തിരുവനന്തപുരം: വർഷങ്ങൾക്ക് മുൻപ് തലസ്ഥാനത്തെയാകെ ഒരാഴ്ചയോളം നിശ്ചലമാക്കിയ പൈപ്പ് പൊട്ടലായിരുന്നു കുമ്മി പമ്പ് ഹൗസിന് സമീപമുണ്ടായത്.അന്ന് സെക്രട്ടേറിയറ്റും സർക്കാർ ഓഫീസുകളും പൂട്ടിയിട്ടു. തുടർന്ന് 1997ൽ തമിഴ്നാട്ടിൽ ജലവകുപ്പിന്റെ സീനിയർ എൻജിനിയറായ ദൈവമണിയുടെ നേതൃത്വത്തിൽ കമ്മിഷൻ രൂപീകരിച്ചു.നഗരത്തിൽ പലയിടങ്ങളിലും രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുമ്പോഴും സേഫ്‌സോണിലായിരുന്ന പി.ടി.പി നഗർ,മണികണ്‌ഠേശ്വരം,നെട്ടയം തുടങ്ങിയ സ്ഥലങ്ങളിൽ പോലും കഴിഞ്ഞ നാല് ദിവസം വെള്ളം മുട്ടിയ സാഹചര്യത്തിൽ വിസ്മൃതിയിലായ ദൈവമണി കമ്മിഷന്റെ ശുപാർശകൾക്ക് പ്രസക്തിയേറുന്നു.
തിരുവനന്തപുരം-നാഗർകോവിൽ റെയിൽവേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പണി നടക്കുന്നത് തങ്ങളെ എങ്ങനെയാണ് ബാധിക്കുന്നതെന്നാണ് നഗരത്തിലെ ജനങ്ങൾ ചോദിക്കുന്നത്. വിതരണശൃംഖലയിലെ വാൽവുകളിൽ പലതും പ്രവർത്തനക്ഷമമല്ലാത്തതും വാൽവുകൾ എവിടെയൊക്കെയാണെന്ന കൃത്യമായ ധാരണയില്ലാത്തതുമാണ് പ്രശ്നത്തിന്റെ പ്രധാന കാരണം.ട്രാൻസ്മിഷൻ ലൈനുകളും വാൽവുകളും ഇടയ്ക്കിടയ്ക്ക് അറ്റകുറ്റപ്പണി നടത്തണമെന്ന് ദൈവമണി കമ്മിഷൻ ശുപാർശ ചെയ്തിരുന്നു.ട്രാൻസ്മിഷൻ ലൈനുകൾ പരിശോധിക്കാൻ പേരൂർക്കട ആസ്ഥാനമായി സ്‌പെഷ്യൽ സർവെയ്ലൻസ് യൂണിറ്റും(എസ്.എസ്.യു) ആരംഭിച്ചിരുന്നു.ഇതിന്റെ പ്രവർത്തനം കാര്യക്ഷമമല്ല.
എവിടെ സി.എം.ജി?
ദൈവമണി കമ്മിഷന്റെ നിർദ്ദേശങ്ങൾക്കുശേഷം തിരുവനന്തപുരം സൂപ്രണ്ടിംഗ് എൻജിനിയർ ചെയർമാനായി അടിയന്തരഘട്ടങ്ങളെ നേരിടാൻ ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് ആരംഭിച്ചിരുന്നു.തിരുവനന്തപുരത്തെ എല്ലാ ഡിവിഷനുകളിലെയും എക്സിക്യുട്ടീവ് എൻജിനിയർമാർ(ഇ.ഇ) ഇതിൽ അംഗങ്ങളായിരുന്നു.വെള്ളം വിതരണം ചെയ്യുന്നതിന് മുതൽ പണിക്കുള്ള സാമഗ്രികൾ എത്തിക്കുന്നതിന് വരെ ഓരോ ഇ.ഇമാരെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും സി.എം.ജിയും പ്രവർത്തനരഹിതമാണ്.
റെയിൽവേ പണിയുടെ ഭാഗമായി നേമം ഭാഗത്തേക്കുള്ള 500 എം.എം ലൈനും പി.ടി.പി നഗറിൽ നിന്നുള്ള 700 എം.എം പൈപ്പ്‌ലൈനും മാറ്റി സ്ഥാപിക്കുകയാണ്.അതിനാൽ പി.ടി.പി നഗർ ടാങ്കിലെ ഔട്ട്‌ലെറ്റ് അടച്ചു. അരുവിക്കരയിലെ വെള്ളം ഇവിടെയെത്തുമ്പോൾ ശേഖരിക്കാനാവില്ല. അതിനാൽ അരുവിക്കരയിലെ 75 എം.എൽ.ഡി പ്ലാന്റ് ഷട്ട്ഡൗൺ ചെയ്തു.ഇതിനൊപ്പം പി.ടി.പിയിലെ പ്ലാന്റിന്റെ തുടക്കത്തിൽ തന്നെ വാൽവുമടച്ചു.നേമം ഭാഗത്ത് തന്നെ പ്രശ്നം തീർത്തിരുന്നെങ്കിൽ അരുവിക്കര,പി.ടി.പി പ്ലാന്റുകൾ അടയ്‌ക്കേണ്ടി വരില്ലായിരുന്നു.
ജലവിതരണ ശൃംഖലയിലെ വാൽവുകൾ ഇടയ്ക്കിടയ്ക്ക് അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കണം.വിതരണം തടസപ്പെടുന്നത് സംബന്ധിച്ച അറിയിപ്പുകൾ കൃത്യമായി നൽകണം.
കൃഷ്ണകുമാർ,മുൻ ചീഫ് എൻജിനിയർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |