മസ്‌കറ്റ്: ഇന്ത്യക്കാരെ ആകർഷിക്കാൻ വിനോദ സഞ്ചാര മേഖലയിൽ പുതിയ പദ്ധതിയുമായി ഒമാൻ. വളരെ കുറഞ്ഞ നിരക്കിൽ ടൂറിസ്റ്റ് വിസ അനുവദിക്കുകയാണ് രാജ്യം. വെറും അഞ്ച് റിയാലിന് (ഏകദേശം ആയിരം രൂപ) ഇന്ത്യക്കാർക്ക് പത്ത് ദിവസത്തെ ടൂറിസ്റ്റ് വിസ ആണ് ഒമാൻ വാഗ്ദാനം ചെയ്യുന്നത്.
ഇന്ത്യൻ നഗരങ്ങളിൽ നിന്ന് വിമാന സർവീസുകൾ, മൂന്ന് മണിക്കൂറിൽ താഴെ മാത്രം ദൈർഘ്യമുള്ള വിമാനയാത്ര, കുറഞ്ഞ നിരക്കിൽ താമസം, പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരം തുടങ്ങിയവയാണ് ഇന്ത്യൻ സഞ്ചാരികളെ ആകർഷിക്കാൻ ഒമാൻ മുന്നോട്ടുവയ്ക്കുന്ന മറ്റ് ആകർഷക ഘടകങ്ങൾ. കൊച്ചിയിൽ നിന്ന് വെറും രണ്ടര മണിക്കൂർ യാത്ര മാത്രമാണ് ഒമാനിലേയ്ക്കുള്ളത്.
പദ്ധതിയുടെ ഭാഗമായി കഴിഞ്ഞദിവസം ഒമാൻ ടൂറിസം മന്ത്രാലയം ഇന്ത്യൻ നഗരങ്ങളിൽ പ്രചാരണപരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഡൽഹി, മുംബയ്, ചെന്നൈ, ബംഗളൂരൂ തുടങ്ങിയ നഗരങ്ങളിൽ നടത്തിയ ക്യാംപെയിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പരിപാടിയിൽ നൂറിലധികം ഇന്ത്യൻ കമ്പനികൾ പങ്കാളികളായി. ഒമാൻ ടൂറിസത്തെക്കുറിച്ച് ഇന്ത്യൻ മാർക്കറ്റുകളിൽ കൃത്യമായ പ്രചാരണ പരിപാടികൾ നടത്തുമെന്ന് കൂടിക്കാഴ്‌ചയിൽ ധാരണയായി.
ഒമാനിൽ നിന്നുള്ള 200ലേറെ ട്രാവൽ ആന്റ് ടൂറിസം സ്ഥാപനങ്ങളും പരിപാടിയുടെ ഭാഗമായിരുന്നു. പ്രചാരണത്തിന്റെ ഭാഗമായി ഒമാൻ പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം അണ്ടർ സെക്രട്ടറി അസാൻ ഖാസിം മുഹമ്മദ് അൽ ബുസൈദിയും കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തും കൂടിക്കാഴ്‌ച നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |