ടൊവിനോ തോമസ് മൂന്ന് വ്യത്യസ്ത വേഷങ്ങളിൽ എത്തുന്ന 3D ചിത്രം 'ARM' സെപ്‌തംബർ 12ന് തിയേറ്ററുകളിലെത്തുകയാണ്. നവാഗതനായ ജിതിൻ ലാൽ ആണ് ചിത്രം സംവിധാനം ചെയ്‌തത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് ARM' നിർമ്മിക്കുന്നത്. മലയാളം തെലുങ്ക്, കന്നഡ, ഹിന്ദി,തമിഴ് എന്നീ അഞ്ച് ഭാഷകളിലായി ഈ പാൻ ഇന്ത്യൻ ചിത്രം ലോകമെമ്പാടും തീയേറ്ററുകളിൽ എത്തും.
തമിഴ്, തെലുഗ്. മലയാളം ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ARM ൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിംഗ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ജോമോൻ ടി ജോൺ ആണ് ARMന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് - ഷമീർ മുഹമ്മദ്.
സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് രസകരമായ ഒരുകാര്യം സംവിധായകനെ കുറിച്ച് ടൊവിനോ വെളിപ്പെടുത്തി. സംവിധായകനായ ജിതിൻ ലാലിന്റെ ലാൽ എവിടെ നിന്നു വന്നു എന്നതാണ് ടൊവി വെളിപ്പെടുത്തിയ രഹസ്യം.
''ഇവന്റെ ഒരു കഥ ഞാൻ പറഞ്ഞുതരാം. ഇവന്റെ ശരിക്കും പേര് ജിതിൻ എന്നാണ്. അച്ഛന്റെ പേര് തങ്കപ്പൻ. പിന്നെ ഈ ലാൽ എവിടെ നിന്നു വന്നു? ആ കഥ ഇങ്ങനെയാണ്. ജിതിൻ ചെറുപ്പത്തിലേ ഭയങ്കര മോഹൻലാൽ ഫാൻ ആണ്. പേരിന്റെ കൂടെ ലാൽ ആഡ് ചെയ്യണമെന്ന വാശിയിൽ അഞ്ചു വയസിൽ സ്കൂളിൽ ചേർക്കുന്ന സമയത്ത് ഒപ്പിച്ച പരിപാടിയാണ് പേരിനൊപ്പമുള്ള ലാൽ''. തുടർന്നുള്ള കഥ ജിതിൻ തന്നെ പറഞ്ഞു.
''അന്ന് ഒരു സിസ്റ്റർ വന്ന് പേര് ചോദിച്ചപ്പോൾ മോഹൻലാൽ എന്നാണ് ഞാൻ പറഞ്ഞത്. അങ്ങനെ ഇടാൻ പറ്റില്ലായി സിസ്‌റ്റർ. അച്ഛന്റെയോ അമ്മയുടെയോ പേരുമായി ഒരു മാച്ചുമില്ലാത്ത വാക്കാണ് മോഹൻലാൽ. അന്ന് എന്റെ പേര് ജിതിൻ നായർ എന്നായിരുന്നു. അങ്ങനെ ലാൽ എന്നാക്കി''.
ഒന്നര വർഷത്തിനുമുകളിൽ പോസ്റ്റ് പ്രൊഡക്ഷൻ വേണ്ടി വന്ന ചിത്രമാണ് എആര്‍എം. ചിത്രം പാൻ ഇന്ത്യ റിലീസ് ആയാണ് അവതരിപ്പിക്കപ്പെടുന്നതെന്നും കന്നടയിൽ ഹോംബാലെ ഫിലിംസ് ,തെലുങ്കിൽ മൈത്രി മൂവി മേക്കേഴ്‌സ് ഹിന്ദിയിൽ അനിൽ തഡാനിയുടെ എ.എ ഫിലിംസ് എന്നിവർ ചിത്രം വിതരണത്തിനെത്തിക്കുമെന്നും നിർമ്മാതാവ് ലിസ്‌റ്റിൻ സ്റ്റീഫൻ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |