അഭിമുഖത്തിനിടെ അനാവശ്യ ചോദ്യം ചോദിച്ച അവതാരകന് ചുട്ട മറുപടി നൽകി നടിയും ബിഗ് ബോസ് താരവുമായ മനീഷ. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് അവതാരകൻ ഇതേക്കുറിച്ച് ചോദിച്ചത്. അവസരത്തിനും നിലനിൽപ്പിനും മുട്ടിയ വാതിലുകൾ തുറന്നുകൊടുത്തിട്ടുണ്ടോ എന്നാണ് അവതാരകൻ ചോദിച്ചത്. നടി മനീഷയോട് ഇത്തരത്തിലുള്ള ചോദ്യം ചോദിച്ചതിന് സോഷ്യൽ മീഡിയയിലും വിമർശനം കടുക്കുകയാണ്. ചുട്ട മറുപടി നൽകിയ മനീഷയ്ക്ക് പ്രേക്ഷകർ കയ്യടിയും നൽകുന്നുണ്ട്.
'പല പരിപാടിയിലും പങ്കെടുത്ത് നല്ല ബന്ധങ്ങൾ ചേച്ചിക്കുണ്ട്. എന്നിരുന്നാലും കാലഘട്ടത്തിന് അനുസരിച്ച് ചേച്ചിക്ക് സഞ്ചരിക്കാൻ പറ്റാത്തത് കൊണ്ട് പല അവസരങ്ങളും നഷ്ടമായിട്ടുണ്ട്. മുട്ടുന്ന കാലഘട്ടമായത് കൊണ്ട് കണക്ട് ചെയ്ത് ചോദിക്കുകയാണ്, ചേച്ചിയുടെ നിലനിൽപിനും അവസരത്തിനും വേണ്ടി മുട്ടിയ വാതിലുകൾ തുറന്നുകൊടുത്തിട്ടുണ്ടോ?', ഇങ്ങനെയാണ് അവതാരകൻ അഭിമുഖത്തിനിടെ ചോദിച്ചത്. ഈ ചോദ്യത്തിന് നിന്റെ അമ്മയോടും പെങ്ങളോടും പോയി ചോദിക്ക് എന്നായിരുന്നു മനീഷ മറുപടി നൽകിയത്.
മനീഷ അവതാരകന് നൽകിയ മറുപടി ഇങ്ങനെ
'എന്ത് ഊള ചോദ്യങ്ങളാടോ താൻ ചോദിക്കുന്നത്. മുട്ടുമ്പോൾ തുറക്കുന്നത്, ആണോ എക്സ്പീരിയൻസ്. ഈ അഭിമുഖം എന്ന് പറഞ്ഞ്, ഇവിടെ മാദ്ധ്യമങ്ങൾ കൊണ്ടിരിത്തുമ്പോൾ, എല്ലാവരെയും ഞാൻ പറയുന്നില്ല, നിനക്ക് അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നത് കുറച്ച് കൂടുതലാണ്. വൈറലാവാൻ ആണോ എന്നറിയില്ല. പക്ഷേ, എന്നെപ്പോലുള്ള ആർട്ടിസ്റ്റിന്റെ അടുത്ത് ഇത്തരം ചോദ്യങ്ങൾ ചോദിക്കാൻ പാടില്ല.
നിന്റെ വീട്ടിൽ പോയ് അമ്മയോടും പെങ്ങളോടും ചോദിക്കുമോ. അമ്മയും പെങ്ങളും എന്ന് പറഞ്ഞപ്പോൾ നിനക്ക് കൊണ്ടു. അവരാരും സിനിമയിൽ ഇല്ല എന്നൊരു മറ നീ വച്ചു. നിങ്ങൾ ആളും തരവും നോക്കി ചോദ്യങ്ങൾ ചോദിക്കൂ. ഇങ്ങനെ ഒരു ചോദ്യത്തിന് പ്രസക്തി തന്നെ എന്താണ്. അവസരത്തിന് വേണ്ടി വാതിൽ തുറന്നുകൊടുത്തിട്ടുണ്ടോ എന്ന് ഒരു സ്ത്രീയുടെ അടുത്ത് എങ്ങനെ ചോദിക്കാൻ തോന്നി'
അതേസമയം, സോഷ്യൽ മീഡിയയിൽ അടക്കം അവതാരകനെതിരെ രൂക്ഷ വിമർശനം ഉയരുന്നുണ്ട്. കണ്ടന്റിന് വേണ്ടി എന്ത് തെമ്മാടിത്തരവും ചോദിക്കുന്നവരാണ് ഇയാളെ പോലെയുള്ളവർ എന്നാണ് പലരും കുറിക്കുന്നത്. ഇയാളെ പോലെയുള്ളവരെയൊക്കെ അവതാരകനായി എത്തിയാൽ ഒരു താരങ്ങളും അഭിമുഖത്തിൽ പങ്കെടുക്കരുതെന്നും ചിലർ പറയുന്നുണ്ട്. മനീഷ നൽകുന്ന മറുപടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |