പീരുമേട്: ടി.വി കാണുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിനെ കമ്പി വടിക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സഹോദരനും കൂട്ടുനിന്ന അമ്മയും അറസ്റ്റിൽ. പീരുമേട് പ്ലാക്കത്തടം പുത്തൻവീട്ടിൽ അഖിൽ ബാബുവിനെ (31) കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരൻ അജിത്ത് (29), അമ്മ തുളസി (55) എന്നിവരാണ് അറസ്റ്റിലായത്.
വീടിന് സമീപത്തെ കവുങ്ങിൽ കെട്ടിയിട്ട നിലയിൽ ചൊവ്വാഴ്ച രാത്രിയാണ് അഖിലിനെ കണ്ടെത്തിയത്. നാട്ടുകാർ പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ മരിച്ച നിലയിലായിരുന്നു. സഹോദരനും അമ്മയും പൊലീസിന് പരസ്പര വിരുദ്ധമായ മറുപടി നൽകിയതിനെ തുടർന്ന് ബുധനാഴ്ച ഇരുവരെയും കസ്റ്റഡിയിലെടുത്തു. പീരുമേട് ഡിവൈ.എസ്.പിയുടെ സംഘത്തിന്റെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. ടി.വി കാണുന്നതിനെ ചൊല്ലി സഹോദരന്മാർ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ അജിത്ത് കമ്പി വടിക്ക് അഖിലിന്റെ തലയിൽ അടിച്ചെന്ന് പൊലീസ് പറയുന്നു. തടസത്തിനെത്തിയ അമ്മ തുളസിയെ അഖിൽ തള്ളിയിട്ടതും പ്രകോപനമുണ്ടാക്കി. ബോധരഹിതനായ അഖിലിനെ അജിത്ത് വലിച്ചിഴച്ച് കവുങ്ങിൽ കെട്ടിയിട്ടു. ഇവിടെ കിടന്നാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.
തലയ‌്ക്കേറ്റ ക്ഷതവും രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴുത്തിൽ കൈ ബലമായി അമർത്തിയിട്ടുമുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അജിത്തിനെയും തുളസിയെയും ഇന്നലെ ഉച്ചകഴിഞ്ഞ് പ്ലാക്കത്തടത്തെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു.
അജിത്ത് ഒന്നാം പ്രതിയും തുളസി രണ്ടാം പ്രതിയുമാണ്. വൈദ്യ പരിശോധനയ്ക്ക് ശേഷം പീരുമേട് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |