ടോക്കിയോ : ചീഫ് ക്ലാർക്ക്, മാനേജർ, ഓഡിറ്റർ തുടങ്ങി പത്ത് തസ്തികകൾ. പത്തിലും നിയമിച്ചിരിക്കുന്നതാകട്ടെ പൂച്ചകളെയും.! സംഭവം സത്യമാണ്. ജപ്പാനിലെ ടോക്കിയോയിലെ ടെക് കമ്പനിയായ ക്യൂനോട്ട് ആണ് പൂച്ചകൾക്കായി ജോലി നീക്കിവച്ചിരിക്കുന്നത്. 20 വയസുള്ള ഫറ്റൂബ എന്ന പൂച്ചയാണ് കമ്പനിയുടെ 'ചെയർക്യാറ്റ്". കമ്പനിയുടെ ഉടമയായ നൊബുസുകു സുരുത്തയ്ക്കും മുകളിലാണ് ഫറ്റൂബയുടെ റാങ്ക്.
2004ൽ ഒരു സുഷി റെസ്റ്റോറന്റിൽ നിന്നാണ് കമ്പനി തങ്ങളുടെ ആദ്യത്തെ പൂച്ച ജീവനക്കാരനായ ഫറ്റൂബയെ ദത്തെടുത്തത്. ഇന്ന് പൂച്ച ജീവനക്കാരുടെ എണ്ണം 10 ആയി. 32 മനുഷ്യ ജീവനക്കാർക്കൊപ്പമാണ് ഈ പൂച്ച സാറുമാരുടെ ജോലി. കമ്പനിയിൽ ജീവിക്കുന്ന ഇവയ്ക്ക് സാദ്ധ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പൂച്ചകൾക്ക് വിശാലമായി ഓടിനടക്കാൻ 2020ൽ വലിയ നാല് നില കെട്ടിടത്തിലേക്ക് കമ്പനിയുടെ പ്രവർത്തനം മാറ്റിയിരുന്നു.
രണ്ടും മൂന്നും നിലകളിൽ പൂച്ചകൾക്ക് മാത്രമായി ചില 'എക്‌സ്‌ക്ലൂസീവ്" മാറ്റങ്ങളും വരുത്തി. ഓഫീസിൽ പൂച്ചകൾക്കായി 12 ടോയ്‌ലറ്റുകളും ഷെൽഫുകളുമുണ്ട്. നഖത്തിന്റെ പാടുകൾ തടയുന്ന തരത്തിലെ പെയിന്റ് ആയതിനാൽ പൂച്ചകൾ ഭിത്തിയിൽ യഥേഷ്ടം മാന്താം. ആദ്യം 11 പൂച്ചകളാണ് ഓഫീസിലുണ്ടായിരുന്നത്. എന്നാൽ ഒന്ന് 2022ൽ ചത്തുപോയി. എട്ട് പൂച്ചകൾ ഓഫീസിൽ തന്നെയാണ് ഊണും ഉറക്കവുമെല്ലാം.
രണ്ട് പേരെ ഒരു ജീവനക്കാരൻ അയാളുടെ വീട്ടിൽ കൊണ്ടുപോകും. കമ്പനിയിൽ ജോലിക്ക് അപേക്ഷിക്കുന്നവർ എല്ലാം പൂച്ചപ്രേമികൾ ആയിരിക്കണം. കമ്പനിയുടെ ലോഗോയിൽ പോലും ഒരു പൂച്ചയുണ്ട്. അതേ സമയം, ഈ പൂച്ചകളുടെ സാന്നിദ്ധ്യം കമ്പനിയിലെ ജീവനക്കാരുടെ സമ്മർദ്ദം കുറയ്ക്കുന്നു. അതുകൊണ്ട് കമ്പനിയിൽ നിന്ന് രാജിവയ്ക്കുന്നവരുടെ എണ്ണം കുറവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |