ആലുവ: നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യബസ് സ്റ്റാൻഡിലെ ക്ളോക്ക് ടവറിലും മാർക്കറ്റ് ഭാഗത്തെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലും കവർച്ച നടത്തിയ പ്രതിയെ നാട്ടുകാർ പിടികൂടി തൊണ്ടിമുതൽ സഹിതം പൊലീസിന് കൈമാറിയെങ്കിലും പെറ്റിക്കേസ് ചുമത്തി പറഞ്ഞുവിട്ടു.
നേപ്പാൾ സ്വദേശി കബീർ റാംബഹദൂറിനെയാണ് (32) സ്വന്തം ജാമ്യത്തിൽ പറഞ്ഞുവിട്ടത്.
വ്യാഴാഴ്ച രാത്രിയാണ് ക്ളോക്ക് ടവർ ബിൽഡിംഗിലെ ഒന്നും രണ്ടും നിലകളിലേക്കുള്ള ചവിട്ടുപടികളുടെ ഭാഗത്തെ വയറിംഗ് പൂർണമായി ഇളക്കി വയറുകളെല്ലാം ഇയാൾ മുറിച്ചെടുത്തത്. രണ്ടാം നിലയിലെത്തിയ പ്രതി കെ.ജെ.യു ഓഫീസിലെ എ.സി യൂണിറ്റിന്റെ ഔട്ട് ഡോർ നശിപ്പിക്കുകയും മൂന്നുമീറ്ററോളം നീളമുള്ള കോപ്പർപൈപ്പ് മുറിച്ചെടുക്കുകയും ചെയ്തു. തുടർന്ന് മാർക്കറ്റ് റോഡിൽ പയ്യപ്പിള്ളി ലിജിയുടെ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ വയറിംഗും ഇളക്കി വയർ മുറിച്ചെടുത്തശേഷം തിരികെ ക്ളോക്ക് ടവറിന് താഴെയെത്തി.
സഞ്ചിയുമായി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട മാർക്കറ്റിലെ ചുമട്ടുതൊഴിലാളികൾ ഇയാളെ തടഞ്ഞുവച്ച് വിവരം പൊലീസിനെ അറിയിച്ചു. സ്റ്റേഷനിലെത്തിച്ച് കേസെടുത്തശേഷം ഇന്നലെ ഉച്ചയോടെ ഇയാളെ പറഞ്ഞുവിടുകയായിരുന്നു. കെ.ജെ.യു മേഖലാ സെക്രട്ടറി എം.പി. നിത്യൻ വൈകിട്ട് മൂന്നോടെ രേഖാമൂലം പരാതിയുമായി സ്റ്റേഷനിൽ എത്തിയപ്പോഴേക്കും പ്രതിയെ പൊലീസ് പറഞ്ഞുവിട്ടിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയതിനാണ് കേസെടുത്തതെന്നും ഓഫീസിലെ മോഷണം അറിഞ്ഞിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. അതേസമയം, പ്രതിയിൽനിന്ന് പിടിച്ചെടുത്ത വയർ ജി.ഡി ചാർജുമാന്റെ മേശയ്ക്ക് സമീപം കൂട്ടിയിട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |