തിരുവനന്തപുരം: വധുവിന്റെ വീട്ടുകാർ സഞ്ചരിച്ച ബസിൽ പാട്ട് വച്ചതിനെച്ചൊല്ലിയുണ്ടായ അടിപിടിയിൽ ദമ്പതികൾക്കും ഒന്നര വയസുള്ള കുഞ്ഞിനും പരിക്ക്. നെടുമങ്ങാട് ഗ്രീൻലാൻഡ് ഓഡിറ്റോറിയത്തിലാണ് വിവാഹസത്‌കാരത്തിനിടെ സംഘർഷമുണ്ടായത്.
നെടുമങ്ങാട് സ്വദേശിയുടെയും കല്ലറ സ്വദേശിനിയുടെയും വിവാഹ സത്‌കാരത്തിനിടെയാണ് അടിപിടിയുണ്ടായത്. ഇന്നലെയായിരുന്നു വിവാഹം. പെൺകുട്ടിയുടെ ബന്ധുക്കൾ സഞ്ചരിച്ച ബസിൽ പാട്ട് വച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷങ്ങൾക്ക് തുടക്കം. ബസിൽ നിന്ന് ആളുകൾ ഓഡിറ്റോറിയത്തിലേയ്ക്ക് ഇറങ്ങുന്നതിനിടെ ഇതുസംബന്ധിച്ച് വാക്കുതർക്കവും അടിപിടിയും ഉണ്ടാവുകയായിരുന്നു.
അൻസി, ഭർത്താവ് ഷെഫീഖ്, ഇവരുടെ ഒന്നര വയസുള്ള മകൻ ഷെഫാൻ എന്നിവരെ ഫൈസൽ, ഷാഹിദ്, റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ ജലാലുദ്ദീൻ, ഷാജി എന്നിവർ ചേർന്ന് ദേഹോപദ്രവം ഏൽപ്പിച്ചെന്നാണ് പരാതി. സംഭവമറിഞ്ഞ് പൊലീസ് എത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥരുടെ നേർക്കും കയ്യേറ്റമുണ്ടായി. സംഭവത്തിൽ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു. ഇതിൽ ഫൈസൽ, ഷാഹിദ് എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മദ്യലഹരിയിലായിരുന്ന പ്രതികൾ ബലപ്രയോഗം നടത്തിയതിന്റെ ഫലമായി എസ് ഐയ്ക്ക് പരിക്കേറ്റു. തുടർന്ന് അദ്ദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കയ്യേറ്റത്തിനിടെ എസ് ഐയുടെ ഫോൺ നിലത്തുവീണ് പൊട്ടുകയും ചെയ്തു. സംഘർഷത്തിൽ പരിക്കേറ്റ അൻസിയെയും മകനെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറിനും തലയ്ക്കും പരിക്കേറ്റതിനാൽ കുഞ്ഞിനെ പിന്നീട് എസ് എ ടി ആശുപത്രിയിലേയ്ക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |