കോട്ടയം: വിഷാംശം കണ്ടെത്തിയതോടെ ക്ഷേത്രപൂജയിൽ നിന്ന് ഒഴിവാക്കിയ അരളി പൂക്കളമൊരുക്കാൻ തമിഴ്നാട്ടിൽ നിന്ന് വൻ തോതിൽ എത്തി. അരളിപൂ കഴിച്ച യുവതി മരിച്ചതിനെ തുടർന്നാണ് ക്ഷേത്ര പൂജയിൽ നിന്ന് അരളി ഒഴിവാക്കിയത്. അരളി പൂവിന് നിരോധനമേർപ്പെടുത്താത്തതിനാലാണ് ഓണ വിപണി ലക്ഷ്യമിട്ട് തമിഴ്നാട്ടിൽ നിന്ന് ലോഡ്കണക്കിന് എത്തിക്കുന്നത്.
അധികാരികൾ നിശബ്ദത പാലിക്കുന്നതിനാൽ പത്ത് ദിവസം പൂക്കളമിടാൻ അരളി പൂ ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്ന മുണ്ടാക്കുമോ എന്ന ആശങ്ക ജനങ്ങൾക്കിടയിൽ ശക്തമാണ്. റെഡിമെയ്ഡ് പൂക്കളുടെയും പൂക്കളങ്ങളുടെയുമൊക്കെ കാലമാണെങ്കിലും പൂവിറുക്കലും പൂക്കളമൊരുക്കലുമൊക്കെ ഇന്നും ഓണക്കാലത്തെ സമ്പന്നമാക്കുന്നവയാണ്.
300 രൂപ
കിലോക്ക് 300 രൂപയാണ് അരളിയുടെ വില. ജമന്തിക്ക് 200.ഒരു മുഴം മുല്ലപ്പൂവിന് 50 രൂപ .പൂക്കളം സജീവമാകുന്നതോടെ വില ഉയരും. കൃഷിവകുപ്പും കുടുംബശ്രീ പ്രവർത്തകരും വ്യാപകമായി ജമന്തി പൂ കൃഷി നടത്തിയിട്ടുണ്ടെങ്കിലും മറ്റു പൂക്കൾക്ക് തമിഴ് നാടിനെ ആശ്രയിക്കേണ്ടി വരും. പൂവിൽപ്പനക്കായി തമിഴ്നാട്ടിൽ നിന്നുള്ള കച്ചവടക്കാരുടെ വൻസംഘമാണ് എത്തിയിട്ടുള്ളത്.
അത്തത്തിൽ ആരംഭം
മലയാളിയുടെ ഓണം തുടങ്ങുന്നത് തൃപ്പൂണിത്തുറ അത്തച്ചമയത്തോടെയാണ്. അത്തം ഒന്നിന് ഒരു നിര പൂ മാത്രമാണ് ഇടുന്നത്. പിന്നീട് ഓരോ ദിവസവും ഓരോ നിരയും പൂക്കളുടെ ഇനവുംകൂടും. ഉത്രാടദിവസമാണ് പൂക്കളം ഏറ്റവും വലിപ്പത്തിൽ ഒരുക്കുക. മൂലം നാളിൽ പൂക്കളത്തിന് ചതുരാകൃതി ആയിരിക്കും. വീടുകളിൽ മാത്രമല്ല സ്കൂൾ, കോളേജ്, ഓഫീസ് തുടങ്ങി മലയാളികൾ ഉള്ള എല്ലായിടത്തും ഇന്ന്പൂക്കളവും. പൂക്കളമത്സരവുമായി. ഗിന്നസ് ബുക്ക് റെക്കാഡിനായി വലിപ്പമുള്ള പൂക്കളങ്ങളും ഓരോ വർഷവും കൂടുകയാണ്.
ഐതിഹ്യം
തൃക്കാക്കരെപ്പോയി തൃക്കാക്കരയപ്പനെ പൂജിക്കാൻ കഴിയാതെ വന്നപ്പോൾ വീട്ടുമുറ്റത്ത് പൂക്കളം ഉണ്ടാക്കി പ്രതിഷ്ഠിച്ച് തന്നെ ആരാധിച്ചുകൊള്ളാൻ തൃക്കാക്കരയപ്പൻ അനുവാദം നൽകി എന്നാണ് ഐതിഹ്യം. തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണത്രെ പൂക്കളം ഒരുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |