തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അറിവോടെയാണ് തൃശൂർ പൂരം കലക്കിയതെന്നും പിണറായി വിജയൻ ഇനി അറിയപ്പെടുക പൂരം കലക്കി വിജയനെന്നാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ.പി.സി.സിയുടെ സെക്രട്ടേറിയറ്റ് ധർണയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വർണ്ണക്കടത്തുകാരുടെ സംഘമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളത്. ഇനിയും ഇവർ തുടർന്നാൽ സെക്രട്ടേറിയറ്റിന് ചാട് പിടിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോകും. മുഖ്യമന്ത്രിയുടെ ദൂതനായി എ.ഡി.ജി.പി അജിത്കുമാർ ആർ.എസ്.എസ് ജനറൽ സെക്രട്ടറിയെ സന്ദർശിച്ചു. ഇതിനും മുഖ്യമന്ത്രിക്ക് മറുപടിയില്ല. ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാൻ വേണ്ടിയാണ് കമ്മിഷണർ 10 മണിക്കൂറോളം അഴിഞ്ഞാടി പൂരം കലക്കിയത്. കേസുകളിൽ നിന്ന് രക്ഷപെടാനാണ് മുഖ്യമന്ത്രി ബി.ജെ.പിയുടെ കുട ചൂടുന്നത്.
സെക്രട്ടേറിയറ്റിൽ ഇരിക്കുന്ന ആരെങ്കിലും സംരക്ഷിക്കുമെന്ന് കരുതി അമിതാധികാരം ഉപയോഗിച്ചാൽ വെറുതെവിടില്ലെന്ന് സതീശൻ പൊലീസ് ഉദ്യോഗസ്ഥരോടായി പറഞ്ഞു. യൂത്ത് കോൺഗ്രസുകാരെ ക്രൂരമായി തല്ലിച്ചതച്ചു. അങ്കിളെന്ന് വിളിച്ച് മുകളിലിരിക്കുന്നവരെ സുഖിപ്പിക്കാൻ വേണ്ടി മലപ്പുറത്ത് ചിലതൊക്കെ ചെയ്തത് ഇപ്പോഴെങ്ങനെയായെന്നു കണ്ടല്ലോ. അപകടത്തിൽപ്പെട്ടാൽ ഒരു അങ്കിളും രക്ഷിക്കാനുണ്ടാകില്ലെന്ന ഓർമ്മ വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |