ചെന്നെെ: നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന് (ടി വി കെ) തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. വിജയ് തന്നെയാണ് ഇക്കാര്യം തന്റെ എക്സ് പേജിലൂടെ ജനങ്ങളെ അറിയിച്ചത്. ആദ്യ വാതിൽ തുറന്നുവെന്നും ടിവികെ ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കെന്നും വിജയ് പ്രതികരിച്ചു. പാർട്ടിയുടെ ആദ്യ സമ്മേളനം ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം. എല്ലാവരും സമന്മാരെന്ന തത്വത്തിൽ മുന്നോട്ട് പോകുമെന്ന് വിജയ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ മാസം ചെന്നെെയിൽ നടന്ന പരിപാടിയിൽ വിജയ് തന്റെ പാർട്ടിയുടെ പതാക പുറത്തിറക്കിയിരുന്നു. ചുവപ്പും മഞ്ഞയുമാണ് പതാകയുടെ നിറം. വാകപ്പൂവിന് ഇരുവശത്തായി രണ്ട് ആനകൾ നിൽക്കുന്ന ചിഹ്നവുമുണ്ട്. പാർട്ടി ആസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള 30 അടി ഉയരമുള്ള കൊടിമരത്തിൽ വിജയ് തന്നെയാണ് പതാക ഉയർത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് തമിഴക വെട്രി കഴകമെന്ന പാർട്ടി പ്രഖ്യാപിച്ചത്. സിനിമ ജീവിതം അവസാനിപ്പിക്കുകയാണെന്നും 2026ൽ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു.
പൊലീസ് അനുമതി കിട്ടാത്തതിനാലാണ് ടിവികെയുടെ സംസ്ഥാന സമ്മേളനം വെെകുന്നത്. സമ്മേളനം നടത്താൻ അനുമതി തേടി ടിവികെ നൽകിയ കത്ത് പൊലീസ് പല തരത്തിലുള്ള ചോദ്യങ്ങൾ ഉന്നയിച്ച് തീരുമാനമെടുക്കാതെ വച്ചിരിക്കുകയാണ്. ആദ്യ പൊതുസമ്മേളനം സെപ്‌തംബർ 23ന് വില്ലുപുരം ജില്ലയിൽ നടക്കുമെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നിരവധി പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |