ന്യൂഡൽഹി: ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ നിന്ന് പൂജ ഖേദ്കറെ പുറത്താക്കി കേന്ദ്രസർക്കാർ. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സിവിൽ സർവീസ് പരീക്ഷയെഴുതാനായി വ്യാജരേഖ സമർപ്പിച്ചതിലാണ് നടപടി. മുൻപ് പൂജയുടെ സെലക്ഷൻ യുപിഎസ്‌സി റദ്ദാക്കിയിരുന്നു.
സിവിൽ സർവീസ് പരീക്ഷയിൽ മുൻഗണന കിട്ടാൻ വ്യാജ ഒബിസി സർട്ടിഫിക്കറ്റ്, വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ് തുടങ്ങിയവ പൂജ ഖേദ്കർ ഉപയോഗിച്ചുവെന്ന് നേരത്തെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൂടാതെ വഞ്ചനാക്കുറ്റവും ഇവർക്കെതിരെയുണ്ട്. വ്യക്തിഗത വിവരങ്ങൾ വ്യാജമായി നൽകിയാണ് ഇവർ പലതവണ പരീക്ഷ എഴുതിയതെന്നും യുപിഎസ്‌സി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി. മഹാരാഷ്ട്ര കേഡറിലെ 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് പൂജ.
അതിനിടെ, പൂജയുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ പുറത്തുവന്നിരുന്നു. മോഷണക്കേസിലെ പ്രതിയെ മോചിപ്പിക്കാൻ ഡി.സി.പി റാങ്കിലുള്ള പോലീസുദ്യോഗസ്ഥനെ സമ്മർദ്ദത്തിലാക്കി എന്ന് നവിമുംബയ് പൊലീസ് മഹാരാഷ്ട്ര സർക്കാരിന് റിപ്പോർട്ട് നൽകി. മേയ് 18ന് പൻവേൽ പൊലീസ് എടുത്ത കേസിലായിരുന്നു ഇടപെടൽ.
ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ വിവേക് പൻസാരെയെ ഫോണിൽ വിളിച്ച് പ്രതിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പൊലീസ് സമ്മർദ്ദത്തിന് വഴങ്ങിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പൂജ 21 തവണ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതായ വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പല തവണകളായി 27,000 രൂപ ട്രാഫിക് പൊലീസ് ഇവർക്ക് പിഴയിട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |