വിപണിയിൽ ലിസ്‌റ്റ് ചെയ്യുന്ന അൻപതാമത്തെ കേരള കമ്പനിയായി ടോളിൻ ടയേഴ്സ്
കൊച്ചി: രാജ്യത്തെ ഓഹരി വിപണികളിൽ ലിസ്‌റ്റ് ചെയ്‌ത കേരളം ആസ്ഥാനമായ കമ്പനികളുടെ എണ്ണം അൻപതിലേക്ക് എത്തുന്നു. ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്(ഫാക്‌ട്), ഫെഡറൽ ബാങ്ക്, നിറ്റ ജലാറ്റിൻ തുടങ്ങിയ കമ്പനികളുടെ നിരയിലേക്ക് കേരളത്തിലെ ടോളിൻസ് ടയേഴ്സ് കൂടി എത്തുമ്പോഴാണ് പുതിയ നേട്ടം. ടോളിൻ ടയേഴ്സിന്റെ പ്രാരംഭ ഓഹരി വില്പന നാളെ മുതൽ സെപ്തംബർ 11 വരെ നടക്കും. ഓഹരിയൊന്നിന് 215 രൂപ മുതൽ 226 രൂപ വരെ വില നിശ്ചയിച്ച് വിപണിയിൽ നിന്ന് 230 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.
പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് കേരളം ആസ്ഥാനമായ ഒരു മാനുഫാക്ചറിംഗ് കമ്പനി ഓഹരി വിപണിയിൽ ലിസ്റ്റിംഗിന് ഒരുങ്ങുന്നത്. 2008ൽ വി ഗാർഡാണ് ഇതിന് മുൻപ് കേരളത്തിൽ നിന്ന് ഓഹരി വിപണിയിലെത്തിയ മാനുഫാക്‌ചറിംഗ് കമ്പനി. വിപണിയിലെ വില്പനയ്ക്ക് മുൻപായി നങ്കൂര നിക്ഷേപകരിൽ നിന്ന് ടോളിൻസ് ടയേഴ്സ് 90 കോടി രൂപ സമാഹരിച്ചു. പ്രൊമോട്ടർമാരായ വർക്കി ടോളിൻ, ജെറിൻ ടോളിൻ എന്നിവരുടെ 83.31 ശതമാനം ഓഹരികളിൽ ഒരു ഭാഗമാണ് വില്പനയ്ക്ക് ലഭ്യമാക്കുന്നത്.
കേരള കമ്പനികളുടെ തിളക്കം മങ്ങുന്നു
ഓഹരി വിപണിയിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഫാക്‌ട്, കൊച്ചിൻ ഷിപ്പ്‌യാർഡ് എന്നിവയുടെ വിപണി മൂല്യം തുടർച്ചയായി താഴേക്ക് നീങ്ങുന്നു. ഒരവസരത്തിൽ 78,389 കോടി രൂപയുണ്ടായിരുന്ന കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഇപ്പോഴത്തെ വിപണി മൂല്യം 48,968 കോടി രൂപയിലേക്ക് താഴ്‌ന്നു. ഫാക്‌ടിന്റെ വിപണി മൂല്യത്തിൽ പതിനായിരം കോടി രൂപയിലധികം ഇടിവുണ്ടായി. 80,000 കോടി രൂപയ്ക്ക് അടുത്ത് വിപണി മൂല്യമുള്ള മുത്തൂറ്റ് ഫിനാൻസ് മാത്രമാണ് ഇപ്പോഴും ശക്തമായി പിടിച്ചുനിൽക്കുന്നത്.
കമ്പനി ഓഹരി വില വിപണി മൂല്യം
മുത്തൂറ്റ് ഫിനാൻസ് 1,976.55 രൂപ 79,351 കോടി രൂപ
കല്യാൺ ജുവലേഴ്സ് 648.20 രൂപ 66,844 കോടി രൂപ
ഫാക്‌ട് 974.5 രൂപ 63,028 കോടി രൂപ
കൊച്ചിൻ ഷിപ്പ്‌യാർഡ് 1,865.35 രൂപ 48,968 കോടി രൂപ
ഫെഡറൽ ബാങ്ക് 183.45 രൂപ 44,945 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |