ടെൽ അവീവ്: വെസ്റ്റ് ബാങ്കിലെ നബ്ലസിൽ ഇസ്രയേലിനെതിരെ നടന്ന പ്രതിഷേധത്തിനിടെ തുർക്കിഷ് - അമേരിക്കൻ യുവതി വെടിയേറ്റ് കൊല്ലപ്പെട്ടു. ആക്ടിവിസ്റ്റായ അയ്‌സെനീർ എസ്ഗി ഈഗിയാണ് (26) കൊല്ലപ്പെട്ടത്. ഇവരെ ഇസ്രയേൽ സൈന്യം തലയ്ക്ക് വെടിവച്ചു കൊന്നെന്നാണ് ആരോപണം.
യുവതിയുടെ മരണത്തിൽ അസ്വസ്ഥരാണെന്ന് അറിയിച്ച യു.എസ്, ഇസ്രയേലിനോട് അന്വേഷണം ആവശ്യപ്പെട്ടു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാരാണ് മരണത്തിന് ഉത്തരവാദിയെന്ന് തുർക്കി കുറ്റപ്പെടുത്തി. സുതാര്യമായ അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്ര സംഘടനയും ആവശ്യപ്പെട്ടു. സിയാറ്റിലിൽ താമസമാക്കിയ അയ്‌സെനീറിന്റെ കുടുംബം തുർക്കിയിൽ നിന്ന് യു.എസിലേക്ക് കുടിയേറിയവരാണ്. സംഭവം പരിശോധിച്ചുവരികയാണെന്ന് ഇസ്രയേൽ പ്രതികരിച്ചു. തങ്ങളെ ആക്രമിക്കാൻ ശ്രമിച്ച ഒരാൾക്കുനേരെ വെടിവയ്പ് നടത്തിയിരുന്നതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കി.വെസ്റ്റ് ബാങ്കിൽ ഒമ്പതു ദിവസമായി ഇസ്രയേൽ നടത്തിവന്ന റെയ്ഡ് വെള്ളിയാഴ്ച അവസാനിപ്പിച്ചിരുന്നു. റെയ്ഡിനിടെ 36 പാലസ്തീനികൾ കൊല്ലപ്പെട്ടു. ജെനിനിൽ മാത്രം 21 പേർ കൊല്ലപ്പെട്ടു. ഇവരെല്ലാം ഭീകരരാണെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. അതിനിടെ, ഗാസയിൽ 48 മണിക്കൂറിനിടെ 61 പേർ കൊല്ലപ്പെട്ടു. ജബലിയയിൽ അഭയാർത്ഥികൾ തങ്ങിയ സ്കൂൾ പരിസരത്ത് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 8 പേർ മരിച്ചു. ആകെ മരണം 40,930 കടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |