മലപ്പുറം: വിവാഹ ആവശ്യത്തിന് പണം സംഘടിപ്പിക്കാനായി പാലക്കാട്ടേക്ക് പോയ പ്രതിശ്രുത വരൻ അവിടെ നിന്ന് കോയമ്പത്തൂരിലേക്ക് പോയതായി സൂചന. ഇയാൾ കോയമ്പത്തൂർ ബസിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കോയമ്പത്തൂരിൽ അന്വേഷണം നടത്തുകയാണ്. മങ്കട പള്ളിപ്പുറം കുറന്തല വീട്ടിൽ ശശീന്ദ്രന്റെ മകൻ വിഷ്ണുജിത്തിനെയാണ് (30) അഞ്ച് ദിവസം മുൻപ് കാണാതായത്. മഞ്ചേരി സ്വദേശിനിയായ യുവതിയുമായി ഇന്നലെയാണ് വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്.
വിവാഹാവശ്യത്തിനായുള്ള പണം സംഘടിപ്പിക്കുന്നതിനായി ഈ മാസം നാലിന് വിഷ്ണുജിത്ത് പാലക്കാട്ടെ സുഹൃത്തുക്കളുടെ അടുത്തേയ്ക്ക് പോയിരുന്നു. വൈകിട്ട് എട്ടുമണിയോടെ വീട്ടിൽ വിളിക്കുകയും അന്ന് ബന്ധുവീട്ടിൽ താമസിക്കുമെന്നും അടുത്ത ദിവസം മടങ്ങി വരുമെന്നും അറിയിച്ചു. പിന്നീട് മൊബൈൽ ഫോൺ സ്വിച്ച് ഓഫായി. പാലക്കാട്ടുള്ള സുഹൃത്തിനെ ബന്ധപ്പെട്ടപ്പോൾ ഒരുലക്ഷം രൂപ കൊടുത്തുവെന്നും പണവുമായി പോയെന്നും അറിയിച്ചു.
കഞ്ചിക്കോടാണ് മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷൻ കാണിക്കുന്നത്. മകനെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ നൽകിയ പരാതിയിൽ മലപ്പുറം പൊലീസാണ് അന്വേഷണം നടത്തുന്നത്. വിഷ്ണുജിത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകളല്ലാതെ മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. നാല് വർഷമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയുമായാണ് വിവാഹം ഉറപ്പിച്ചിരുന്നത്. പാലക്കാട് കഞ്ചിക്കോട് ഐസ് കമ്പനിയിലെ ജീവനക്കാരനാണ് വിഷ്ണുജിത്ത്.
ബുധനാഴ്ച സഹോദരിയുടെ അക്കൗണ്ടിലേക്ക് 10,000 രൂപ അയച്ചിട്ടുണ്ട്. അതിനാൽ കാണാതാകുന്ന സമയത്ത് വിഷ്ണുജിത്തിന്റെ കെെവശം പണമുണ്ടായിരുന്നുവെന്നാണ് പൊലീസ് നിഗമനം. രണ്ടംഗ സംഘത്തെയാണ് അന്വേഷണത്തിനായി എസ് പി എസ് ശശിധരൻ നിയോഗിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |