പേരാമ്പ്ര: കൂത്താളി രണ്ടേയാറിൽ വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അറസ്റ്റുചെയ്ത മകനെ പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു. രണ്ടേയാറിലെ ചാത്തങ്കോട്ട് ശ്രീധരനെ കഴിഞ്ഞ ദിവസമാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മകൻ ശ്രീലേഷിനെ (39) സംഭവ സ്ഥലത്ത് നിന്ന് പേരാമ്പ്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തിൽ മരണം കൊലപാതകമാണെന്ന നിഗമനത്തിലെത്തുകയായിരുന്നു.
പേരാമ്പ്ര പൊലീസ് ഇൻസ്‌പെക്ടർ പി.ജംഷീറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റുചെയ്തത്. ശ്രീലേഷിനെ തെളിവെടുപ്പിനായി കൂത്താളി രണ്ടേയാറിലേക്ക് കൊണ്ടുപോയി. ശ്രീധരനും മകനും തമ്മിൽ നിരന്തരം വഴക്കിട്ടിരുന്നതായി നാട്ടുകാർ പറഞ്ഞിരുന്നു. ശ്രീധരനും മകനും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. ശ്രീധരന്റെ ഭാര്യ ബന്ധുവീട്ടിൽ ആയിരുന്നു. കിടപ്പുമുറിയിലെ കട്ടിലിലാണ് ശ്രീധരനെ മരിച്ച നിലയിൽ കണ്ടത്. പേരാമ്പ്ര ഡിവൈ.എസ്.പി വി.വി.ലതീഷ്, പൊലീസ് ഇൻസ്‌പെക്ടർ പി.ജംഷീർ, കെ.ഷമീർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |