പി.ശശിക്കെതിരെ പരാതിയില്ല
തിരുവനന്തപുരം: പി.വി അൻവർ എം.എൽ.എ മുഖ്യമന്ത്രിക്കും,തനിക്കുംനൽകിയ ഉദ്യോഗസ്ഥതലത്തിലുള്ള പരാതികൾ സർക്കാർ തലത്തിലാണ്അന്വേഷിക്കേണ്ടെന്നും,അതിന് ഡി.ജി.പി നേതൃത്വം നൽകുന്ന സമിതയെ സർക്കാർ നിയാഗിച്ചിട്ടുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി
എം.വി.ഗോവിന്ദൻ വ്യക്തമാക്കി.മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരായി പരാതി ലഭിച്ചിട്ടില്ല. പാർട്ടിയിൽ ഉന്നയിക്കും മുമ്പ് പരസ്യമായി ആരോപണങ്ങൾ ഉന്നയിച്ച അൻവറിന്റെ നടപടി
ഉചിതമായില്ലെന്നും ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്
യോഗത്തിന് ശേഷം അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അന്വേഷണ സമിതി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. അതിൽ പാർട്ടി തലത്തിൽ പരിശോധിക്കേണ്ട എന്തെങ്കിലും കാര്യമുണ്ടെങ്കിൽ അത് അന്വേഷിക്കും. ശശിക്കെതിരെ അൻവർ പരാതി എഴുതി നൽകിയിട്ടില്ല. വാക്കാൽ പറയുന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാനാവില്ല. പരാതി ലഭിച്ചാൽ പരിശോധിക്കും. പാർലമെന്ററി പാർട്ടി അംഗമായ ആൾ ഇങ്ങനെയല്ല പരാതി ഉന്നയിക്കേണ്ടത്.
മാദ്ധ്യമങ്ങളുടെ വിമർശനം പോലെ പരിഹാസ്യമായ സംഘത്തെയല്ല സർക്കാർ അന്വേഷണത്തിന് നിയോഗിച്ചിട്ടുള്ളതെന്നും ഗോവിന്ദൻ പറഞ്ഞു.അന്വേഷണസംഘത്തിലെ അംഗങ്ങൾ ഡി.ജി.പിയെ സഹായിക്കുന്നവരാണ്. ഡി.ജി.പിയേക്കാൾ മുതിർന്ന ഉദ്യോഗസ്ഥൻ കേരളത്തിലില്ല. പ്രാഥമികാന്വേഷണത്തെ തുടർന്ന് എസ്.പി .സുജിത്ത് ദാസിനെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.
തൃശൂർ പൂരംഃആരോപണം
അസംബന്ധം
ഏതെങ്കിലും എ.ഡി.ജി.പിയെ ഉപയോഗിച്ച് ആർ.എസ്.എസ് -ബി.ജെ.പി ബന്ധമുണ്ടാക്കി തൃശൂർ പൂരം കലക്കിയെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം ശുദ്ധ അസംബന്ധമാണ്. അവിടെ യു.ഡി.എഫിനുണ്ടായ വലിയ പരാജയം മറച്ചു വയ്ക്കാനാണിത്.. എഡി.ജി.പി ആർ.എസ്.എസുകാരനെ കാണുന്നത് സി.പി.എമ്മിന് ബാധകമല്ല. പാർട്ടിയെ തകർക്കാൻ കണ്ണൂരടക്കം നിരവധി ജില്ലകളെ ദത്തെടുത്ത പ്രസ്ഥാനമാണ് ആർ.എസ്.എസ്.
അൻവറിന്റെ ആരോപണങ്ങളെപ്പറ്റി പറയുന്ന മാദ്ധ്യമങ്ങൾ മുമ്പ് അദ്ദേഹത്തെ ചിത്രീകരിച്ചത് സാമൂഹ്യദ്രോഹിയായാണ്. പ്രതിപക്ഷമെന്ന നിലയിൽ പരാജയമായതു കൊണ്ടാണ് അൻവറിന്റെ ആരോപണങ്ങളെ കോൺഗ്രസ് രാഷ്ട്രീയ ആയുധമാക്കുന്നത്. ഇന്നലെ നടന്ന സമരത്തിൽ പൊലീസിനെ അക്രമിക്കുമെന്ന് സുധാകരൻ പറഞ്ഞത് വാർത്തയാക്കിയില്ല. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുന്ന രീതി കോൺഗ്രസിലില്ല. പരാതിയുന്നയിച്ച സിമി റോസ്‌ബെല്ലിനെ പുറത്താക്കുകയാണ് ചെയ്തത്. സ്ത്രീകൾക്കെതിരെ ഇത്തരം നിലപാട് സ്വീകരിക്കുന്നവരാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പേരിൽ തെരുവിലിറങ്ങുന്നത്.റിപ്പാർട്ടിൽ വാദം കേൾക്കാൻ ഹൈക്കോടതിയിൽ വനിതാ പ്രാതിനിധ്യത്തോടെ പുതിയ ബെഞ്ച് ഉണ്ടാക്കിയതിനെ പാർട്ടി സ്വാഗതം ചെയ്യുകയാണ്.
പാർട്ടി സമ്മേളനങ്ങളെ ആക്രമിക്കാൻ മാദ്ധ്യമങ്ങൾ ശ്രമിക്കുന്നു. പ്രാദേശിക പ്രശ്നങ്ങളുടെ പേരിൽ സമ്മേളനങ്ങൾ മാറ്റി വയ്ക്കാറുണ്ട്. ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങിയപ്പോഴേക്കും സെക്രട്ടേറിയറ്റ് അംഗങ്ങളെ വരെ ചില മാദ്ധ്യമങ്ങൾ തീരുമാനിച്ചെന്നും അദ്ദേഹം പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |