കുന്നംകുളം: അനധികൃതമായി പ്രവർത്തിച്ച ഹോട്ടൽ കുന്നംകുളം നഗരസഭ ആരോഗ്യവിഭാഗവും കുന്നംകുളം പൊലീസും ചേർന്ന് അടപ്പിച്ചു. യേശുദാസ് റോഡിൽ പ്രവർത്തിച്ച കഫെ അങ്ങാടി ഹോട്ടലാണ് കേരള മുൻസിപ്പാലിറ്റി നിയമം ലംഘിച്ച് ഭക്ഷണം പാകം ചെയ്ത വിതരണം ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടതോടെ നഗരസഭ ആരോഗ്യവിഭാഗം അടച്ചുപൂട്ടി നോട്ടീസ് പതിച്ചത്.
കഴിഞ്ഞ ആഗസ്റ്റ് 16 മുതൽ മുനിസിപ്പാലിറ്റി നിയമം ലംഘിച്ചാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്ന് നഗരസഭ ആരോഗ്യവിഭാഗം കണ്ടെത്തി. സംഭവത്തിൽ നഗരസഭ ആരോഗ്യവിഭാഗത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച വൈകിട്ട് സ്ഥലത്തെത്തിയ കുന്നംകുളം നഗരസഭ ആരോഗ്യവിഭാഗവും കുന്നംകുളം പൊലീസും ചേർന്ന് ഹോട്ടലിന് മുൻപിൽ നോട്ടീസ് പതിക്കുകയും ഹോട്ടൽ അടച്ചുപൂട്ടുകയും ചെയ്തത്. ക്ലീൻ സിറ്റി മാനേജർ ആറ്റ്‌ലി പി.ജോൺ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി.എ.വിനോദ്, കെ.രഞ്ജിത്ത്, എസ്.രശ്മി, കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ.ഷാജഹാന്റെ നിർദ്ദേശപ്രകാരം കുന്നംകുളം സബ് ഇൻസ്‌പെക്ടർ ബിജു, സിവിൽ പൊലീസ് ഓഫീസർ രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |