എഴുപത്തിമൂന്നാം പിറന്നാൾ ആഘോഷിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടിക്ക് ആശംസകളുമായി മന്ത്രി മുഹമ്മദ് റിയാസ്. ഒപ്പം ഒരു സമ്മാനവും അദ്ദേഹം പ്രഖ്യാപിച്ചു. മമ്മൂട്ടിയുടെ ജന്മനാടായ ചെമ്പിനെ ഒരു മികച്ച ടൂറിസം ഗ്രാമമാക്കി മാറ്റാൻ ടൂറിസം വകുപ്പ് തീരുമാനിച്ച വിവരമാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്. ഉത്തരവാദിത്ത ടൂറിസം മിഷൻ്റെ സ്ത്രീ സൗഹാർദ വിനോദ സഞ്ചാര പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ 14 പഞ്ചായത്തുകളിൽ ഒന്നാണ് ചെമ്പ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ശ്രീ. മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ,
ഒപ്പം ടൂറിസം വകുപ്പിൻ്റെ
പിറന്നാൾ സമ്മാനവും..
നമുക്കെല്ലാം അറിയുന്നത് പോലെ പ്രിയപ്പെട്ട മമ്മൂട്ടിയുടെ ജന്മസ്ഥലമാണ് ചെമ്പ്. അദ്ദേഹത്തിൻ്റെ ഈ ജന്മദിനത്തിൽ ചെമ്പിനെ ഒരു മികച്ച ടൂറിസം ഗ്രാമമാക്കി മാറ്റാൻ ടൂറിസം വകുപ്പ് തീരുമാനിച്ച വിവരം സന്തോഷത്തോടെ അറിയിക്കുകയാണ്.
ഉത്തരവാദിത്ത ടൂറിസം മിഷൻ്റെ സ്ത്രീസൗഹാർദ്ദ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ 14 പഞ്ചായത്തുകളിൽ ഒന്നാണ് ചെമ്പ്. ഗ്രാമീണ വിനോദസഞ്ചാര സാധ്യതകളെ മികച്ച നിലയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന വളരെ മനോഹരമായ ഒരു ഗ്രാമം. ഉത്തരവാദിത്ത ടൂറിസം മിഷൻ്റെ നേതൃത്വത്തിൽ വില്ലേജ് ലൈഫ് എക്സിപീരിയൻസ് ടൂർ പാക്കേജുകൾ തയ്യാറാക്കി സഞ്ചാരികളെ ചെമ്പിലേക്ക് കൊണ്ടുവരുന്ന പ്രവർത്തനം നടന്നുവരുന്നുണ്ട്. പ്രദേശവാസികൾക്ക് ആവശ്യമായ പരിശീലനം നൽകികഴിഞ്ഞു. ബാക്ക് വാട്ടർ ടൂറിസത്തിനും അനുയോജ്യമായ സ്ഥലമാണ് ചെമ്പ്.
മമ്മൂട്ടിക്ക് ആശംസകളുമായി ദുൽഖറും എത്തിയിട്ടുണ്ട്. വാപ്പച്ചിക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് ഹൃദയസ്‌പർശിയായ ഒരു കുറിപ്പാണ് ദുൽഖർ പങ്കുവച്ചിരിക്കുന്നത്. 'ഏറ്റവും നല്ല സുഹൃത്തുക്കൾ, ഒരുമിച്ചുള്ള ഫോട്ടോകളൊന്നും ഇല്ലെന്ന് വൈകിയാണ് ഞാൻ മനസിലാക്കിയത്. പോസ് ചെയ്യുന്നതിനോ സെൽഫിയെടുക്കുന്നതിനോ സമയം പാഴാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്തത്ര അമൂല്യവും രസകരവുമാണ് ഒന്നിച്ചുള്ള നിമിഷങ്ങൾ. ഓരോ വർഷവും വാപ്പച്ചിയുടെ പിറന്നാൾ ദിനത്തിൽ പോസ്റ്റ് ചെയ്യുന്നതിനായി ഞങ്ങൾ ഫോട്ടോകൾ എടുക്കുന്നത് പതിവാണ്. ഞങ്ങളുടെ രണ്ട് പേരുടെ ഫോണുകളിലും ഞങ്ങൾ മാത്രമുള്ള ചിത്രങ്ങൾ ഉള്ളതായി തോന്നുന്നില്ല. പക്ഷെ അത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ ഞാൻ മനസിലാക്കുന്നു. എന്റെ ബെസ്റ്റി, എന്റെ ഹീറോ, എന്റെ വാപ്പച്ചിക്ക് ഏറ്റവും ജന്മദിനാശംസകൾ നേരുന്നു.'- എന്നാണ് ദുൽഖർ കുറിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |