കൊച്ചി : നിവിൻ പോളിക്കെതിരായ പീഡനപരാതി വ്യാജമെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ പറഞ്ഞു. പരാതിയിൽ ആരോപിക്കുന്ന ദിവസങ്ങളിൽ നിവിൻ തനിക്കൊപ്പം ഷൂട്ടിലായിരുന്നുവെന്നും ദുബായിൽ അല്ലായിരുന്നുവെന്നും വിനീത് പറഞ്ഞു. താൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന്റെ ഷൂട്ടിലായിരുന്നു താരമെന്നാണ് വിനീത് പറയുന്നത്. ഇതിനുള്ള ഡിജിറ്റൽ തെളിവുകൾ അടക്കം ഹാജരാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
നംവബർ, ഡിസംബർ മാസങ്ങളിലായി തന്നെ ദുബായിൽ വച്ച് നിവിൻ പോളിയടക്കമുള്ള ഒരു സംഘം ആളുകൾ പീഡിപ്പിച്ചെന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. കോതമംഗലം ഊന്നുകൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രത്യേക അന്വേഷണ സംഘം നടപടി തുടങ്ങാനിരിക്കെയാണ് നിവിന് പിന്തുണയുമായി കൂടുതൽ പേർ രംഗത്ത് വരുന്നത്. എന്നാൽ പീഡനം നടന്ന ദിവസങ്ങൾ ഓർമ്മയില്ലെന്നാണ് പരാതിക്കാരിയുടെ മൊഴി. ഇക്കാര്യത്തിൽ അന്വേഷണ സംഘത്തിന് വിശദമായ മൊഴി നൽകുമെന്നും അവർ വ്യക്തമാക്കിയിരുന്നു,
ബലാത്സംഗം അടക്കം ഗുരുതര വകുപ്പുകൾ ചുമത്തിയാണ് ഊന്നുകൽ പൊലീസ് നിവിൻ പോളിക്കും മറ്റ് അഞ്ചുപേർക്കും എതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആരോപണങ്ങൾ അസത്യമാണെന്നും എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും നടൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. പരാതിക്കാരിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കേസിലെ രണ്ടാംപ്രതി എം.കെ. സുനിലും വ്യക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |