കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പഞ്ചായത്തിൽ ഉണ്ടായിരുന്ന വൈദ്യുതി ഓവർസിയർ ഓഫീസ് അസി. എൻജിനീയറിന്റെ ഓഫീസായി ഉയർത്തണമെന്ന് ഉപഭോക്തക്കളുടെ ആവശ്യം. ഇക്കാര്യം ശക്തമാകുമ്പോഴാണ് ഉണ്ടായിരുന്ന ഓവർസിയർ ഓഫീസും ഇല്ലാതായത്. 1996ൽ അന്നത്തെ എം.എൽ.എ ആനത്തലവട്ടം ആനന്ദന്റെ ശ്രമഫലമായാണ് അഞ്ചുതെങ്ങിൽ കെ.എസ്.ഇ.ബിയുടെ ഓവർസിയർ ഓഫീസ് സ്ഥാപിച്ചത്. പെരുമാതുറ മുതൽ അഞ്ചുതെങ്ങ് നെടുങ്ങണ്ട വരെയായിരുന്നു ഈ ഓവർസിയർ ഓഫീസിന്റെ പ്രവർത്തന പരിധി. അഞ്ചുതെങ്ങ് ജംഗ്ഷന് സമീപം പ്രവർത്തിച്ചിരുന്ന ഓഫീസിൽ വൈദ്യുതി ചാർജ് അടയ്ക്കാനുള്ള സൗകര്യം ലഭിച്ചിരുന്നു.
വൈദ്യുതി തടസം പതിവ്
കടലിനോട് ചേർന്ന് കിടക്കുന്ന അഞ്ചുതെങ്ങ് പഞ്ചായത്തിൽ വൈദ്യുതി തടസം പതിവാണ്. അഞ്ചുതെങ്ങിൽ ഓവർസിയർ ഓഫീസ് ഉണ്ടായിരുന്നതിനാൽ ഈ തടസങ്ങൾ പെട്ടന്ന് പരിഹരിക്കാൻ കഴിയുമായിരുന്നു. ഓഫീസ് പ്രവർത്തനരഹിതമായതോടെ പ്രദേശവാസികൾ ഒന്നും രണ്ടും ബസ്സുകൾ കയറി കടയ്ക്കാവൂർ ഇലക്ട്രിസിറ്റി ഓഫീസിൽ വേണം വൈദ്യുതി ബിൽ അടയ്‌ക്കേണ്ടതും മറ്റ് പരാതികൾ സമർപ്പിക്കേണ്ടതും. ഇതും ഉപഭോക്താക്കൾക്ക് വളരെ ബുദ്ധിമുട്ടായി മാറുന്നു.
നടപടിയുണ്ടാവാതെ
ഈ ഓഫീസ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾനാട്ടുകാരും പഞ്ചായത്ത് അധികൃതരും ബന്ധപ്പെട്ടവർക്ക് നൽകിയെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ അഞ്ചുതെങ്ങിൽ ഓവർസിയർ ഓഫീസ് പുനഃസ്ഥാപിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |