തിരുവനന്തപുരം: ആർ.എസ്.എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ച എ.ഡി.ജി.പി എം.ആർ അജിത് കുമാർ സ്ഥിരീകരിച്ചതോടെ, രാഷ്ട്രീയ വിവാദം പുതിയ തലത്തിലേക്ക്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുടങ്ങിവച്ച ഈ വിഷയം, മുഖ്യമന്ത്രി-ബി.ജെ.പി - സി.പി.എം രഹസ്യബാന്ധവമെന്ന് സ്ഥാപിച്ചെടുക്കാനാണ് കോൺഗ്രസ് ശ്രമം. മുഖ്യമന്ത്രിക്ക് കവചമൊരുക്കി സി.പി.എം നേതാക്കളും രംഗത്ത് വന്നു. പക്ഷേ,സി.പി.ഐ കടുത്ത ഭാഷയിലാണ് സന്ദർശനത്തെ തള്ളിപ്പറഞ്ഞത്. ഇതു ഭരണപക്ഷത്തിന് തിരിച്ചടിയായി.
ആർ.എസ്.എസ് ദേശീയ വക്താവായിരുന്ന റാം മാധവുമായി കോവളത്തെ ഹോട്ടലിലും എ.ഡി.ജി.പി ചർച്ച നടത്തിയെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് വിഷയം ചൂടുപിടിപ്പിച്ചു.
സി.പി.എം-ബി.ജെ.പി രഹസ്യബാന്ധവത്തിന്റെ കേന്ദ്രസ്ഥാനത്ത് മുഖ്യമന്ത്രിയെ പ്രതിഷ്ഠിക്കാനും സി.പി.എമ്മിന്റെ പ്രത്യയ ശാസ്ത്ര അടിത്തറ തകർന്നെന്ന് സ്ഥാപിക്കാനും കോൺഗ്രസ് ശ്രമിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിൽ ഒരു മന്ത്രിസഭാംഗം ഉൾപ്പെട്ടുണ്ടെന്ന പ്രതിപക്ഷനേതാവിന്റെ മൂർച്ചയേറിയ ആരോപണം കൂടി വന്നതോടെ, മുഖ്യമന്ത്രിക്ക് പിന്തുണയുമായി മന്ത്രി എം.ബി രാജേഷ് രംഗത്തിറങ്ങി. എ.ഡി.ജി.പിയുടെ സന്ദർശനത്തിൽ സി.പി.എമ്മിന് ബന്ധമില്ലെന്നും ആസൂത്രിത പ്രചാരണത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും വാദിച്ചാണ് പാർട്ടി പ്രതിരോധം തീർക്കുന്നത്. ആർ.എസ്.എസ് ബന്ധം നിരാകരിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പി.ബി അംഗം എം.എ ബേബിയും രംഗത്ത് വന്നു. എ.ഡി.ജി.പിയുടെ കൂടിക്കാഴ്ച പ്രതിപക്ഷനേതാവിന് വേണ്ടിയെന്നാണ് പി.വി അൻവർ ആരോപിക്കുന്നത്.
എൽ.ഡി.എഫിന്റെ ചെലവിൽ ആർ.എസ്.എസ് നേതാവിനെ ഒരുദ്യോഗസ്ഥനും കണേണ്ടന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുറന്നടിച്ചത്.
വിഷയത്തിൽ പാർട്ടിയെടുക്കുന്ന കർശന നിലപാടിന്റെ സൂചനയാണിത്. ഇടത് എം.എൽ.എ പി.വി അൻവർ ഉന്നയിച്ച കടുത്ത ആരോപണങ്ങളിൽ അന്വേഷണം നേരിടുന്ന എം.ആർ അജിത് കുമാർ, ഒന്നിലധികം ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച സ്ഥിരീകരിക്കപ്പെട്ടേതാടെ വെട്ടിലായിരിക്കുകയാണ്. ഇതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസിനും എ.ഡി.ജി.പിക്കുമെതിരെ ആരോപണമുന്നയിച്ച മുൻ എം.എൽ.എ കാരാട്ട് റസഖ് തനിക്ക് പരാതിയില്ലെന്ന് വ്യക്തമാക്കി മലക്കം മറിയുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |