടെ ഏമാൻ കേന്ദ്ര ഡെപ്യൂട്ടേഷൻ വാങ്ങി കേരളം വിട്ടു.

തലസ്ഥാനത്തെ പ്രമുഖ ജുവലറിയിൽ നിന്ന്, ഉടമയെ വിരട്ടി 95 ശതമാനം ഡിസ്കൗണ്ടിൽ ഏഴു പവന്റെ നെക്‌ലേസ് വാങ്ങിയെടുത്തത് ഡി.ജി.പി റാങ്കിലെ ഏമാനാണ്. തിരുവനന്തപുരം എം.ജി റോഡിലെ ജുവലറിയിൽ നിന്ന് മകൾക്കായി ആന്റിക് ശ്രേണിയിൽപ്പെട്ട ഏഴു പവന്റെ നെക്‌ലേസ് തിരഞ്ഞെടുത്ത ഡിജിപി, ഗൺമാനെക്കൊണ്ട് ഡിസ്കൗണ്ട് ആവശ്യപ്പെട്ടു. അഞ്ചു ശതമാനം നൽകാമെന്ന് മാനേജർ പറഞ്ഞപ്പോൾ ജുവലറിയുടമയുടെ മകനെ കാണണമെന്ന് ഗൺമാൻ വഴി ഡി.ജി.അറിയിച്ചു. 30 ശതമാനം പണിക്കൂലിയുള്ള ആഭരണമാണെന്നും, ​ മൂന്നുലക്ഷത്തോളം സ്വർണ വിലയും ഒരുലക്ഷം പണിക്കൂലിയുമാവുമെന്നും,​ പരമാവധി 10 ശതമാനം ഡിസ്കൗണ്ട് നൽകാമെന്നും ജുലവറിയുടമയുടെ മകൻ അറിയിച്ചു.

രണ്ടുദിവസത്തിനു ശേഷം ഡി.ജി.പി ജുവലറിയിലെത്തി ആഭരണം ഫുൾ ഡിസ്കൗണ്ടിൽ (സൗജന്യമായി) നൽകണമെന്ന് ആവശ്യപ്പെട്ടു. ഡി.ജി.പി ആയതിനാൽ 50 ശതമാനം ഡിസ്കൗണ്ട് നൽകാമെന്ന് ഉടമയുടെ മകൻ അറിയിച്ചു. 'നിങ്ങൾ ചെയ്യുന്നതെല്ലാം അറിയാമെന്നും സ്വർണക്കടത്തിൽ അകത്താക്കു"മെന്നും ' ഡി.ജി.പി ഭീഷണിപ്പെടുത്തി. അ‍ഞ്ചു ശതമാനം പണം നൽകി നെക്‌ലേസുമെടുത്ത് പോയി. ഡിജിപിക്ക് 95 ശതമാനം ഡിസ്കൗണ്ടിൽ നെക്‌ലേസ് നൽകിയതായി അവർ ഇൻവോയ്സിൽ രേഖപ്പെടുത്തി. ഡി.ജി.പി ഭീഷണിപ്പെടുത്തിയതും നെക്‌ലേസുമായി പോയതുമെല്ലാം സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ജുവലറിക്കാർ തെളിവുകൾ സഹിതം മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെ ഡി.ജി.പിയുടെ കസേരതെറിച്ചു. ക്രിമിനൽ കേസെടുക്കാൻ ചീഫ്സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും സർക്കാരിന് ശുപാർശ നൽകിയെങ്കിലും മുഖ്യമന്ത്രിയുടെ കാലുപിടിച്ചാണ് ഏമാൻ രക്ഷപ്പെട്ടത്.

കൊള്ളക്കാർക്ക് സല്യൂട്ടടിക്കും

വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവരുന്ന സ്വർണം പിടികൂടി തട്ടിയെടുക്കുന്നെന്ന ആരോപണത്തിൽ മലപ്പുറം ജില്ലാ പൊലീസ് മേധാവിയായിരുന്ന സുജിത്ത് ദാസിനെതിരേ കസ്റ്റംസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കള്ളക്കടത്തുകാരെ പിന്തുടർന്ന് പിടികൂടുന്നതിൽ പകുതി സ്വർണം പൊലീസ് അടിച്ചുമാറ്റുന്നെന്നാണ് പി.വി.അൻവർ എം.എൽ.എയുടെ പരാതി.

അധോലോകത്തെ വെല്ലുന്ന ഇടപാടുകളാണ് പൊലീസിന്റെ സ്വർണവേട്ടയിൽ. കഴിഞ്ഞവർഷം മാത്രം 200 കോടി വിലയുള്ള 298 കിലോ സ്വർണമാണ് കരിപ്പൂരിൽ മാത്രം പിടിച്ചത്. ഇതിൽ 28 കിലോ പിടിച്ചത് മലപ്പുറത്തെ പൊലീസ്. 40 മുതൽ 60 ശതമാനം വരെ സ്വർണം പൊലീസ് അടിച്ചുമാറ്റുന്നെന്ന അൻവറിന്റെ പരാതി ശരിയെങ്കിൽ സംഗതി ഗുരുതരം.

മലപ്പുറത്തെ ഡാൻസാഫ് സ്ക്വാഡ് പോലെ എറണാകുളത്തെ റൂറൽ ടൈഗർ ഫോഴ്സിന്റെ ക്രൂരതയ്ക്ക് ഇരയായ യുവാവാണ് ശ്രീജിത്ത്. ആളുമാറി കസ്റ്റഡിയിലെടുക്കപ്പെട്ട്, വാരാപ്പുഴ സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിത്തിന്റെ ബന്ധുക്കളിൽ നിന്ന് സി.ഐയ്ക്കെന്ന പേരിൽ കാൽലക്ഷം കോഴ വാങ്ങിയതിന് പൊലീസുകാരൻ അറസ്റ്റിലായിരുന്നു.

ഒരുവർഷമായി; മാമി എവിടെ?​

ഒരു വൻകിട രജിസ്ട്രേഷൻ നടത്താനുണ്ടെന്ന് പറഞ്ഞ് കഴിഞ്ഞവർഷം ആഗസ്റ്റ് 21ന് വീട്ടിൽ നിന്നുപോയ കോഴിക്കോട്ടെ പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മുഹമ്മദ് ആട്ടൂർ (മാമി) ഇതുവരെ തിരിച്ചെത്തിയിട്ടില്ല. മാമി നടത്തിയ കോടികളുടെ ഇടപാടുകൾ പിന്തുടർന്ന് ഒരു തുമ്പുമുണ്ടാക്കാനാവാതെ വിയർക്കുകയാണ് പൊലീസ്.

നടക്കാവ് സി.ഐയും കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുമൊക്കെ അന്വേഷിച്ചെങ്കിലും മാമി എവിടേയ്ക്കോ ഓടിപ്പോയെന്നായിരുന്നു നിഗമനം. സി.ബി.ഐ, ക്രൈംബ്രാഞ്ച് അന്വേഷണം തേടി ബന്ധുക്കൾ മുഖ്യമന്ത്രിയെ കണ്ട് കോഴിക്കോട്ടെത്തും മുൻപ് എ.ഡി.ജി.പി എം.ആർ.അജിത്കുമാർ പുതിയ അന്വേഷണസംഘം രൂപീകരിച്ചു. ഇതിൽ എസ്.പിയൊഴിച്ച് എല്ലാവരും പഴയ സംഘത്തിലുള്ളവർ.

റിയൽ എസ്റ്റേറ്റിലും വ്യാപാര സമുച്ചയങ്ങളിലും നിക്ഷേപമുണ്ടായിരുന്ന മാമിക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. എന്നാൽ അന്വേഷണത്തിൽ എ.ഡി.ജി.പിയടക്കം വ്യക്തമായ താത്പര്യത്തോടെ ഇടപെട്ടെന്നാണ് മകൾ അദീബയുടെ ആരോപണം. ശാസ്ത്രീയ അന്വേഷണത്തിനു പോലും തുനിയാതെ മാമിയുടെ തിരോധാനം പൊലീസ് അട്ടിമറിച്ചതിന് കാരണമെന്തെന്ന് ഇനിവേണം അറിയാൻ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, KERALA POLICE, DGP, CORRUPTION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.