അബുദാബിയിൽ നിന്ന് സിനിമാ ക്രീസിൽ പറന്നിറങ്ങിയ താരമാണ് പാർവതി നായർ. പോപ്പിൻസ് സിനിമയിലൂടെ വന്ന് തമിഴിലും കന്നടയിലും സാന്നിദ്ധ്യം അറിയിച്ച പാർവതി നായർ ഇതാദ്യമായി വിജയ് ചിത്രത്തിൽ. വിജയ് നായകനായ ദ ഗ്രേറ്റസ്റ്റ് ഒഫ് ഒാൾ ടൈം (ഗോട്ട്) തിയേറ്ററിൽ എത്തിയ പശ്ചാത്തലത്തിൽ പാർവതി നായർ സംസാരിക്കുന്നു.
ഗോട്ടിലേക്ക് എങ്ങനെയാണ് എത്തിയത് ?
വെങ്കട് പ്രഭു സാർ മറ്റൊരു സിനിമയിലേക്ക് വിളിച്ചു. ആസമയത്ത് പോകാൻ കഴിഞ്ഞില്ല. ഗോട്ടിന്റെ പൂജ കഴിഞ്ഞപ്പോൾ ഒന്നു വിളിക്കണമെന്ന് തോന്നി. നേരത്തേ ഒരിക്കലും തോന്നാത്ത കാര്യമാണ്. കാസ്റ്റിംഗ് കഴിഞ്ഞെന്ന് പറഞ്ഞപ്പോൾ വിഷമം തോന്നി. നേരത്തേ വിളിച്ചിരുന്നെങ്കിൽ നോക്കാമായിരുന്നുവെന്നും പറഞ്ഞു. സമാധാനിപ്പിക്കാൻ ഒരു മറുപടി എന്ന് കരുതി. ഒരു മാസം കഴിഞ്ഞു സാർ വിളിച്ചു. താത്പര്യം ഉണ്ടോയെന്ന് ചോദിച്ചപ്പോൾ എനിക്ക് ആശയക്കുഴപ്പം.
വലിയ സിനിമയും വലിയ താരങ്ങളുമായതിനാൽ ശ്രദ്ധേയമാകുന്ന കഥാപാത്രമായിരിക്കുമോ അവതരിപ്പിക്കുക എന്ന് ചിന്തിച്ചു . കുറെക്കൂടി ആലോചിച്ചപ്പോൾ വിജയ് സിനിമയുടെ ഭാഗമാകുന്നത് ഭാഗ്യമാണെന്ന് തോന്നി. അത് ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ല. വിജയ്യോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞു. അതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ഒപ്പം അഭിനയിച്ചത് വിശ്വസിക്കാനാവുന്നില്ല.
സിനിമാതാരമാകണമെന്ന് എപ്പോഴാണ് തോന്നുന്നത് ?
അഭിനയിച്ച ശേഷമാണ് നടിയാകണമെന്ന ആഗ്രഹവും താത്പര്യവും ഉണ്ടാകുന്നത്. മോഡലിംഗും ചാനൽ ഷോയും ചെയ്യുന്നുണ്ടായിരുന്നു. അപ്പോൾ അവസരം വന്നെങ്കിലും സീരിയസായി എടുത്തില്ല. അവസരം ലഭിച്ച സിനിമയുടെ ആളുകളെ വീട്ടുകാർക്കും അറിയാമായിരുന്നതിനാൽ ചെയ്തു നോക്കാമെന്ന് തീരുമാനിച്ചു. അങ്ങനെ അഭിനയിച്ചു തുടങ്ങി . സിനിമയിൽ വരണമെന്ന് ആഗ്രഹിച്ചതല്ല. എൻജിനിയറിംഗാണ് പഠിച്ചത്. ഫാഷൻ ഡിസൈനറാകാനായിരുന്നു ആഗ്രഹം. അടുത്ത സിനിമകളിലേക്ക് പോകുമ്പോഴും കരിയറായി കണ്ടില്ല. ഉപരിപഠനത്തിനു പോകാൻ തയാറെടുക്കുമ്പോഴാണ് കമൽഹാസന്റെ ഉത്തമവില്ലനിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. അതൊന്നും തീരെ പ്രതീക്ഷിച്ചതല്ല. നോ പറയാനും കഴിഞ്ഞില്ല. ഉത്തമവില്ലനിൽ അഭിനയിച്ചപ്പോൾ അംഗീകാരം ലഭിച്ചു. സിനിമയിൽ മുൻപോട്ട് പോകാൻ കൂടുതൽ ആത്മവിശ്വാസം തന്ന സിനിമയാണ് ഉത്തമവില്ലൻ.
സെലക്ടീവായതാണോ സിനിമയിൽ അധികം കാണാത്തത് ?
തീർച്ചയായിട്ടും സെലക്ടീവാണ്. ചിലപ്പോൾ തീരുമാനം ശരിയും തെറ്റുമാകാം. നോ പറഞ്ഞ സിനിമ ചിലപ്പോൾ ഹിറ്റാകാറുണ്ട്. അഭിനയിച്ച സിനിമ വിജയിച്ചില്ലെന്നും വരും. ആ സമയത്ത് മറ്റുള്ളവരുടെ അഭിപ്രായം ചോദിച്ചായിരിക്കും സിനിമ ചെയ്യുന്നത്. ഒരേപോലത്തെ സിനിമയും കഥാപാത്രവും ചെയ്യാൻ താത്പര്യമില്ല. വ്യത്യസ്തമായ സിനിമയും കഥാപാത്രവും ചെയ്യാൻ വേണ്ടി കാത്തിരിക്കുന്നു. ഒരുപാട് സിനിമ ചെയ്ത് പണം സമ്പാദിക്കണമെന്ന ആഗ്രഹമില്ല.നല്ല സിനിമയുടെയും നല്ല ടീമിന്റെയും ഭാഗമാകണം എന്നാണ് ആഗ്രഹം. അങ്ങനെ നോക്കുമ്പോൾ അഭിനയിച്ച സിനിമകൾ കുറവാണ്.
മലയാളത്തിലും തമിഴിലും കന്നടയിലുമായി 20 സിനിമകൾ ചെയ്തു. കൊവിഡ് കാലത്ത് തമിഴിൽ ഒരു വലിയ നടന്റെ സിനിമയിൽ അഭിനയിക്കാൻ മൂന്നുവർഷം മറ്റൊന്നും ചെയ്യാതെ കാത്തിരുന്നു. ആ പ്രോജക്ട് നടന്നില്ല. അങ്ങനെ ഒരു ഇടവേള സംഭവിച്ചു. ആരെയും ആശ്രയിക്കുകയോ വിശ്വസിക്കുകയോ ചെയ്യാതെ മുൻപോട്ട് പോകുക. പ്രത്യേകിച്ച് സിനിമയിൽ.
നാട് മിസ് ചെയ്യാറുണ്ടോ ?
അബുദാബിയിലാണ് വളർന്നതും പഠിച്ചതും. അടൂർ ആണ് നാട്. നാട്ടിലേക്കു വരുന്ന എല്ലാ യാത്രയും വലിയ സന്തോഷം തരുന്നതാണ്. കേരളം പോലെ മനോഹരമായ സ്ഥലവും നല്ല ആളുകളും മറ്റെങ്ങുമില്ല. വിദ്യാഭ്യാസത്തിന് നൽകുന്ന പ്രാധാന്യം വലുതാണ്. ഏതു ജോലി ചെയ്യുന്നവരും പരസ്പരം സ്നേഹവും ബഹുമാനവും നൽകുന്നു. ഇതും മറ്റിടത്തൊന്നും കാണാൻ കഴിയില്ല. നാടിനെയും ബന്ധുക്കളെയും കാണാൻ വരാറുണ്ട്. ചിലനേരത്ത് നാട് മിസ് ചെയ്യാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |