കൊല്ലം: പ്രായപൂർത്തിയാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു ഗർഭിണിയാക്കിയ യുവാവിന് 51 വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും. കരുനാഗപ്പള്ളി ശൂരനാട് പടിഞ്ഞാറു മുറിയിൽ വാഴപ്പള്ളി വടക്കത്തു വീട്ടിൽ ദിലീപിനെയാണ് (27) കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി മിനിമോൾ ശിക്ഷിച്ചത്.
15 വയസുണ്ടായിരുന്ന കുട്ടി 2020 ഡിസംബറിലാണ് ഗർഭിണിയായത്. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് അറിഞ്ഞത്. ഡോക്ടർ വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയും തുടർന്ന് ശൂരനാട് പൊലീസ് കേസെടുക്കുകയും ചെയ്തു. പെൺകുട്ടിയുടെ ഫോൺ പരിശോധച്ച പൊലീസ്, സുഹൃത്തായ ദിലീപാണ് പ്രതിയെന്നു മനസിലാക്കി. ഒളിവിൽ പോയ ഇയാളെ സി.ഐ ഫിറോസ്, എസ്.ഐ റഷീദ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. റിമാൻഡ് കഴിഞ്ഞ് ഈ കേസിൽ ജാമ്യം എടുത്തു പുറത്തിറങ്ങിയ പ്രതി പെൺകുട്ടിയുടെ മാതാപിതാക്കളെ വെട്ടി പരിക്കേൽപ്പിച്ചു. ഇതിന് നരഹത്യയ്ക്ക് കരുനാഗപ്പള്ളി പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ സഹോദരനെ ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ സോജ തുളസീധരൻ, എൻ.സി. പ്രേം ചന്ദ്രൻ എന്നിവർ പ്രോസിക്യൂഷനു വേണ്ടി ഹാജരായി. സി.പി.ഒ മേരി ഹെലൻ ആയിരുന്നു പ്രോസിക്യൂഷൻ സഹായി. കേസിലെ പെൺകുട്ടി പ്രസവിച്ച കുഞ്ഞ് ചൈൽഡ് ലൈൻ സംരക്ഷണയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |