മൂവാറ്റുപുഴ; കുടുംബവീട്ടിലെ കിണറിൽ നിന്ന് വെള്ളം എടുക്കുന്നത് സംബന്ധിച്ചുണ്ടായ തർക്കത്തിനൊടുവിൽ യുവതിയേയും രണ്ട് മക്കളെയും വെട്ടിപരിക്കേല്പിച്ച കേസിൽ ബന്ധുക്കളടക്കം മൂന്ന് പേർക്ക് മൂന്ന് വർഷവും നാല് മാസവും തടവും 28,000 രൂപ വീതം പിഴയും ശിക്ഷ. വാളകം കുന്നയ്ക്കാൽ മണിയിരിക്കൽ ജോയി(72), ഭാര്യ ചിന്നമ്മ(71) ജോയിയുടെ സഹോദരൻ ജോസിന്റെ ഭാര്യ ഗ്രേസി (58) എന്നിവർക്കാണ് മൂവാറ്റുപുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി അതീഖ് റഹ്മാൻ ശിക്ഷ വിധിച്ചത്. 2016 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിചാരണ വേളയിൽ പ്രതിയായിരുന്ന ഗ്രേസിയുടെ ഭർത്താവ് ജോസ് മരണപ്പെട്ടിരുന്നു. കുടുംബ വീട്ടിലെ കിണറ്റിൽ നിന്ന് വെള്ളമെടുത്ത വിഷയത്തിൽ പ്രതികളുടെ ബന്ധു വാളകം മണിയിരിക്കൽ ജോമോൾ, മക്കളായ അതുൽ. ആകാശ് എന്നിവർക്കാണ് പ്രതികളുടെ ആക്രമണത്തിൽ പരിക്കേറ്റത്. പ്രതികൾ എടുത്തുമാറ്റിയ പമ്പ് സെറ്റ് പുനഃസ്ഥാപിക്കാൻ എത്തിയ ജോമോളെയും മക്കളെയും വാക്കത്തി, വടി എന്നിവ ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാബു ജോസഫ് ചാലിൽ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |