കൊച്ചി: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് സ്വർണ വില ഇന്നലെ പവന് 400 രൂപ വർദ്ധിച്ച് 53,760 രൂപയിലെത്തി. ഗ്രാമിന്റെ വില 50 രൂപ ഉയർന്ന് 6,720 രൂപയായി. അമേരിക്കയിലെ നിർണായക തൊഴിൽ കണക്കുകൾ പുറത്ത് വരുന്നതിന് മുൻപ് പലിശ കുറയുമോയെന്ന ആശങ്കയാണ് നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിച്ചത്. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തി നേടിയെങ്കിലും ആഗോള സാമ്പത്തിക അനിശ്ചിതത്വം കൂടുകയാണ്.
നാണയപ്പെരുപ്പ ഭീഷണി ശക്തമായതിനാൽ അടുത്ത ഫെഡറൽ റിസർവ് യോഗത്തിൽ മുഖ്യ പലിശ നിരക്കിൽ പരമാവധി കാൽ ശതമാനം കുറവ് മാത്രമേ ഉണ്ടാകൂവെന്നാണ് ധനകാര്യ വിദഗ്ദ്ധർ പ്രവചിക്കുന്നത്. ചൈനയ്ക്ക് പിന്നാലെ അമേരിക്കൻ സാമ്പത്തിക മേഖലയും തളർച്ചയിലേക്ക് നീങ്ങുകയാണ്. ഇതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2,525 ഡോളറിന് മുകളിലെത്തി.
അനുകൂലം
ആഗോള അനിശ്ചിതത്വം: അമേരിക്കയിലെ മാന്ദ്യം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയം കൂട്ടുന്നു
ഡോളർ ദൗർബല്യം: യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞാൽ കേന്ദ്ര ബാങ്കുകൾ സ്വർണം കൂടുതലായി വാങ്ങും
രാഷ്ട്രീയ സംഘർഷങ്ങൾ: പശ്ചിമേഷ്യയിലെയും ഉക്രെയിനിലെയും രാഷ്ട്രീയ സംഘർഷങ്ങൾ ശക്തമായാൽ സ്വർണ വില വീണ്ടും വൻ മുന്നേറ്റം നടത്തും
പ്രതികൂലം
അടുത്ത ധന നയത്തിൽ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്ക് അര ശതമാനം കുറച്ചാൽ സ്വർണ വിലയിൽ കനത്ത ഇടിവുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |