വടക്കാഞ്ചേരി: വടക്കാഞ്ചേരിയിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം വർദ്ധിക്കുന്നു. പുലർച്ചെ ഒന്നു മുതൽ മൂന്നു വരെയുള്ള സമയങ്ങളിലാണ് മോഷണങ്ങൾ നടക്കുന്നത്. തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം, പനങ്ങാട്ടുകര കാർത്യായനി ഭഗവതി ക്ഷേത്രം,കുണ്ടന്നൂർ ശ്രീകൃഷ്ണ പുരം,കുറ്റിയങ്കാവ് ഭഗവതിക്ഷേത്രം,വടക്കാഞ്ചേരി സെ: ഫ്രാൻസീസ് സേവ്യർ ഫൊറോന ദേവാലയം എന്നിവിടങ്ങളിൽ ഒന്നര മാസത്തിനുള്ളിൽ മോഷണം നടന്നിരുന്നു. കൂടാതെ കഴിഞ്ഞ രാത്രിയിൽ ഉത്രാളികാവിലും ഭണ്ഡാരം കുത്തി തുറന്ന് പണം കവർന്നു. പൊലീസിനെ വെല്ലുവിളിച്ച് തുടർച്ചയായി മോഷണം നടക്കുമ്പോൾ പൊലീസ് ഇരുട്ടിൽ തപ്പുകയാണെന്നും ആരോപണം ഉയരുന്നുണ്ട്. ഉത്രാളികാവിലെ
ഗുരുതി തറയ്ക്ക് മുൻപിലുള്ള ഭണ്ഡാരമാണ് തകർത്തത്.
ആൽത്തറ, നാഗത്തറ എന്നിവിടങ്ങളിലെ ഭണ്ഡാരങ്ങൾ തകർക്കാൻ ശ്രമിച്ചെങ്കിലും പരാജപ്പെട്ടു. സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ക്ഷേത്രത്തിനു പുറകുവശത്തുള്ള റെയിൽപാത വഴിയാണ് മോഷ്ടാവ് എത്തിയിട്ടുള്ളതെന്നാണ് സൂചന. കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ പ്രേമരാജ് ചൂണ്ടലാത്ത് ക്ഷേത്രം സന്ദർശിച്ചു. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സി.സി.ടി.വി.യിൽ വാവ അനിയുടെ ദൃശ്യങ്ങൾ
ഉത്രാളിക്കാവ് ക്ഷേത്രത്തിൽ നടത്തിയ മോഷണം കുപ്രസിദ്ധ മോഷ്ടാവ് എറണാകുളം മേമുറി ഊരമന മണപ്പിള്ളിക്കാട്ടിൽ വാവ അനി (അനിൽ വാവ ) യാണെന്ന നിഗമനത്തിൽ പൊലീസ്. സി.സി .ടി .വി.യിൽ നിന്ന് അനിയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അമ്പലങ്ങൾ,പള്ളികൾ, ഗവ: ഓഫീസുകൾ എന്നിവ കൊള്ളയടിച്ച് മുങ്ങുന്ന അനിക്കെതിരെ നിരവധി സ്റ്റേഷനുകളിൽ കേസുകളുണ്ട്. ഇയാൾക്ക് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കി.
അതീവ ജാഗ്രത വേണം
ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്ന മഴക്കാല കള്ളന്മാരെ തുരത്താൻ ക്ഷേത്ര ജീവനക്കാരും ഒപ്പം പൊലീസും അതീവ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ പ്രേംരാജ് ചൂണ്ടാലത്ത്. ഇതിനായ് ദേവസ്വം ബോർഡ് കർമ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. രണ്ട് സുരക്ഷാ ജീവനക്കാരുണ്ടായിട്ടും ഉത്രാളിക്കാവിൽ നടന്ന മോഷണത്തെക്കുറിച്ച് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |