തൊടുപുഴ: പപ്പടമില്ലാത്തൊരു ഓണ സദ്യയെപ്പറ്റി ചിന്തിക്കാനാകില്ല. ഓണമുണ്ണാൻ മലയാളി ഒരുങ്ങിത്തുടങ്ങിയതോടെ പപ്പട നിർമ്മാതാക്കളും പിടിപ്പതു പണിയിലാണ്.
തമിഴ്നാടൻ പപ്പടം വിപണിയിലുണ്ടെങ്കിലും പരമ്പരാഗത തൊഴിലാളികൾ ഉണ്ടാക്കുന്ന പപ്പടത്തിനാണ് രുചിക്കൂടുതലും ആവശ്യക്കാരേറെയും. ആഘോഷവേളകളിൽ ആവശ്യത്തിന് ഓർഡർ കിട്ടാറുണ്ടെങ്കിലും പരമ്പരാഗത പപ്പട നിർമ്മാണം ഇപ്പോൾ പ്രതിസന്ധിയിലാണ്. കൈകൊണ്ട് പരത്തിയെടുക്കുന്ന രീതിയൊക്കെ മാറി. യന്ത്രങ്ങളാണ് ഇപ്പോൾ മാവ് കുഴയ്ക്കുന്നതും പപ്പടം പരത്തുന്നതും കട്ട് ചെയ്യുന്നതുമൊക്കെ. പരമ്പരാഗതമായി പപ്പടനിർമ്മാണ തൊഴിൽ ചെയ്യുന്നവർ ഇന്ന് വിരളമാണ്. പുതിയ രീതിയിലുള്ള യന്ത്രങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച് പായ്ക്ക് ചെയ്‌തെത്തുന്ന തമിഴ്നാട് പപ്പടങ്ങളുടെ കടന്നുവരവും പരമ്പരാഗത വ്യവസായത്തെ ദോഷകരമായി ബാധിച്ചു.
കേരളത്തിലേക്ക് ഓണവിപണി ലക്ഷ്യമിട്ട് ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന പപ്പടത്തിലും വ്യാജനുണ്ട്. പപ്പടത്തിൽ സാധാരണ ഉപയോഗിച്ചുവരുന്ന കടലമാവിന് പകരം മറ്റു മിശ്രിതങ്ങൾ കൂടുതലായി ഉപയോഗിച്ചാണ് വ്യാജന്റെ വരവ്. ഇത് കഴിക്കുന്നത് ഉദരരോഗത്തിന് ഇടയാക്കും. ഇത്തരക്കാരെ പിടിക്കാൻ ഓണത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് പരിശോധന ആരംഭിച്ചിട്ടുണ്ട്.
രുചികരമല്ല കാര്യങ്ങൾ
സദ്യകളിൽ രുചിയുടെ മാലപ്പടക്കം പൊട്ടിക്കുന്ന പപ്പടങ്ങൾ ഉണ്ടാക്കുന്ന വ്യവസായമേഖല കൊവിഡിന് ശേഷം കടുത്ത പ്രതിസന്ധിയിലാണ്. അസംസ്‌കൃത വസ്തുക്കളുടെ വിലവർദ്ധനയാണ് ഒരു കാരണം. പപ്പട നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഉഴുന്ന്, പപ്പടക്കാരം, എണ്ണ, ഉപ്പ് എന്നിവയുടെ വിലക്കയറ്റമാണ് പ്രശ്നം സൃഷ്ടിക്കുന്നത്. ഉഴുന്നുമാവിന് വില വർദ്ധിച്ച് 130ലെത്തി, പപ്പടക്കാരത്തിന്റെ വിലയും ഉയർന്ന് 120 രൂപയായി. പരിചയ സമ്പന്നരായ തൊഴിലാളികളെ കിട്ടാനും ബുദ്ധിമുട്ടാണെന്നതും പ്രതിസന്ധി കൂട്ടി. ഇത്തവണത്തെ പ്രതികൂല കാലവാസ്ഥയും വില്ലനായി. മാറി മാറി വരുന്ന വെയിലും മഴയും മൂലം ശരിയായ രീതിയിൽ പപ്പടം ഉണക്കിയെടുക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. പലരും ഉണക്കാനായി ലക്ഷകണക്കിന് രൂപ മുടക്കി ഡ്രെെയർ ഉൾപ്പെടെ വാങ്ങേണ്ടി വന്നു. അത് സൃഷ്ടിക്കുന്ന ഉയർന്ന വൈദ്യുതി ബില്ലും താങ്ങാൻ കഴിയുന്നില്ലെന്ന് നിർമ്മാതാക്കൾ പറയുന്നു.
പപ്പടം പലവിധം
ചെറിയ പപ്പടം, വലിയ പപ്പടം, ഉള്ളി പപ്പടം, വെളുത്തുള്ളി പപ്പടം, മുളക് പപ്പടം, മസാല പപ്പടം, ജീരക പപ്പടം, കുരുമുളക് പപ്പടം, ഗുരുവായൂർ പപ്പടം തുടങ്ങി വിവിധ തരത്തിലുള്ള പപ്പടങ്ങളും വിപണിയിലുണ്ട്. എന്നാൽ ചെറിയ പപ്പടങ്ങൾക്കാണ് എപ്പോഴും ഡിമാൻഡ്.
ചെറിയ പപ്പട വില: 90 രൂപ (100 എണ്ണം)
'കാലാവസ്ഥ അനുകൂലമായാൽ കച്ചവടം മെച്ചപ്പെടും. വരും നാളുകൾ പ്രതീക്ഷയുള്ളതാണ്.'
പ്രദീപ് പി.പി, പപ്പട വ്യാപാരി (മുരളീസ് പപ്പടം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |