ചെന്നെെ: ഒമ്പത് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി മാതാപിതാക്കൾ. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം നടന്നത്. പെൺകുഞ്ഞ് ബാദ്ധ്യതയാകുമെന്ന് കരുതിയാണ് കൊല ചെയ്തതെന്ന് മാതാപിതാക്കൾ പൊലീസിന് മൊഴി നൽകി. വെല്ലൂരിലെ കർഷക ദമ്പതികളായ ജീവയും ഡയാനയുമാണ് ഒമ്പത് ദിവസം പ്രായമായ കുഞ്ഞിനെ കൊന്നത്.
ഇവർക്ക് ഒരു മകൾ ഉണ്ട്. രണ്ടാമത് ജനിക്കുന്നത് ആൺകുട്ടി ആകണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ രണ്ടാമത് ജനിച്ചതും പെൺകുഞ്ഞായപ്പോൾ ബാദ്ധ്യതയാകുമെന്ന് കരുതി വിഷം കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു. പപ്പായ മരത്തിന്റെ പാൽ നൽകിയാണ് കൊന്നത്. തുടർന്ന് കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപം കുഴിച്ചിടുകയായിരുന്നു. കുട്ടിയുടെ വായിൽ നിന്ന് ചോര വന്നുവെന്നും അബോധാവസ്ഥയിലായ കുട്ടി പിന്നാലെ മരിക്കുകയായിരുന്നുവെന്നുമാണ് ഡയാനയുടെ പിതാവ് പറഞ്ഞത്.
സംശയം തോന്നിയ ഡയാനയുടെ പിതാവാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ ഡയാനയും ഭർത്താവും രഹസ്യമായി മുങ്ങി പഞ്ചായത്ത് സെക്രട്ടറിയെ കണ്ട് സഹായം തേടി. സെക്രട്ടറിയാണ് പൊലീസിൽ വിവരം അറിയിച്ചത്. മൃതദേഹം മറവ് ചെയ്തിരുന്ന സ്ഥലത്ത് നിന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് അയച്ചു. മൂത്തമകളെ സർക്കാർ സംരക്ഷണത്തിലേക്ക് മാറ്റി. ഈ ഗ്രാമത്തിൽ അടുത്തിടെ നിരവധി പെൺകുട്ടികൾ മരിച്ചിട്ടുണ്ട്. എല്ലാത്തിലും വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |