കോഴിക്കോട്: എഡിജിപി എം ആർ അജിത് കുമാറിനെതിരെ വീണ്ടും ആരോപണവുമായി പി വി അൻവർ എംഎൽഎ. റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മാമിയെ (മുഹമ്മദ് ആട്ടൂർ) കാണാതായതിൽ എഡിജിപിക്ക് ഒളിഞ്ഞും തെളിഞ്ഞും പങ്കുണ്ടെന്ന് അൻവർ പറഞ്ഞു. മാമിയുടെ തിരോധാനത്തിൽ അജിത് കുമാറിന്റെ കറുത്ത കെെകൾ ദൃശ്യമാവുന്നുണ്ട്. അതിനുള്ള തെളിവുകളുണ്ടെന്നും മാമിയുടെ കുടുംബത്തെ സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് അൻവർ പറഞ്ഞു.
'മാമിയെ എനിക്ക് നേരത്തെ അറിയില്ല. മാമി ഭൂമിയിൽ നിന്ന് നിഷ്‌കാസനം ചെയ്യപ്പെട്ടതാണോ ക്രിമിനൽ സംഘങ്ങളുടെ കേന്ദ്രങ്ങളിൽ ബന്ദിയാക്കപ്പെട്ടിരിക്കുകയാണോയെന്ന് പറയാൻ കഴിയില്ല. ഒരുപാട് കച്ചവട ബന്ധങ്ങളുള്ള മനുഷ്യൻ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കിൽ ഒരു സൂചനയെങ്കിലും കിട്ടുമല്ലോ. മാമി തിരോധാനത്തിൽ ഒളിഞ്ഞും തെളിഞ്ഞും അജിത് കുമാർ ഇടപെട്ടിട്ടുണ്ട്.
ഇതിന് തെളിവുകളുണ്ട്. ഈ തെളിവുകൾ ക്രെെംബ്രാഞ്ചിന് കെെമാറും. ഇപ്പോൾ രൂപീകരിച്ച ക്രെെംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമുണ്ട്. സിബിഐ വരണമെന്ന ആവശ്യത്തിൽ നിന്ന് തൽക്കാലം പിന്മാറാൻ കുടുംബത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇനി രാഷ്ട്രീയ ആരോപണം ഉണ്ടാവില്ല. ഇനി രാഷ്ട്രീയം പറയാനില്ല. പൊലീസ് അന്വേഷണം മാത്രമാണ് മറുപടി
സുജിത് ദാസും അജിത് കുമാറും ഒരച്ഛന്റെ രണ്ട് മക്കളാണ്. അജിത് കുമാർ ഏട്ടനാണ്. കള്ളനും കള്ളനൊപ്പം കക്കുകയും പിന്നെ ഛർദ്ദിക്കുകയും ചെയ്ത ടീമുകളാണ്. കടലിൽ വീണവൻ രക്ഷിക്കാൻ എല്ലാ വഴിയും നോക്കില്ലേ, ആ വഴി തേടിയാണ് നാല് ദിവസം അജിത് കുമാർ ലീവെടുത്തത്. അജിത് കുമാർ നൊട്ടോറിയസ് ക്രിമിനലാണ്',- അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |