SignIn
Kerala Kaumudi Online
Monday, 14 October 2024 5.07 AM IST

ഒടുവിൽ രാജകുടുംബം നേരിട്ടിറങ്ങി, കൊട്ടാരത്തിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു; മ്യൂസിയമാക്കാനുള്ള നടപടികൾ പാതിവഴിയിൽ

Increase Font Size Decrease Font Size Print Page
neeleswaram-palace

കാസർകോട്: കാലപ്പഴക്കം കൊണ്ടും ആരും തിരിഞ്ഞു നോക്കാതെയും തകർന്ന് നാശോന്മുമുഖമായി കൊണ്ടിരുന്ന ചരിത്ര സ്മാരകമായ നീലേശ്വരം രാജകൊട്ടാരത്തിൽ (വലിയ മഠം) ഒടുവിൽ ചെറിയ തോതിലെങ്കിലും അറ്റകുറ്റപ്പണി ആരംഭിച്ചു. ഇടിഞ്ഞ ചുമരുകളും തകർന്ന ജനൽ, വാതിൽ, മേൽക്കൂര,​ പൊട്ടിയ ഓടുകൾ എന്നിവയാണ് മാറ്റി സ്ഥാപിക്കുന്നത്. രാജകുടുംബത്തിന്റെ നേതൃത്വത്തിൽ തന്നെയാണ് പ്രവൃത്തി നടക്കുന്നത്.

നീലേശ്വരം കേന്ദ്രമാക്കി സ്ഥാപിക്കപ്പെട്ട നീലേശ്വരം രാജവംശം 700 കൊല്ലം മുമ്പ് സ്ഥാപിച്ചതെന്ന് കരുതുന്ന കൊട്ടാരം നിരവധി ചരിത്രസംഭവങ്ങൾക്ക് സാക്ഷിയാണ്. ചരിത്രസാക്ഷിയായ കൊട്ടാരത്തിന്റെ തകർച്ച കേരളകൗമുദി പലതവണ പുറംലോകത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജകുടുംബം സ്വന്തം നിലയിൽ തന്നെ അറ്റകുറ്റ പണിയാരംഭിച്ചത്.

കൊട്ടാരത്തിന് ഭീഷണിയായി നിന്നിരുന്ന വലിയമരങ്ങൾ വെട്ടിമാറ്റിയും പിന്നിലെ കാടുകൾ വെട്ടി തെളിച്ചും മേൽക്കൂരയിലേക്ക് പടർന്ന കാടുകൾ വെട്ടിമാറ്റുകയും ചെയ്താണ് പുനരുദ്ധാരണത്തിന്റെ തുടക്കം. കൊട്ടാരം സംരക്ഷിക്കണമെന്ന് പല കോണുകളിൽ നിന്നും ആവശ്യമുയർന്നതുകൂടി കണക്കിലെടുത്താണ് കുടുംബത്തിന്റെ ഇടപെടൽ.

രാജഭരണ കാലഘട്ടത്തിൽ നീലേശ്വരം രാജാക്കന്മാർ ഭരണം നടത്തുകയും നീതിന്യായങ്ങൾ നടപ്പിലാക്കുകയും ചെയ്തിരുന്ന കൊട്ടാരമാണ് ആരും തിരിഞ്ഞു നോക്കാതെ നശിച്ചു കൊണ്ടിരുന്നത്. കൊട്ടാരത്തെ ചരിത്ര മ്യൂസിയമായി മാറ്റണമെന്ന ആവശ്യം ഇപ്പോഴും പല കോണിൽ നിന്നും ഉയരുന്നുണ്ട്. 80 സെന്റ് വിസ്തൃതിയാണ് കൊട്ടാരത്തിനുള്ളത്.

ചരിത്രസ്മാരകം; മുന്നിൽ പല വഴികൾ

കൊട്ടാരം പൈതൃക മ്യൂസിയമാക്കുന്നതിനുള്ള വലിയ താൽപര്യം നീലേശ്വരം നഗരസഭ മുന്നോട്ടുവച്ചിരുന്നു. തെക്കെ കോവിലകം ഏറ്റെടുക്കാൻ പുരാവസ്തുവകുപ്പ് താൽപര്യം അറിയിക്കുകയും ചെയ്തു. പ്രൊഫസർ കെ.പി.ജയരാജൻ നീലേശ്വരം നഗരസഭ ചെയർമാൻ ആയ ഭരണസമിതിയുടെ കാലത്ത് രണ്ടുതവണയാണ് പുരാവസ്തുവകുപ്പ് വകുപ്പ് മേധാവികൾ കോവിലകം സന്ദർശിച്ച് രാജകുടുംബവുമായി ചർച്ച നടത്തിയത്. എന്നാൽ വില സംബന്ധിച്ച് ധാരണയിലെത്താത്തതിനാൽ തുടർനടപടികളില്ലാതെ നീക്കം പാതിവഴിയിലായി.

മഹാശിലാകാലം തൊട്ട് രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, നാടോടിവിജ്ഞാനസംബന്ധമായ ഒട്ടേറെ പ്രത്യേകതകളുള്ള നീലേശ്വരത്തിന്റെ ചരിത്രം വരുംതലമുറക്ക് കൂടി പകർന്നുനൽകുകയെന്ന ലക്ഷ്യത്തോടെയാണ് മ്യൂസിയം അടക്കം ഒരുക്കി കോവിലകം സജ്ജമാക്കാൻ നഗരസഭ പുരാവസ്തുവകുപ്പിൽ സമ്മർദ്ദം ചെലുത്തിയിരുന്നത്.

നീലേശ്വരം രാജവംശം
കോലത്തിരി വംശത്തിന്റെയും സാമൂതിരി വംശത്തിന്റെയും സങ്കലനമാണ് നീലേശ്വരം രാജവംശം. തെക്കേകോവിലകം, വടക്കേ കോവിലകം, കിണാവൂർ കോവിലകം, കക്കാട്ട് കോവിലകം എന്നിങ്ങനെ നാലു തായ്‌വഴികളികൾ. ഇതിൽ തെക്കെ കോവിലകത്തിനായിരുന്നു അധികാരം. ഇവരുടെ ആസ്ഥാനമാണ് വലിയ മഠമെന്ന കൊട്ടാരം. തെക്കെ കോവിലകത്തിലെ മൂത്തയാളാണ് നീലേശ്വരം രാജാവാകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEELESWARAM PALACE, VALIYA MADAM, RENOVATION WORKS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.