വിഴിഞ്ഞം:ഉറങ്ങിക്കിടന്ന അദ്ധ്യാപികയുടെ സ്വർണമാല പൊട്ടിച്ചു കടന്നു. സമീപത്തെ റിട്ട. പൊലീസുകാരന്റേതുൾപ്പെടെ രണ്ടു വീടുകളിൽ മോഷണ ശ്രമം. പെരിങ്ങമ്മല പുല്ലാന്നിമുക്ക് 'മല്ലിക'യിൽ കോഴിക്കോട് ആർ.ഡി.ഒ ഓഫീസ് സീനിയർ സൂപ്രണ്ട് സുനീഷിന്റെ വീട്ടിലാണ് ഇന്നലെ പുലർച്ചെ 3.15ന് വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിയത്. വാതിലിന്റെ അടിഭാഗത്തെ കട്ടള ആയുധമുപയോഗിച്ചു പൊളിച്ച നിലയിലാണ്. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 5000 രൂപ വിലവരുന്ന വാച്ച്, ബാഗിലെ പണം എന്നിവയും മോഷ്ടാവ് കൊണ്ടുപോയി. അഞ്ചുപവൻ മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെ അദ്ധ്യാപികയ മെർലിൻ സുഷ(51) ഉണർന്നു. പിടിവലിക്കിടെ മാല പൊട്ടി മൂന്നര പവൻ മോഷ്ടാവിന്റെ കൈയിലായി.ഇതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടുവെന്ന് വീട്ടുകാർ പറഞ്ഞു.ഭർത്താവ് ജോലിയുമായി ബന്ധപ്പെട്ട് കോഴിക്കോട്ടും മൂത്ത മകൾ പഠനത്തിനായി ഹോസ്റ്റലിലുമാണ്. വീട്ടിൽ ഇളയ മകളും മെർലിനും മാത്രമാണ് ഉണ്ടായിരുന്നത്. ഇരുവരും ഒരു മുറിയിലാണ് കിടന്നിരുന്നത്. വീട്ടുവളപ്പിൽ നായയെ തുറന്നു വിട്ടിരുന്നെങ്കിലും മയക്കിയ നിലയിലായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. ഏറെ നേരത്തിനു ശേഷമാണ് നായ സ്വബോധത്തിലേക്ക് എത്തിയത്. സമീപത്തെ വീടുകളിലും ഇതേ രീതിയിൽ വാതിൽ തകർത്ത് മോഷണശ്രമം നടത്തിയിട്ടുണ്ട്. സുനീഷിന്റെ സഹോദരൻ തൊട്ടടുത്ത വീട്ടിലെ റിട്ട എസ്.ഐ സുരേഷ് കുമാറിന്റെ വീട്ടിലാണ് വാതിൽ തകർക്കാൻ ശ്രമിച്ചത്. വീടിന്റെ പിറകുവശത്തെ ഇരുമ്പു വാതിലാണ് കുത്തിത്തുറക്കാൻ ശ്രമിച്ചത്. ഈ വീടിന് സമീപത്തെ ശ്രീലാലിന്റെ വീട്ടിലും സമാന രീതിയിൽ മോഷണശ്രമം നടന്നു.
ഫോട്ടോ:
1.പിടിവലിക്കിടെ പൊട്ടിയ താലിമാല .
2. വീടിന്റെ വാതിലിലെ കട്ടള തകർത്ത നിലയിൽ
3. മോഷണം നടന്ന വീട്ടിൽ തെളിവെടുപ്പ് നടത്തുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |