തിരുവനന്തപുരം: എല്ലാ ജില്ലകളിലും സ്‌ട്രോക്ക് സെന്ററുകൾ യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് മെഡിക്കൽ കോളേജുകൾക്ക് പുറമേ 12 ജില്ലകളിൽ ആരോഗ്യ വകുപ്പിന് കീഴിൽ നിലവിൽ സ്‌ട്രോക്ക് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. മലപ്പുറം, വയനാട് ജില്ലകളിൽ ഈ വർഷം തന്നെ സ്‌ട്രോക്ക് സെന്ററുകൾ യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്‌ട്രോക്ക് ബാധിച്ചവർക്ക് ഗുണനിലവാരമുള്ള തുടർജീവിതം ഉറപ്പാക്കുന്നതിനായി ശാസ്ത്രീയവും സമയബന്ധിതവുമായ ചികിത്സ നൽകുന്നതിനുള്ള മികച്ച ആരോഗ്യ സംവിധാനങ്ങളാണ് ഏർപ്പെടുത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന മിഷൻ സ്‌ട്രോക്ക് പരിശീലന പരിപാടി പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സമയബന്ധിതമായ ചികിത്സയിലൂടെ പക്ഷാഘാതം ബാധിച്ചവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സാധിക്കും. അല്ലെങ്കിൽ ശരീരം തളർന്നു പോകുകയോ മരണം വരെ സംഭവിക്കുകയോ ചെയ്യും. അതിനാൽ ആരോഗ്യ പ്രവർത്തകർക്കുൾപ്പെടെ എല്ലാവർക്കും അവബോധം വളരെ പ്രധാനമാണ്. ഒരു പ്രദേശത്തെ എല്ലാ ആരോഗ്യ പ്രവർത്തകർക്കും സ്‌ട്രോക്കിനെപ്പറ്റിയുള്ള പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് ആദ്യമായി മിഷൻ സ്‌ട്രോക്ക് ആരംഭിച്ചത്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ത്യൻ അക്കാഡമി ഓഫ് ന്യൂറോളജിയും, കേരള അസോസിയേഷൻ ഓഫ് ന്യൂറോളജിസ്റ്റും, ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിട്യൂട്ടിന്റെ കോമ്പ്രിഹെൻസീവ് സ്‌ട്രോക്ക് കെയർ യൂണിറ്റും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളിൽ ആരംഭിക്കുന്ന ഈ പദ്ധതി കേരളത്തിൽ പത്തനംതിട്ട ജില്ലയിലാണ് തുടക്കം കുറിക്കുന്നത്. സ്‌ട്രോക്ക് നിർണയിക്കുന്നതിലെ കാലതാമസം ഒഴിവാക്കിക്കൊണ്ട് ഒരു രോഗിയെ സമയം ഒട്ടും വൈകാതെ ചികിത്സയ്ക്ക് എത്തിക്കുന്നതിന് ആരോഗ്യ വകുപ്പിലെ എല്ലാ ജീവനക്കാരെയും പൊതുജനങ്ങളെയും സജ്ജമാക്കുക എന്ന ഉദ്ദേശ ലക്ഷ്യമാണ് മിഷൻ സ്‌ട്രോക്ക് മുന്നോട്ട് വയ്ക്കുന്നത്. ഇതിനായി മെഡിക്കൽ ഓഫീസർമാർ, സ്റ്റാഫ് നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, മറ്റ് ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവർക്ക് സ്‌ട്രോക്കിനെക്കുറിച്ചുള്ള ആരോഗ്യ ബോധവത്ക്കരണം നൽകുക എന്നതാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നത്. ഇതിനായി ഇന്ത്യൻ അക്കാഡമി ഓഫ് ന്യൂറോളജിയുടേയും, ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിട്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആന്റ് ടെക്‌നോളജിയുടെയും സാങ്കേതിക സഹായം ഉറപ്പാക്കിയിട്ടുണ്ട്. ഒരു വർഷം നീണ്ടുനിൽക്കുന്ന തുടർ പരിശീലന പരിപാടികളാണ് മിഷൻ സ്‌ട്രോക്കിന്റെ ഭാഗമായി നടത്തുവാൻ ഉദ്ദേശിക്കുന്നത്. കോഴിക്കോട് ജില്ലയാണ് അടുത്തതായി തിരഞ്ഞെടുത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |