കോട്ടയം : സാങ്കേതിക വിദ്യകളുടെ കുതിച്ചുചാട്ടത്തോടെ ജില്ലയിൽ സൈബർ കേസുകളും വർദ്ധിക്കുന്നു. പണവും, മാനവും പോയവരടക്കമുള്ളവരുടെ എണ്ണം ഏറുകയാണ്. ഈ വർഷം 1113 കേസുകളാണ് രജിസ്റ്റർ ചെയ്തത്. കോടികളാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയത്. പൊലീസ്, കസ്റ്റംസ്, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, ട്രായ്, സി.ബി.ഐ, എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്, സൈബർ സെൽ, ഇന്റലിജൻസ് ഏജൻസികൾ, വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകൾ തുടങ്ങിയവരെന്ന വ്യാജേനെയാണ് തട്ടിപ്പ്. ഫോൺ നഷ്ടമായത് മുതൽ ഫോണിലൂടെ അശ്ലീല പ്രചാരണം വരെയുണ്ട്. മാനനഷ്ടം ഭയന്നു പലരും കേസ് കൊടുക്കാൻ തയ്യാറാകുന്നില്ല. ഡോക്ടർമാരും, എൻജിനിയർമാരുമടക്കം ഇവരുടെ കെണിയിൽ വീണിട്ടുണ്ട്.
സ്ത്രീകളുടെ പരാതി കൂടുതൽ
സ്ത്രീകളെ വഞ്ചിക്കുന്ന കേസുകളാണ് കൂടുതൽ. 363 പരാതികളാണ് ഇത്തരത്തിൽ ലഭിച്ചിരിക്കുന്നത്. സൈബർ തട്ടിപ്പ്, സമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അപമാനിക്കൽ, പണം തട്ടൽ തുടങ്ങിയവയാണ് ഭൂരിഭാഗവും. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ൽ സൈബർ പൊലീസിനെ വിവരം അറിയിക്കണം. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാൻ സാദ്ധ്യത കൂടുതലാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ആദ്യമണിക്കൂറുകൾ പ്രധാനം
പണം തട്ടിയെടുത്തവർ പല പല അക്കൗണ്ടുകളിലേക്ക് ആദ്യം പണം മാറ്റും
കൃത്യസമയത്തിനുള്ളിൽ നടപടിയെടുത്തില്ലെങ്കിൽ തിരിച്ചെടുക്കാനാവില്ല
'' തട്ടിപ്പിന് ഇരയാകുന്നവരിൽ എല്ലാ വിഭാഗം ആളുകളുമുണ്ട്. പരമാവധി ബോധവത്കരണം നടത്തുകയാണ്. ട്രോളുകളും നോട്ടീസുകളും മറ്റും തയാറാക്കി സമൂഹമാദ്ധ്യമ പേജുകളിൽ ഷെയർ ചെയ്യുന്നുണ്ട്. സാമ്പത്തിക തട്ടിപ്പുകളിലെല്ലാം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കും.
-ഷാഹുൽ ഹമീദ്, ജില്ലാ പൊലീസ് മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |