മികച്ച സേവനത്തിന് ബാഡ്‌ജ് വാങ്ങിക്കൂട്ടാൻ, യുവാക്കൾക്കെതിരേ വ്യാജമായി മയക്കുമരുന്ന് കേസുകൾ ഉൾപ്പെടെ കള്ളക്കേസുകളെടുക്കുന്നു! മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസിനെതിരെ ഉയർന്ന പരാതിയാണിത്. ശരാശരി 12,000 കേസുകളുണ്ടായിരുന്ന മലപ്പുറത്ത് കഴിഞ്ഞ വർഷം 40,428 കേസുണ്ടാക്കിയത് കൃത്രിമമായിട്ടാണെന്നും, കേസുകളിലെ ഈ 350 ശതമാനം വർദ്ധനവിന്റെ മേനി പറഞ്ഞ് 'ബാഡ്ജ് ഒഫ് ഓണർ" വാങ്ങിയെന്നുമാണ് ആരോപണം. മലപ്പുറത്തെ ഈ പരാതിയിൽ എത്രത്തോളം കഴമ്പുണ്ടെന്ന് വ്യക്തമല്ലെങ്കിലും എറണാകുളം റൂറൽ എ.എസ്.പി ആയിരിക്കെ ആറു യുവാക്കളെ കഞ്ചാവുകേസിൽ കുടുക്കിയതിന് സുജിത്തിനെതിരേ ഹൈക്കോടതിയിൽ ഹർജിയുണ്ട്.
മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ സംഘത്തിനെതിരെ കഞ്ചാവുകേസ് കെട്ടിവയ്ക്കുകയായിരുന്നെന്നും അതിക്രൂരമായി മർദ്ദിച്ചെന്നുമാണ് ഒന്നാംപ്രതിയുടെ ഭാര്യയുടെ ഹർജി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി വിധിപറയാൻ മാറ്റിയിരിക്കുകയാണ്. മലപ്പുറത്തെ താമിർ ജിഫ്രിയുടെ കസ്റ്റഡി മരണ കേസിലും സുജിത് ആരോപണവിധേയനാണ്. മറ്റുപല കേസുകളിലും പിടികൂടുന്ന മയക്കുമരുന്ന് കൃത്യമായ അളവിൽ രേഖയിൽ ഉൾപ്പെടുത്താതെ, സൂക്ഷിച്ചുവച്ച് വൈരാഗ്യം തീർക്കാനടക്കം ദുരുദ്ദേശ്യത്തോടെ വ്യാജകേസുകളുണ്ടാക്കുന്നു എന്ന ആരോപണം ശക്തമാണ്. പൊലീസ് തലപ്പത്ത് ക്രിമിനലുകളും കൊലപാതകികളും വരെയുണ്ടെന്ന് ഇടതുപക്ഷ എം.എൽ.എ പി.വി. അൻവർ ഉന്നയിച്ച കടുത്ത ആരോപണം സർക്കാരിനെയാകെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.
സ്വർണക്കടത്ത്, ആളെക്കൊല്ലിക്കൽ എന്നിവ അടക്കം ആരോപണങ്ങൾ നേരിടുന്ന എ.ഡി.ജി.പിക്കെതിരെ, കൊല്ലത്തെ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് അട്ടിമറിച്ചെന്ന ഗുരുതര ആക്ഷേപവും ഉയരുന്നു. തട്ടിക്കൊണ്ടുപോയ സംഘത്തിൽ നാലുപേരുണ്ടെന്ന് ദൃക്‌സാക്ഷിയായിരുന്ന കുട്ടിയുടെ സഹോദരനും രക്ഷിതാക്കളുമെല്ലാം ആവർത്തിച്ചു പറഞ്ഞിട്ടും മൂന്നു പ്രതികളേയുള്ളൂ എന്ന നിലപാടിലായിരുന്നു പൊലീസ്. തട്ടിക്കൊണ്ടുപോയവരിൽ രണ്ട് അങ്കിളുമാരും ഒരു ആന്റിയുമാണ് ഉണ്ടായിരുന്നതെന്ന് പപ്പയോടു പറയണമെന്ന് ആശ്രാമം മൈതാനത്ത് കൊണ്ടുചെന്നാക്കിയ ആന്റി പറഞ്ഞതായി കുട്ടി വെളിപ്പെടുത്തിയിരുന്നു.
എവിടെപ്പോയി രണ്ടാം ആന്റി?
യഥാർത്ഥത്തിൽ രണ്ട് ആന്റിമാരും രണ്ട് അങ്കിളുമാരുമാണ് ഉണ്ടായിരുന്നതെന്നാണ് കുട്ടിയുടെ മൊഴി. എന്നിട്ടും കൂട്ടുപ്രതികളില്ലെന്നും ആസൂത്രണത്തിനടക്കം ആരുടെയും സഹായമില്ലെന്നുമുള്ള നിലപാടിൽ പൊലീസ് ഉറച്ചുനിന്നു. തട്ടിക്കൊണ്ടുപോകാൻ കാരണം കടബാദ്ധ്യതയാണെന്ന പൊലീസിന്റെ കണ്ടെത്തലും വീട്ടുകാർ വിശ്വസിക്കുന്നില്ല. രാഷ്ട്രീയ സ്വാധീനമടക്കമുള്ള ചിലരെ രക്ഷിക്കാൻ പൊലീസ് അട്ടിമറി നടത്തിയെന്നു ചൂണ്ടിക്കാട്ടി കേസ് പുനരന്വേഷിപ്പിക്കാൻ നിയമവഴി തേടുകയാണ് കുടുംബം.
മലപ്പുറത്തെ കേരളത്തിന്റെ ക്രൈം ക്യാപിറ്റലാക്കി മാറ്റാൻ എസ്.പി സുജിത് ദാസ് ശ്രമിച്ചെന്ന ആരോപണം ഗൗരവമേറിയതാണ്. എസ്.പിക്കെതിരെ പ്രതിപക്ഷമുയർത്തുന്ന കുറ്റപത്രത്തിലെ ആരോപണങ്ങൾ ഇങ്ങനെ: യുവാക്കൾക്കെതിരേ ആസൂത്രിതമായി കള്ളക്കേസെടുക്കുകയും കൂടുതൽ പേരെ കാപ്പ ചുമത്തി നാടുകടത്താൻ ശ്രമിക്കുകയും ചെയ്തു. എ.എസ്.ഐ ശ്രീകുമാറിന്റെ മരണത്തിൽ പങ്ക്, എസ്.പിക്കെതിരേ ഗുരുതര പരാമർശങ്ങളുള്ള ഡയറി നശിപ്പിച്ചു. താനൂർ കസ്റ്റഡി കൊലപാതക കേസിൽ പങ്കുണ്ട്. 22 പേർ മരിച്ച താനൂർ ബോട്ടപകടത്തിലെ അന്വേഷണം അട്ടിമറിച്ചു.
കോട്ടയ്ക്കൽ സ്റ്റേഷൻ നിർമ്മാണത്തിന് പണപ്പിരിവ്. എസ്.പി ഓഫീസ് വളപ്പിലെ മരങ്ങൾ മുറിച്ചു കടത്തി. കുടുംബാംഗങ്ങളുടെ യാത്രയ്ക്ക് മുക്കിനു മുക്കിന് പൊലീസിനെ നിർത്തി സംരക്ഷണം. തട്ടിപ്പുകാരായ വ്യവസായികളുമായി വഴിവിട്ട ബന്ധം.... സസ്പെൻഡ് ചെയ്യാൻ ഡി.ജി.പി രേഖാമൂലം ആവശ്യപ്പെട്ടിട്ടും സ്ഥലംമാറ്റുക മാത്രം ചെയ്ത് സർക്കാർ സംരക്ഷിച്ചതിൽ നിന്നുതന്നെ എസ്.പിയുടെ വൻ സ്വാധീനം വ്യക്തം. എസ്.പിയുടെ 'ബാഡ്ജ് ഒഫ് ഓണർ" മെഡലുകൾ തിരിച്ചെടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
ചൂടറിഞ്ഞ് ഡി.ജി.പിയും
വിവാദപുരുഷനായ ഉദ്യോഗസ്ഥന്റെ നാവിന്റെ ചൂട് അടുത്തിടെ ഏറ്റവും നന്നായി അറിഞ്ഞത് ഒരു മുൻ ഡി.ജി.പിയാണ്. അദ്ദേഹത്തിന്റെ ശുപാർശയുമായി ഒരു പരാതിക്കാരൻ ഐ.പി.എസ് ഏമാന്റെ ഓഫീസിലെത്തി. ഡി.ജി.പിയെ തെറികൊണ്ട് മൂടിയ ശേഷമാണ് പരാതി വാങ്ങിയതു തന്നെ. എല്ലാം ശരിയാക്കാമെന്നു പറഞ്ഞ് പരാതി ചവറ്റുകുട്ടയിലിട്ടു. തെറിവിളിച്ചെന്ന് പരാതിക്കാരൻ അറിയിച്ചപ്പോൾ, അത് കാര്യമാക്കേണ്ടെന്നും വീണ്ടും പോയിക്കാണാനും ഡി.ജി.പി നിർദ്ദേശിച്ചു. രണ്ടാമതും എത്തിയപ്പോൾ ഇരട്ടി ഡോസിലായിരുന്നു തെറിവിളി. തെറിവാക്കുമായാണ് കീഴുദ്യോഗസ്ഥരോട് സംസാരം തുടങ്ങുന്നതുതന്നെ. അഭിസംബോധനയും തെറിയിൽ തന്നെ. അടുത്തിടെ വരെ വയർലെസ് സെറ്റിലും തെറിയഭിഷേകമായിരുന്നു.
(തുടരും)
ഹൈക്കോടതി ഓർമ്മിപ്പിച്ചത്
ഇത് 21-ാം നൂറ്റാണ്ടാണെന്ന് മനസിലാക്കണമെന്നാണ് പൊലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി ജഡ്ജി, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞത്. നിയമപരമായ നിർദ്ദേശങ്ങളും ഉത്തരവുകളും നടപ്പാക്കുകയാണ് പൊലീസിന്റെ കടമ. സ്വയം തീരുമാനിക്കുന്ന കാര്യങ്ങൾ കക്ഷികൾക്കുമേൽ അടിച്ചേൽപിക്കാൻ പൊലീസിന് അധികാരമില്ല. നേരത്തേയുണ്ടായ പരാതികളിൽ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ഇപ്പോൾ നടക്കുന്ന പല സംഭവങ്ങളും ഉണ്ടാവില്ലായിരുന്നു. നമ്മളെയും രാജ്യത്തെയും ദൈവം രക്ഷിക്കട്ടെ എന്നേ പറയുന്നുള്ളൂ-ഹൈക്കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |