തിരുവനന്തപുരം: മുഖം പോലും മറയ്‌ക്കാതെ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച ശേഷം കവർച്ച നടത്തി കള്ളൻ. വിഴിഞ്ഞം പുന്നക്കുളം ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലാണ് മോഷണം. മുഖം മറയ്‌ക്കാതെ മതിൽ ചാടിക്കടന്ന് ശ്രീകോവിലിന് മുന്നിൽ നിന്ന് പ്രാർത്ഥിക്കുന്ന കള്ളന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
പത്ത് മിനിട്ടോളം പ്രാർത്ഥിച്ച ശേഷം കാണിക്ക വഞ്ചിയും ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുന്നിൽ വച്ചിരുന്ന പണമടങ്ങിയ സംഭാവന പെട്ടിയും എടുത്ത് കള്ളൻ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്‌ച അർദ്ധരാത്രിയാണ് മോഷണം നടന്നത്. രാവിലെ എത്തിയ ജീവനക്കാരാണ് സംഭാവന പെട്ടിയും കാണിക്ക വഞ്ചിയും മോഷണം പോയ കാര്യം ആദ്യം കണ്ടത്. ഉടൻ തന്നെ ഇവർ ക്ഷേത്രം ഭാരവാഹികളം വിളിച്ച് വിവരമരിയിച്ചു.
ശ്രീകോവിലിന് മുകളിൽ പാകിയിരുന്ന പഴയ ഓടുകൾക്ക് പകരം ചെമ്പ് തകിട് നിരത്തുന്നതിനായി ഭക്തരിൽ നിന്ന് ധനം ശേഖരിക്കുന്നതിന് വേണ്ടി വച്ചിരുന്ന പെട്ടിയും കാണിക്ക വഞ്ചിയുമാണ് മോഷണം പോയത്. തുടർന്ന് ക്ഷേത്രവളപ്പിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവികളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കള്ളന്റെ വ്യക്തമായ മുഖം ഉൾപ്പെടെ ലഭിച്ചതെന്ന് ക്ഷേത്രം വൈസ് പ്രസിഡന്റ് പ്രദോഷ് കുമാർ പറഞ്ഞു. പ്രസിഡന്റ് ബിജുകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. പ്രതിയെ തിരിച്ചറിഞ്ഞുവെന്നാണ് വിഴിഞ്ഞം എസ്‌എച്ച്‌ഒ ആർ പ്രകാശം പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |