സംസ്ഥാനത്ത് വൈദ്യുത ചാർജ് വർദ്ധിപ്പിക്കാനുള്ള നീക്കത്തിന്റെ പിന്നിലെ കള്ളക്കളികളെ പ്രമുഖ സാമൂഹ്യ നിരീക്ഷകൻ ഡിജോ കാപ്പൻ വിശകലനം ചെയ്യുന്നു
വൈദ്യുത ചാർജ് വീണ്ടും വർദ്ധിപ്പിക്കാനുള്ള നീക്കം കാട്ടുകൊള്ളയാണ്. ധൂർത്തിനു വേണ്ടി ജനത്തെ പിഴിഞ്ഞ് ചണ്ടിയാക്കുന്നത് ഇനിയും വച്ചുപൊറുപ്പിക്കരുത്. ഏറ്റവും ഉയർന്ന വൈദ്യുത ചാർജുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം ചെയ്യാൻ മറ്റിടങ്ങളിൽ ഒരു രൂപയ്ക്ക് താഴെയാണ് ശമ്പളച്ചെലവെങ്കിൽ കേരളത്തിൽ ഇത് മൂന്ന് രൂപയോളമാണ്.
എത്ര ഉപഭോക്താക്കളുണ്ടെന്ന് കെ.എസ്.ഇ.ബിക്ക് വ്യക്തതയില്ല. റെഗുലേറ്ററി കമ്മിഷന് സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ 1.07 കോടിയെന്നും 1.08 കോടിയെന്നും 1.09 കോടിയെന്നും മാറ്റിമാറ്റി പറയുന്നു. ജീവനക്കാർക്ക് ഭീമമായ ശമ്പളം നൽകാൻ താരീഫ് വർദ്ധിപ്പിക്കുന്ന ക്രൂരതയാണ് ബോർഡിന്റേത്.
കള്ളക്കണക്കുകൾ
മാസം 250 യൂണിറ്റിന് മുകളിലുള്ള 7.87 ലക്ഷം ഗാർഹിക ഉപഭോക്താക്കൾക്ക് ടൈം ഓഫ് ഡേ (ടി.ഒ.ഡി) അടിസ്ഥാനത്തിൽ നിരക്ക് വർദ്ധന നടപ്പാക്കണമെന്നാണ് ആവശ്യം. എന്നാൽ ബോർഡിന്റെ കണക്കുകൾ പരിശോധിച്ചാൽ 250 യൂണിറ്റിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്നത് വെറും 2.88 ലക്ഷം പേർ മാത്രം. വൈദ്യുത ഉപഭോഗം പെരുപ്പിച്ച് കാട്ടി നിരക്ക് വർദ്ധിപ്പിക്കാനുള്ള കള്ളക്കളിയാണ് നടക്കുന്നത്.
ജനുവരി മുതൽ മേയ് വരെയുള്ള സമ്മർ താരിഫും നിയമവിരുദ്ധമാണ്. ഗൃഹോപകരണങ്ങളുടെ എണ്ണം കണക്കാക്കി ഫിക്സഡ് ചാർജിന്റെ ഡെപ്പോസിറ്റ് തുക വർദ്ധിപ്പിക്കാനുള്ള നീക്കവും ജനാധിപത്യ വിരുദ്ധം. കടത്തിൽ നിന്ന് കടത്തിലേക്ക് പോകുന്ന ബോർഡ്, ഉപഭോക്താക്കളെ പിഴിഞ്ഞ് നഷ്ടം നികത്തുന്നു.
90 ശതമാനവും ഗാർഹിക ഉപഭോക്താക്കളാണ്. ഇതിൽ 80 ശതമാനം പേരും 250 യൂണിറ്റിന് താഴെ വൈദ്യുതി ഉപയോഗിക്കുന്നവർ. റെഗുലേറ്ററി കമ്മിഷൻ 2022ൽ അനുവദിച്ച കണക്ക് പ്രകാരം 2020-21ൽ റവന്യു ഗ്യാപ്പ് 7130.73 കോടിയായിരുന്നു. 21-22 ൽ 8682.43 കോടിയായും ഇപ്പോൾ 11,885.94 കോടിയായും ഉയർന്നു.
നീളുന്ന പദ്ധതി, ഉയരുന്ന ചെലവ്
ചെറുകിട പദ്ധതികൾ കൃത്യസമയത്ത് കമ്മിഷൻ ചെയ്യാത്തത് കോടികളുടെ നഷ്ടമുണ്ടാക്കുന്നു. യഥാസമയം പൂർത്തിയാക്കിയിരുന്നെങ്കിൽ 621.23 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാമായിരുന്നു. പള്ളിവാസൽ, തൊടിയാർ, അപ്പർ കല്ലാർ പദ്ധതികൾ സമയത്ത് പൂർത്തിയാക്കണമെന്ന ഹൈക്കോടതി വിധിപോലും പാലിക്കപ്പെട്ടില്ല. 20,000 കോടിയുടെ കടബാദ്ധ്യത ചുമക്കുന്ന കെ.എസ്.ഇ.ബിക്ക് വൈകാതെ കെ.എസ്.ആർ.ടി.സിയുടെ ഗതിയുണ്ടാകുമോയെന്നാണ് ഉപഭോക്താക്കൾ ഭയപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |