Kerala Kaumudi Online
Saturday, 25 May 2019 3.05 PM IST

വികസന പാതയിൽ മടിപിടിച്ച് തദ്ദേശ ഭരണ സ്ഥാപനങ്ങൾ

tvm-dist-panchayath

ഒരു സംസ്ഥാനത്തിന്റെ വികസന വഴികളിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല. പ്രത്യേകിച്ച്. നവനിർമ്മിതിയുടെ പാതയിലാണെന്ന് അവകാശപ്പെടുന്ന കേരളത്തിന്റെ കാര്യത്തിൽ. സാമ്പത്തിക വർഷം പൂർത്തിയാകാൻ ഇനി നാലു മാസത്തോളം ശേഷിക്കെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടുത്തേണ്ടതാണ്.

തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഇന്ത്യയിലെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പ്രദേശിക ഭരണകൂടങ്ങളാണ്.നിയമ നിർമ്മാണമൊഴികെയുള്ള വിപുലമായ അധികാരങ്ങളും ചുമതലകളുമാണ് ഇവയ്ക്കുള്ളത്.ഇപ്പോഴത്തെ പഞ്ചായത്തുകൾ 1992 ലെ 73ആം ഭരണ ഘടനഭേധഗതി പ്രകാരം ഉണ്ടാക്കിയ പഞ്ചായത്തി രാജ് നിയമപ്രകാരമാണ് പ്രവർത്തിക്കുന്നത്. 1992ൽ തന്നെ പാസ്സാക്കിയ നഗരപാലികാ നിയമപ്രകാരം74ആം ഭരണ ഘടനഭേധഗതിപ്രകാരം നിലവിൽ വന്നവയാണ് ഇപ്പോഴുള്ള മുനിസിപ്പൽ കോർപ്പറേഷനുകളും നഗരസഭകളും. കെട്ടിടങ്ങളും സ്ഥാപനങ്ങളും നിർമ്മിക്കാനും നടത്തിക്കൊണ്ടുപോകാനും അനുമതി നൽകുന്നത് തദ്ദേശ ഭരണ സ്ഥാപനങ്ങളാണ്.ഇവയുടെ അനുമതി ഇല്ലാതെ യാതൊരു സ്ഥാപനത്തിനും പ്രവർത്തിക്കാൻ ആവില്ല.കെട്ടിടങ്ങളിൽ നിന്നും തൊഴിലാളികളിൽ നിന്നും നികുതി പിരിക്കുന്നതിനുള്ള അവകാശവും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കാണ്.അതു കൂടാതെ കെട്ടിടങ്ങളും സ്ഥാപനങ്ങളും നിർർമ്മിച്ച് വാടകക്ക് നൽകാനും ഇവക്ക് അവ്കാശമുണ്ട്.പദേശിക ഗതാഗത സൗകര്യം ഒരുക്കൽ ,പാർപ്പിടമില്ലാത്തവർക്ക് വീട് നിർമ്മിച്ചു നൽകൽ,കൃഷിയും ഉത്പാദന മേഖലയെയും പ്രോൽസാഹിപ്പിക്കുക ,മാലിന്യനിർമ്മാർജ്ജനം തുടങ്ങിയ വിപുലമായ മേഖലകൾ ഉൾക്കൊള്ളുന്നതാണ് തദ്ദേശ സ്വയംഭരണം.

ഈ സാമ്പത്തിക വർഷം വികസന പദ്ധതികൾക്കായി ആകെ അനുവദിച്ചത് 6720 കോടി രൂപയാണ് അനുവദിച്ചത്. എന്നാൽ നടത്തിപ്പ് കാലയളവ് ഏഴ് മാസം പൂർത്തിയാകുമ്പോൾ വിനിയോഗിച്ച തുക 2500 കോടിയും. സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ കാട്ടിക്കൂട്ടുന്ന തട്ടിക്കൂട്ട് ജോലികൾ ആണോ നമുക്ക് വേണ്ടത്...വികസന പദ്ധതി സമർപ്പണം നേരത്തെ നടത്താൻ സർക്കാർ ഇടപെട്ടിട്ടും ഫലമുണ്ടായില്ല. വിവിധ പദ്ധതി നടത്തിപ്പിനായി അനുവദിച്ച തുകയുടെ പകുതിപോലും ചെലവഴിക്കാൻ നമ്മുടെ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ആയില്ല. 6720 കോടിയുടെ പദ്ധതിയിൽ ആകെ ചെലവഴിച്ചത് 2504 കോടിരൂപ മാത്രമാണ്.

ഈ തുകയിൽ 43 ശതമാനം ചെലവഴിച്ച ബ്‌ളോക്ക് പഞ്ചായത്തുകളാണ് വികസനപ്പണ വിനിയോഗത്തിൽ മുന്നിലുള്ളത്. 39.33 ശതമാനം ചെലവഴിച്ച ജില്ലാ പഞ്ചായത്തുകൾ രണ്ടാമാതും 37.9 ശതമാനവുമായി ഗ്രാമപഞ്ചായത്തുകൾ മൂന്നാം സ്ഥാനത്തുമാണ്. 28.41 ശതമാനം മാത്രം ചെലവഴിച്ച കോർപ്പറേഷനുകളാണ് ഏറ്റവും പിന്നിൽ .വികസനപ്പണം ചെലവഴിക്കുന്നതിൽ തമ്മിൽ ഭേദം കണ്ണൂരും തിരുവനന്തപുരവുമാണ്. അതേസമയം, തദ്ദേശവകുപ്പ് മന്ത്രിയുടെ സ്വന്തം ജില്ല ഉൾപ്പെട്ട മധ്യകേരളമാണ് ഏറ്റവും പിന്നിലായുള്ളത്.

വികസന പ്രവർത്തനങ്ങൾ ഇക്കുറി എങ്കിലും പാളിപ്പോകരുതെന്ന ഉദ്ദേശത്തിലാണ് സാമ്പത്തിക വർഷം തുടങ്ങും മുമ്പേ പദ്ധതികൾ സമർപ്പിക്കാൻ സർക്കാർ കർശന നിർദ്ദേശം നൽകിയതും കൃത്യസമയത്ത് അംഗീകാരം നൽകിയതും. സാമ്പത്തികവർഷം ഏഴുമാസം പിന്നിടുമ്പോൾ 41.32 ശതമാനം തുക ചെലവഴിച്ച കണ്ണൂർ മുന്നിലും 32.2 ശതമാനം ചെലവഴിച്ച എറണാകുളം ഏറ്റവും പിന്നിലുമാണ്. തെക്കൻ കേരളവും വടക്കൻ കേരളവും അല്പം ഭേദമെങ്കിൽ മധ്യമേഖലാ ജില്ലകൾ പണവിനിയോഗത്തിൽ വരുത്തിയത് ഗുരുതരവീഴ്ചയാണ് . വികസനപ്പണം ചെലവഴിക്കുന്നതിലെ വീഴ്ച പ്രളയത്തിൽ പഴിചാരുകയാണിവിടെ. പ്രളയം ബാധിക്കാത്ത പ്രദേശങ്ങളിലേയും സ്ഥിതി ദാരുണമാണ്.

bus

പ്രളയം മൂലം പദ്ധതി പ്രവർത്തനങ്ങൾ താളം തെറ്റിയെന്ന ന്യായമാണ് തദ്ദേശ സ്ഥാപനങ്ങൾ കാരണമായി നിരത്തുന്നത്. എന്നാൽ പ്രളയം ബാധിക്കാത്ത ജില്ലകളുടെ പ്രവർത്തനവും മോശമാണ്. പ്രളയ ബാധിത പ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നതും നിർമ്മാണ സാമഗ്രികളുടെ ലഭ്യതക്കുറവും തടസ്സമായെന്ന വാദമാണ് പലരും ഉന്നയിക്കുന്നത്. വെള്ളനാട് ഗ്രാമപ്പഞ്ചായത്ത് വിവിധ പദ്ധതികളുമായി സംയോജിപ്പ് തിരുവനന്തപുരം നഗരത്തിൽ ജൈവ പച്ചക്കറി വിപണനം നടത്താൻ അത്യന്താധുനിക ശീതീകരണ സംവിധാനങ്ങളോടെ ലക്ഷങ്ങൾ ചെലവഴിച്ചു വാങ്ങിയ വാഹനമാണിത്. വാഹനം റെഡിയായി ഇനി വ്യാപകമായി ജൈവ പച്ചക്കറി ഉല്പാദനം തുടങ്ങിയാൽ മതി അതിന് പദ്ധതി ആരംഭിക്കണം വാഹനം ഒരു മാസമായി പഞ്ചായത്താഫീസിനു സമീപം പൊതുനിരത്തിൽ കിടക്കുന്നു. പച്ചക്കറി ശരിയായി വരുമ്പോൾ വാഹനത്തിന്റെ കഥ കഴിയുകയും ചെയ്യും. നന്ദിയോട് ഗ്രാമപഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിൽ പ്രോജക്ടുകളുടെ ഭാഗമായി ജൈവ പച്ചക്കറി സുലഭമാണ്. എന്നാൽ അവ നഗരത്തിലെത്തിക്കാൻ ആധുനിക ശീതീകരണ സംവിധാനവും ജി പിഎസും ഉള്ള വാഹനം ഇല്ല.പച്ചക്കറി ഉല്പാദിപ്പിക്കുന്നവർക്ക് വാഹനമില്ല .വാഹന മുള്ളവർക്ക് പച്ചക്കറി ഉല്പാദനവുമില്ല.

ഇവരെ ഇരു കുട്ടരെയും സംയോജിപ്പിക്കുവാൻ പദ്ധതിയുമില്ല. സാമ്പത്തിക വർഷം ഏഴുമാസം പിന്നിടുമ്പോൾ പകുതി തുക പോലും വിനിയോഗിക്കാതെ വികസനപ്പണത്തിൽ തദ്ദേശ സ്ഥാപനങ്ങൾ അടയിരിക്കുകയാണ്. വർക്കിംഗ് ഗ്രൂപ്പുകൾ, ആസൂത്രണ സമിതികൾ, ഗ്രാമസഭ, സ്റ്റോക്ക് ഹോൾഡേഴ്സ് യോഗം എന്നിവയെല്ലാം ചടങ്ങുകൾ മാത്രമാകുന്നു. വിദഗ്ധരെ ഉൾക്കൊള്ളിക്കുന്നതിന് പകരം രാഷ്ട്രീയ അടിസ്ഥാനത്തിൽ ആളെ തിരഞ്ഞെടുക്കുകയാണ്. യോഗങ്ങളുടേയും ഗ്രാമസഭകളിലേയും നിർദ്ദേശം പരിഗണിക്കപ്പെടുന്നില്ല. ത്രിതല പഞ്ചായത്തുകളിലെ പദ്ധതികൾ തമ്മിൽ ഏകീകരണവും സംയോജനവും നടക്കുന്നില്ല. മാത്രമല്ല സർക്കാർ നിർദ്ദേശങ്ങൾ യഥാസമയം ലഭ്യമല്ല.

പ്രദേശത്തിന്റെ ആവശ്യകത നോക്കിയല്ല മിക്കപ്പോഴും പദ്ധതി തയ്യാറാക്കുന്നത്. ആനുകാലിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ പദ്ധതികൾക്ക് പകരം പരമ്പരാഗത പ്രോജക്ടുകൾ പിന്തുടരുന്നു. വർക്കിംഗ് ഗ്രൂപ്പുകൾ ഒന്നും തന്നെ ഫലപ്രദമായി നടക്കുന്നില്ല. വർക്കിംഗ് ഗ്രൂപ്പുകളിൽ ബന്ധപ്പെട്ട മേഖലകളിലെ വൈദഗ്ധ്യവും മുൻപരിചയവും ഉള്ളവരെ ഉൾപ്പെടുത്തുന്നതിന് പകരം മെമ്പർമാർ അവരവരുടെ രാഷ്ട്രീയ ഗ്രൂപ്പുകളിൽ പെട്ട ആളുകളെ ഉൾപ്പെടുത്തുന്നു. ഇക്കാരണങ്ങളാൽ ക്രിയാത്മക ചർച്ചകളോ നിർദ്ദേശമോ ഉണ്ടാകുന്നില്ല. സർക്കാർ മാർഗനിർദ്ദേശങ്ങൾക്ക് അനുസരിച്ച് മേഖലാവിഭജനം നടത്തുമ്പോൾ പ്രദേശിക സാധ്യതകൾക്ക് അനുസരിച്ച് തുക വകയിരുത്തുവാൻ കഴിയുന്നില്ല. പല മേഖലകൾക്കും ആവശ്യത്തിന് തുക ലഭിക്കാറുമില്ല. ഇങ്ങനെ വരുമ്പോൾ കൃഷി. മൃഗസംരക്ഷണം, മാലിന്യ സംസ്‌കരണം എന്നീ മേഖലകൾ മിനിമത്തിൽ ഒതുങ്ങുന്നു.തുക എങ്ങനെയെങ്കിലും വിനിയോഗിക്കാനായി അശാസ്ത്രീയമായ പ്രോജക്ടുകൾ നടപ്പാക്കുന്നു

pratheesh-mg

പരിശീലനത്തിന്റെ കുറവല്ല പരിശോധനയുടെ കുറവാണ്.

ജനകീയാസൂത്രണം തുടങ്ങിയ നാൾ മുതൽ കില കോടികൾ ചെലവഴിച്ച് പരിശീലനങ്ങൾ നടത്തുന്നു' ഒരു ഗുണവും ഉണ്ടാകുന്നില്ല. ഇതിന്റെ നാലിലൊന്ന് തുക ചെലവഴിച്ചാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വീഡിയോ ക്യാമറ വാങ്ങി നല്കാം അല്ലെങ്കിൽ ഒരു മൊബൈൽ ആപ് ഉണ്ടാക്കാം ഇതിലൂടെ ജനകീയാസൂത്രണ പ്രവർത്തനങ്ങളുടെ എല്ലാ ഘടകങ്ങളും ലൈവായി ഓൺലൈനിൽ അപ് ലോഡ് ചെയ്യണമെന്ന് നിദ്ദേശിച്ചാൽ പകുതി പ്രശ്നങ്ങളും തീരുന്നതേയുള്ളു. ഗ്രാമസഭയും പഞ്ചായത്തു കമ്മറ്റിയും ആസൂത്രണ സമിതിയും സ്റ്റേക്ക് ഹോൾഡേഴ്സിന്റെ യോഗവും എല്ലാം ഡിജിറ്റൽ രേഖ ക ളാകട്ടെ എല്ലാവരും നിജസ്ഥിതി മനസ്സിലാക്കട്ടെ സങ്കേതിക വിദ്യ ഇത്രയും മികച്ചതായി മാറിയ ഇക്കാലത്ത് ഇതൊന്നും ഒരു പ്രശ്നമേ അല്ല എന്നതാണ് വസ്തുത.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NERKKANNU
KERALA KAUMUDI EPAPER
TRENDING IN VIDEOS
VIDEOS
PHOTO GALLERY