കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ദ്വീപ് പഞ്ചായത്തായ വേമ്പനാട് കായലിലെ പെരുമ്പളത്ത് ബെന്തിപ്പൂക്കളുടെ വസന്തം തീർത്തിരിക്കുകയാണ് വാത്തികാട്ട് വീട്ടിൽ വി.പി. ബെന്നൻ. പതിറ്റാണ്ടുകളായി പലചരക്ക് കച്ചവടം നടത്തുന്ന ബെന്നൻ സമയം കണ്ടെത്തി പത്തുവർഷത്തോളം പച്ചക്കറി കൃഷി ചെയ്തിരുന്നു. അതിൽ വിജയഗാഥ രചിച്ചെങ്കിലും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നിസഹകരണത്തിൽ മനസ് മടുത്ത് ഇത്തവണ ഓണത്തിന് പച്ചക്കറിക്ക് പകരം 30 സെന്റിൽ ബന്തിപ്പൂച്ചെടികൾ നട്ടു. പച്ചക്കറിയിൽ നിന്ന് പൂക്കൃഷിയിലേക്കുള്ള മാറ്റം ബെന്നനെ നിരാശപ്പെടുത്തിയില്ല. കാലം തെറ്റി വന്ന മഴ പലപ്പോഴും പ്രതിസന്ധിയുണ്ടാക്കിയെങ്കിലും തോട്ടത്തിലെ നാല് നിറങ്ങളിലുള്ള ബന്തിക്കൂട്ടം ആ ആശങ്കയെല്ലാം കാറ്റിൽപ്പറത്തി.
30 സെന്റിൽ 1300 ചുവട് ബന്തി
പെരുമ്പളത്തു തന്നെയുള്ള ശ്രീകുമാറിന്റെ ശ്രീ അഗ്രി ഫാമിൽ നിന്നാണ് വിത്ത് ശേഖരിച്ചത്. 1300 ഓളംചുവട് ബന്തി നട്ടു. 70 ദിവസം ശ്രദ്ധയോടെ പരിപാലിച്ചപ്പോൾ എല്ലാം പൂത്തുലഞ്ഞു. രാവിലെ അഞ്ച് മണിക്കെഴുന്നേറ്റ് വെള്ളവും രാസവളവും കോഴി വളവും ഇടും. ഒരു പൂവിന് 70 ഗ്രാമോളം തൂക്കം വരും. അതിനാൽ ശിഖരങ്ങൾ വളഞ്ഞു തൂങ്ങുകയാണ്. കിലോയ്ക്ക് 150 രൂപയ്ക്കാണ് വില്പന. എല്ലാ നിറത്തിനും ഒരേ വില.
കൃഷിക്ക് പുറമെ വെജിറ്റബിൾ കാർവിംഗിലും ശ്രദ്ധേയനാണ്. കഴിഞ്ഞ മാസം അയൽവാസിയുടെ മകന്റെ വിവാഹ റിസപ്ഷന് ചുവന്ന മുളകിൽ തീർത്ത കൂറ്റൻ ഡ്രാഗൺ മാദ്ധ്യമ ശ്രദ്ധ നേടിയിരുന്നു. ബെന്നൻ പഠിച്ച പെരുമ്പളം സ്കൂളിലെ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഈ കലാസൃഷ്ടി പ്രദർശിപ്പിച്ചിരുന്നു. നാട്ടിലെ പലചടങ്ങുകൾക്കും പച്ചക്കറികളുപയോഗിച്ച് കലാസൃഷ്ടികൾ നടത്താറുണ്ട് ബെന്നൻ. ബെന്നന്റെ കൃഷിക്ക് ഭാര്യ രശ്മിയും മകൾ ശിഖയും പൂർണപിന്തുണയുമായി ഒപ്പമുണ്ട്. കൃഷി ഭവൻ ഉദ്യോഗസ്ഥർ മുഖം തിരിച്ചെങ്കിലും പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.വി. ആശ ബെന്നന്റെ കൃഷിക്ക് മുഴുവൻ പിന്തുണയും നൽകുന്നുണ്ട്.
70 ദിവസം കൊണ്ട് പൂത്തുലഞ്ഞു
70 ഗ്രാം ഒരു പൂവിന്റെ തൂക്കം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |