വിഴിഞ്ഞം (തിരുവനന്തപുരം): വിഴിഞ്ഞം-മുക്കോല ഉച്ചക്കട റോഡിൽ ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് യാത്രക്കാരിയായ ടി.ടി.സി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന രണ്ട് വിദ്യാർത്ഥിനികൾക്കും ഓട്ടോ ഡ്രൈവർക്കും ഗുരുതര പരിക്കേറ്റു. ഈഴക്കോട് സെന്റ് ഫ്രാൻസിസ് യു.പി.എസിലെ മാനേജർ വിളവൂർക്കൽ പെരുകാവ് ഈഴക്കോട് ശാന്തിവനത്തിൽ എഫ്. സേവ്യറിന്റെയും ഇതേ സ്‌കൂളിലെ ഹെഡ്മിസ്ട്രസ് ലേഖ റാക്സന്റെയും ഏക മകൾ ഫ്രാൻസിസ്‌കയാണ് (19) മരിച്ചത്. പത്തനംതിട്ട സ്വദേശി കെ.പി.ദേവിക (19), കാസർകോട് സ്വദേശി രാഖി സുരേഷ് (19), ഓട്ടോ ഡ്രൈവർ വെങ്ങാനൂർ സ്വദേശി സുജിത്ത് (32) എന്നിവർക്കാണ് പരിക്കേറ്റത്.
എതിർദിശയിൽ നിന്നെത്തിയ ഓട്ടോറിക്ഷ ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇടിച്ച ഓട്ടോ നിറുത്താതെ പോയി. പിന്നീട് ഇതിന്റെ ഡ്രൈവർ വിഴിഞ്ഞം കരിമ്പള്ളക്കര സ്വദേശി ഷൈജുവിനെ (30) പൊലീസ് പിടികൂടി. ഇന്നലെ വൈകിട്ട് 4.30ഓടെ വിഴിഞ്ഞം-മുക്കോല ഉച്ചക്കട റോഡിൽ കിടാരക്കുഴി ചന്ദണമാരിയമ്മൻ ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം.
കോട്ടുകാൽ മരുതൂർക്കോണം പട്ടം മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടീച്ചേഴ്സ് എഡ്യൂക്കേഷനിൽ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥികളാണ് ഫ്രാൻസിസ്‌കയും മറ്റു രണ്ടുപേരും. ടീച്ചർ ട്രെയിനിംഗിന്റെ ഭാഗമായി കഴിഞ്ഞ തിങ്കളാഴ്ച മുതൽ വെങ്ങാനൂർ മുടിപ്പുരനട ഗവ.എൽ.പി സ്‌കൂളിൽ പരിശീലനത്തിന് എത്തിയതായിരുന്നു. സ്‌കൂളിൽ നിന്നും മരുതൂർക്കോണത്തുളള ഹോസ്റ്റലിലേക്ക് ഓട്ടോയിൽ പോകുമ്പോഴാണ് ഉച്ചക്കട ഭാഗത്തുനിന്നും വിഴിഞ്ഞത്തേക്ക് വന്ന ഓട്ടോറിക്ഷ ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ വിദ്യാർത്ഥിനികൾ റോഡിലേക്ക് തെറിച്ചു വീണു. ഇവരുടെ ദേഹത്തേക്ക് ഓട്ടോറിക്ഷയും മറിഞ്ഞു വീണു. ഡ്രൈവറും റോഡിൽ തെറിച്ചു വീണു. നാട്ടുകാരാണ് ഓട്ടോറിക്ഷ ഉയർത്തി ഇവരെ പുറത്തെടുത്തത്. വിഴിഞ്ഞത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഫ്രാൻസിസ്‌കയെ രക്ഷിക്കാനായില്ല. അപകടത്തിന് ഇടയാക്കിയ ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തു. സി.സി ടിവി കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ഓട്ടോ ഡ്രൈവറെ രാത്രിയോടെ വീട്ടിൽ നിന്നു പിടികൂടിയത്.
സേവ്യർ, ലേഖ ദമ്പതികൾക്ക് ഒൻപതു വർഷത്തെ കാത്തിരിപ്പിനൊടുവിൽ പിറന്ന കുട്ടിയാണ് ഫ്രാൻസിസ്‌ക. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിഴിഞ്ഞം പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |