മലപ്പുറം: എ.ഡി.ജി.പി അജിത് കുമാർ ആർ.എസ്.എസ് നേതാവിനെ കണ്ടത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വേണ്ടിയെന്ന് പി.വി. അൻവർ എം.എൽ.എ. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ മൊഴി നൽകാനായി മലപ്പുറത്ത് എത്തിയപ്പോൾ മാദ്ധ്യമങ്ങളോട് പറഞ്ഞതാണ് ഇക്കാര്യം.
എ.ഡി.ജി.പിയുമായി വി.ഡി സതീശന്ന് ബന്ധമുണ്ട്. പുനർജനി കേസ് ഇ.ഡി അന്വേഷിച്ചാൽ കുടുങ്ങുമെന്ന് സതീശന് അറിയാം. ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കേസിൽ സതീശനെ സഹായിക്കാമെന്ന ധാരണയുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ ബി.ജെ.പിക്ക് അനുകൂലമായ ഫലം ഇതിന് തെളിവാണ്. മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ വോട്ട് കുറഞ്ഞിട്ടില്ല. കോൺഗ്രസിന്റെ വോട്ടാണ് പൂർണ്ണമായും പോയത്. എ.ഡി.ജി.പി അജിത് കുമാർ വി.ഡിസതീശന് വേണ്ടി ആർ.എസ്.എസ് നേതാവുമായി ചർച്ച നടത്തിയ വിവരം തനിക്ക് ലഭിച്ചിരുന്നു. ഇക്കാര്യം അജിത് കുമാറിന്റെ സൈബർ സംഘമറിഞ്ഞു. പിന്നാലെ സതീശൻ തിരക്കിട്ട് വാർത്താസമ്മേളനം നടത്തി കുറ്റം മുഖ്യമന്ത്രി പിണറായിയുടെ മേൽ ചാർത്തി രക്ഷപ്പെടാനാണ് ശ്രമിച്ചത്. പുനർജനി കേസ് ഇ.ഡി അന്വേഷിക്കണമെന്ന് എഴുതിക്കൊടുക്കാൻ സതീശന് ധൈര്യമുണ്ടോ?. പണം തട്ടിപ്പ് നടത്തിയിട്ടില്ലെങ്കിൽ താൻ കളവ് നടത്തിയിട്ടില്ലെന്ന് എഴുതി നൽകണം. ഇ.ഡി അന്വേഷണം ആവശ്യപ്പെടാൻ വി.ഡി. സതീശനെ വെല്ലുവിളിക്കുകയാണെന്നും അൻവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |